Friday, July 27, 2018

അധ്യായം (18-28-ാം ശ്ലോകം)
(1) അയുക്തഃ
എപ്പോഴും ഭൗതിക വിഷയസുഖത്തിനുവേണ്ടി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്, മനസ്സു ചാഞ്ചാടിക്കൊണ്ടു ശ്രദ്ധ കര്‍മത്തില്‍ കേന്ദ്രീകരിക്കുകയില്ല. അതിനാല്‍ അനുഷ്ഠാന ക്രമങ്ങള്‍ തെറ്റിക്കും. ഭഗവദര്‍പ്പിതമാകണം കര്‍മം എന്ന കാര്യം അറിയുകയേ ഇല്ല.
(2) പ്രാകൃതഃ - കര്‍ത്തവ്യത്തില്‍ അലസനായിരിക്കും. കുട്ടികളെപ്പോലെയാണ് പ്രവര്‍ത്തിക്കുക. ബുദ്ധിക്ക് സംസ്‌കാരമേ ഉണ്ടാവുകയില്ല.
(3) സ്തബ്ധഃ - ആരംഭിച്ച കര്‍മത്തില്‍ താല്‍പ്പര്യം ഉണ്ടാവുകയില്ല. ഗുരുക്കന്മാരിലും ദേവതകളിലും ബഹുമാനം കാണിക്കുകയില്ല. ആരെയും നമസ്‌കരിക്കുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
(4) ശഠഃ- മറ്റുള്ളവരെ വഞ്ചിക്കുന്ന കാര്യത്തില്‍ തത്പരനായിരിക്കും. കളവേ പറയുകയുള്ളൂ. സത്യം ഒളിപ്പിച്ചുവക്കും. എല്ലാറ്റിലും കള്ളക്കളി ഉണ്ടാവും. ആരോടെങ്കിലും ദോഷമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാതെ, സന്തോഷം നടിച്ച്  ആ വ്യക്തിയെ കുടുക്കില്‍പ്പെടുത്തും.
(5) നൈഷ്‌കൃതികഃ- ധര്‍മ്മിഷ്ഠനാണെന്ന് നടിക്കും, പക്ഷേ അധര്‍മ്മമേ ചെയ്യുകയുള്ളൂ. മറ്റുള്ളവരെ അപമാനിക്കും. മറ്റുള്ളവരുടെ സദ്ഗുണങ്ങളില്‍ ദുര്‍ഗുണങ്ങള്‍ കണ്ടെത്താനുള്ള വഴി കണ്ടെത്തും.
(6) അലസഃ- അത്യാവശ്യമായ പ്രവൃത്തികള്‍ ചെയ്യുകയേ ഇല്ല. ചെയ്യുമ്പോള്‍ ശ്രദ്ധിക്കുകയേ ഇല്ല.
(7) വിഷാദീ-എപ്പോഴും വ്യസനഭാവത്തോടെ മാത്രമേ പ്രവര്‍ത്തിക്കൂ. ചിന്താശീലനുമായിരിക്കും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കിട്ടിയാല്‍പ്പോലും സന്തോഷിക്കുകയില്ല. ഈ സാധനം നേടാന്‍ ഇത്രയും ധനം ചെലവല്ലേ എന്നോര്‍ത്തു കരയും.
(8)ദീര്‍ഘസൂത്രീ- ഒരു ദിവസം കൊണ്ടു ചെയ്യാന്‍ കഴിയുന്ന പ്രവൃത്തി ഒരു മാസം ചെയ്താലും പൂര്‍ത്തിയാക്കുകയില്ല. അതു നാളെ ചെയ്യാം, മറ്റേക്കാര്യം മറ്റന്നാള്‍ ചെയ്യാം. ഇങ്ങനെ നീട്ടീ നീട്ടി കാലം കഴിക്കും. ഈ ലക്ഷണങ്ങള്‍ ഉള്ളവനെ താമസഗുണവാനായ കര്‍ത്താവ് എന്നുപറയുന്നു.
janmabhumi

No comments:

