Tuesday, July 31, 2018

അധ്യായം 18-33-ാം ശ്ലോകം
ധൃതി എന്നാല്‍ ധൈര്യം-എന്നര്‍ത്ഥം. മനസ്സിനെ സ്ഥിരീകരിച്ച് നിര്‍ത്താനുള്ള കഴിവ്- ആ കഴിവ് സാത്ത്വിക- രാജസ- താമസഗുണങ്ങളാല്‍ മൂടപ്പെട്ട് മൂന്നുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. സാത്ത്വികയായ ധൃതിയുടെ ലക്ഷണം പറയുന്നു.
മനസ്സിനെ പരമതത്ത്വമായ ഭഗവാനില്‍ മാത്രം നിര്‍ത്തുക എന്നതാണ്, യോഗം, ധ്യാനയോഗം, കര്‍മയോഗം, ജ്ഞാനയോഗം എന്നിവ ആ പ്രവൃത്തിയുടെ ഉപകരണങ്ങളാണ്. ലക്ഷ്യത്തില്‍നിന്ന്, ഒരിക്കലും ഒരു കാരണത്താലും ചലനം സംഭവിക്കാതെ, സ്ഥിരീകരിച്ചുനി
ര്‍ത്തുന്ന ധൃതിയെ 'അവ്യഭിചാരിണി' യെന്ന് പറയുന്നു. മനസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍, പ്രവൃത്തികള്‍ ഇവയെ ഭൗതികസുഖപ്രദമായ വിഷയങ്ങളിലേക്ക് ഓടിപ്പോകാതെ, ഭഗവാനില്‍ തന്നെ സ്ഥിരീകരിച്ചു നിര്‍ത്തുന്ന ധൃതി-എന്ന ശക്തിയെ- കഴിവിനെ-സാത്ത്വികയായ ധൃതി എന്നുപറയുന്നു.
ഈ സത്ത്വഗുണ സമ്പൂര്‍ണമായ ധൃതി ശാസ്ത്രവിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. മനസ്സിനെ ഭഗവാനെ ധ്യാനിക്കുക മുതലായ യോഗങ്ങളിലൂടെ ഭഗവാനില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നു. 
രജോഗുണ പൂര്‍ണമായ ധൃതിയുടെ  ലക്ഷണം പറയുന്നു
അധ്യായം-18-34-ാം ശ്ലോകം
ഫലാകാംക്ഷീ- ഈ ഭൗതികലോകത്തിലെ സുഖവും സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളിലെ സുഖവും എനിക്ക് അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷനെയാണ് 'ഫലകാംക്ഷീ'- എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രസംഗേന- ആ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ ധര്‍മശാസ്ത്രം അറിഞ്ഞു അതില്‍ പ്രതിപാദിച്ച രീതിയില്‍ തന്നെ ജീവിതം നയിക്കാന്‍ ഉത്സാഹത്തോടെ പ്രയത്‌നിക്കും. യജ്ഞം മുതലായ കര്‍മങ്ങള്‍ അനുഷ്ഠിക്കുവാന്‍ വേണ്ടി ധര്‍മാനുസൃതമായി തന്നെ അര്‍ത്ഥം സമ്പാദിക്കാന്‍ സന്തോഷത്തോടെ പ്രവര്‍ത്തിക്കും. ഭൗതികസുഖങ്ങള്‍ വേണമെന്ന ആഗ്രഹം കാരണം അഭിലാഷങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
ധര്‍മാര്‍ത്ഥ കാമാന്‍ ധാരയതേ- ഇങ്ങനെ ധര്‍മം, അര്‍ത്ഥം, കാമം ഈ മൂന്ന് പുരുഷാര്‍ത്ഥങ്ങളെയാണ് നേടിയെടുക്കേണ്ടത് എന്ന് മനസ്സില്‍ ഉറപ്പിച്ചുനിര്‍ത്തും. ധ്യാനയോഗമോ കര്‍മയോഗമോ ഭക്തിയോഗമോ അനുഷ്ഠിച്ച പരമപദത്തില്‍ എത്തിച്ചേരണമെന്ന ആശയത്തിലേക്ക് പോകാന്‍ മനസ്സിനെ സമ്മതിക്കുകയേ ഇല്ല. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധൃതിയാണ് രാജസിയായ ധൃതി എന്ന് മനസ്സിലാക്കണം.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment