Tuesday, July 31, 2018

സത്യാനന്ദ സുധ-15
Tuesday 31 July 2018 2:53 am IST
ഭാരതീയ പാരമ്പര്യത്തില്‍ ഏതൊരു കര്‍മവുമാരംഭിക്കുന്നത് ഗണപതി സ്തുതിയോടെയാണ്. വിഘ്‌ന നിവാരണമാണ് അതിന്റെ ഫലം. ഈ ശിഷ്ടാചാരം മുന്‍നിര്‍ത്തി അദ്ധ്യാത്മ രാമായണാദിയില്‍ എഴുത്തച്ഛന്റെ കിളിമകള്‍ ഗണനായകനെ സ്തുതിച്ചുകൊണ്ട് രാമായണകഥാഗാനം ആരംഭിച്ചിരിക്കുന്നു. അതിനാല്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഭക്തജനങ്ങളും അതേ മാര്‍ഗം തന്നെ പിന്തുടരുന്നു. എന്റെ പ്രാരബ്ധവിഘ്‌നങ്ങളെ ദൂരീകരിക്കേണമേ എന്നാണ് ആ പ്രാര്‍ത്ഥന. അകാരണമല്ലിത്. ഈ പ്രപഞ്ചം ഭഗവാന്റെ ലീലയാണെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ എല്ലാം സംഭവിക്കുന്നത് ഭഗവാന്റെ ഇച്ഛാനുരൂപമായാണ്. ജീവജാലങ്ങള്‍ എത്ര പ്രഗല്‍ഭന്മാരായിരിക്കിലും ഈശ്വരേച്ഛയെ ലംഘിക്കാന്‍ ശക്തരാവുകയില്ല. അതിനാല്‍ ഏതൊരു കര്‍മവും സഫലമായിത്തീരണമെങ്കില്‍ ഭഗവദ്ദനുഗ്രഹം കൂടിയേ പറ്റൂ. അതാണ് ഇത്തരമൊരു ശിഷ്ടാചാരം ഭാരതത്തില്‍ ഉണ്ടായിത്തീരുവാന്‍ കാരണം. ഭാരതീയ സംസ്‌കാരം ചെന്നുചേര്‍ന്ന ഇടങ്ങളിലെല്ലാം ഈ വിധമായ സമീപനം കാണാനാകും.
ആഗ്രഹം എത്ര പ്രബലമായിരുന്നാലും അതുകൊണ്ടുമാത്രം ഏതൊരു കര്‍മവും പൂര്‍ണതയിലും വിജയത്തിലും എത്തിക്കാനാവുകയില്ല. അതിനുവേണ്ടുന്ന യോഗ്യത കൂടി പ്രയത്‌നിക്കുന്ന ആള്‍ക്കുണ്ടാകണം. അല്ലെങ്കില്‍ തടസങ്ങള്‍ ഒന്നിനുപുറകേ മറ്റൊന്നായി വന്നുപെട്ട് കാര്യങ്ങള്‍ മുടങ്ങിപ്പോകും. വിഘ്‌നങ്ങള്‍ പല പ്രകാരത്തിലുണ്ടാകാം. അവയെ മൂന്നായി വര്‍ഗീകരിച്ചു കാണാന്‍ പറ്റും. അധിഭൂതം, അധിദൈവം, അദ്ധ്യാത്മം എന്നതാണ് പ്രസ്തുത വര്‍ഗീകരണം. മനുഷ്യര്‍ മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ മുഖാന്തിരം സംഭവിക്കുന്ന കാര്യവിഘ്‌നങ്ങളെയാണ് അധിഭൂതമെന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ചൂതില്‍ തോറ്റ,് വ്യവസ്ഥ പ്രകാരം കാട്ടില്‍ വസിക്കുന്ന പാണ്ഡവര്‍ തങ്ങളെ ആശ്രയിച്ച് കാട്ടില്‍ പാര്‍ക്കുന്ന സജ്ജനങ്ങള്‍ക്കു ഭക്ഷണം കൊടുക്കാനായി സൂര്യദേവനെ തപസ്സുചെയ്തു പ്രീ
തിപ്പെടുത്തി അക്ഷയ പാത്രം നേടി സുഖമായി വസിക്കുന്ന കാലം. അവരെ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ദുര്യോധനന്‍, ക്ഷിപ്രകോപി
യായ ദുര്‍വാസാവിനെയും പതിനായിരം ശിഷ്യന്മാരെയും ധര്‍മപുത്രന്മാരുടെ അടുത്തേക്ക് അയച്ച് സൃഷ്ടിക്കുന്ന വിഘ്‌നങ്ങള്‍ അതിനുദാഹരണമാകുന്നു. ഇടി, മിന്നല്‍, പേമാരി, കൊടുങ്കാറ്റ് മുതലായ പ്രകൃതിശക്തികളാലുണ്ടാകുന്നവ ആധിദൈവികമായ വിഘ്‌നങ്ങളില്‍പ്പെടും. സ്വന്തം ശരീരമനോബുദ്ധികളുടെ അച്ചടക്കമില്ലായ്മ കൊണ്ടോ ഇതര ദൗര്‍ബല്യങ്ങള്‍കൊണ്ടോ വന്നുഭവിക്കുന്നവ അദ്ധ്യാത്മമായ വിഘ്‌നങ്ങളുമാകുന്നു. സുഖം കൊതിക്കുന്ന ധൃതരാഷ്ട്രര്‍ക്ക് സുഖകാരണമായ ധര്‍മത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അതു പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയത് ഇതിനുദാഹരണമാകുന്നു. പുത്രവാത്സല്യമെന്ന മാനസിക ദൗര്‍ബല്യമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്ന വിഘ്‌നഹേതു. 
ഇവയോട് ഓരോരുത്തരും പ്രതികരിക്കുന്നതെങ്ങനെയെന്നും നോക്കണം. തന്റെ ആഗ്രഹങ്ങള്‍ക്കും കര്‍മപദ്ധതികള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നത് മറ്റു മനുഷ്യരോ പക്ഷി മൃഗാദികളോ പ്രകൃതിക്ഷോഭങ്ങളോ ഒക്കെയാണെന്നു ധരിച്ച് അവയോട് കയര്‍ക്കുന്നതാണു സ്വാഭാവികമായ മനുഷ്യ പ്രതികരണം. ആരും സ്വന്തം തെറ്റുകുറ്റങ്ങളെ തിരിച്ചറിയാറില്ല. അഥവാ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍പ്പോലും അവരോടും കോപി
ക്കുകയല്ലാതെ ആത്മപരിശോധനയ്ക്കു തയ്യാറാകില്ല. എന്നാല്‍ അധിഭൂതം അധിദൈവം അദ്ധ്യാത്മം എന്നീ മൂന്നുതരം വിഘ്‌നങ്ങള്‍ക്കും അടിസ്ഥാനം വേറെയാരുമല്ല അവനവന്‍ തന്നെയാണെന്നു നിഷ്പക്ഷമായി പരിശോധിച്ചാല്‍ മനസ്സിലാകും. ഓരോ വ്യക്തിയും നേടിവച്ചിരിക്കുന്ന നല്ലതും ചീത്തയുമായ കര്‍മവാസനകള്‍ അസംഖ്യമുണ്ട്. അനേകം ജന്മം കൊണ്ടു സംഭരിച്ച തെറ്റായ വാസനകളാണ് വിഘ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നത്. ഇതിന്റെയെല്ലാം ശാസ്ത്രയുക്തി രാമായണത്തിലൂടെ മുന്നേറുമ്പോള്‍ വ്യക്തമായി തെളിഞ്ഞുകൊള്ളും. ഏതൊരു വ്യക്തിയുടെയും ഇന്നത്തെ അവസ്ഥയ്ക്കു കാരണം അയാള്‍ മുന്‍പു ചെയ്തിട്ടുള്ള കര്‍മങ്ങളാണ്. നാളയെ രൂപപ്പെടുത്തുന്നത് ഇന്നു ചെയ്യുന്ന കര്‍മവുമാകുന്നു. അതിനാല്‍ ശാസ്ത്രനി
ര്‍ദ്ദിഷ്ടമായ മാര്‍ഗത്തിലൂടെ ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുകയാണ് ഭാവിയെ ശ്രേയസ്‌കരമാക്കാനുള്ള മാര്‍ഗം; വിഘ്‌ന നിവാരണത്തിനുള്ള മാര്‍ഗം. അതിനാല്‍ മാറ്റമുണ്ടാകേണ്ടതു ഭൗതിക ലോകത്തല്ല; അവരവരുടെ ഉള്ളിലാണ്. അതാണ് വിഘ്‌ന നിവാരണത്തിനായുള്ള ഈ പ്രാര്‍ത്ഥന. ഉള്ളുരുകി വേണം അതു നിര്‍വഹിക്കാന്‍. എന്തെന്നാല്‍ അതിന്റെ ശബ്ദം സ്വന്തം ഉള്ളില്‍ കേള്‍ക്കപ്പെടണം.
പ്രാര്‍ത്ഥനകൊണ്ടും ഗണപതിഹോമാദികള്‍ കൊണ്ടും വിഘ്‌നം നീങ്ങുമോ എന്നു ചോദിച്ചേക്കാം. നീങ്ങും എന്നതു തന്നെയാണ് വ്യക്തമായ ഉത്തരം. ഉത്തമമായ ജപഹോമാദികള്‍ അവരവരുടെ ഉള്ളില്‍ വലുതായ അനുകൂലമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വിഘ്‌നങ്ങളെ ക്ഷണിച്ചുവരുത്തുന്ന സ്വന്തം വാസനാ ദോഷങ്ങളെ യഥായോഗ്യം അകറ്റുന്നു. അതാകട്ടെ സമസ്ത ചരാചരങ്ങളിലും ജഡപ്രകൃതിയിലും അനുരൂപമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു വിഘ്‌നനിവാരണം നിര്‍വഹിക്കുന്നു. ഇതാണ് പൂജയുടെ പ്രവര്‍ത്തന രീതി. ലോകം ഭഗവാന്റെ ലീലയാണ് അവനാകട്ടെ കരുണാമയനു
മാണ് പിന്നെന്തുകൊണ്ടാണ് വിഘ്‌നങ്ങള്‍ എന്ന ചോദ്യത്തിനുത്തരവും ഇതിലുണ്ട്. ഭഗവാന്റെ പ്രപഞ്ച സൃഷ്ടി സങ്കല്‍പ്പത്താലാരംഭിച്ച കര്‍മചലനം അനന്തമായി അനവരതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെന്ന് അറിയാമല്ലൊ. അതാണ് ശക്തിപ്രവാഹമെന്നു നേരത്തേ വിശദീകരിച്ചിട്ടുള്ളത്. അവന്റെ ശക്തിയാണു സൃഷ്ടിസ്ഥിതി സംഹാര സ്വരൂപമായ ലോകനാടകം നടത്തുന്നത്. അതാണ് ഭഗവാന്റെ ലീലയെന്നു പറയപ്പെടുന്നതും. സകലകര്‍മങ്ങളും സംഭവിക്കുന്നത് അതിന്റെ പ്രഭാവത്താലാണ്. അവിടെ വിഘ്‌നങ്ങള്‍ക്ക് യാതൊരിടവുമില്ല. ഭഗവാന്റെ കാരുണ്യം സൂര്യകിരണങ്ങള്‍ പോലെ ഏവരിലും ഒരേപ്രകാരം വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍  ഓരോ വ്യക്തിയുടെയും കര്‍മവാസനകള്‍ പ്രശ്‌നങ്ങളുണ്ടാക്കിത്തീര്‍ക്കുന്നു. ദുഷ്ടമായ കര്‍മവാസനകളാണ് ഭഗവാന്റെ ആനുകൂല്യത്തെ പ്രതിബന്ധിച്ച് ജീവിതത്തില്‍ വിഘ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ദോഷം ഭഗവാന്റേതല്ല; അവരവരുടേതാണ്. അതിനു മറ്റാരെയും പഴിക്കണ്ട. അവരവരുടെ ഉള്ളില്‍ ശുദ്ധീകരണം നടത്തിയാല്‍ മതി. അതിനുവേണ്ടിയാണ് ഗണപതി പൂജ.
രാമായണ പാരായണ ശ്രവണം മുതലായ സത്കര്‍മമേതു ചെയ്താലും ഗണപതി ഭഗവാന്‍ കനിയും. വിഘ്‌നങ്ങള്‍ നിവാരണം ചെയ്യും. അനുഷ്ഠിക്കുന്നവരുടെ ഹൃദയത്തെ സത്പ്രവൃത്തികള്‍ ശുദ്ധീകരിക്കുന്നു. ലോകത്തെയും അതു വിമലീകരിക്കുന്നു. അതാണ് നന്മ ചെയ്യുന്നിടത്തെല്ലാം ഭഗവദ് അനുഗ്രഹം  അനുഭവപ്പെടുന്നതിന്റെ കാരണം. സല്‍കര്‍മങ്ങള്‍ നടക്കുന്നിടത്ത് ദേവന്മാരുടെ സാന്നിദ്ധ്യമുണ്ടാകും. ഋഷിവര്യന്മാരുടെ സാന്നിദ്ധ്യവുമുണ്ടാകും. സൂക്ഷ്മ ശരീരികളായി അവര്‍ അവിടെ നിറഞ്ഞുനില്‍ക്കും. അവരുടെ സന്നിധിയില്‍ വിഘ്‌നങ്ങള്‍ക്കു കടന്നുവരുക സാധ്യമല്ല. അതോടൊപ്പം ഗണേശപൂജ കൂടി ചേര്‍ന്നാലോ കര്‍മവിജയം സുനിശ്ചിതമായിത്തീരുന്നു. ലോക നന്മയ്ക്കായി ചെയ്യപ്പെടുന്ന കര്‍മങ്ങളെ ഫലപ്രാപ്തിയിലെത്തിക്കേണ്ടത് തന്റെ ചുമതലയായി ഭഗവാനെ കാണുന്നു. അതാണ് ഗണപതിയെ പൂജിക്കുന്നതിന്റെ രഹസ്യം.
തുടരും
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

No comments:

Post a Comment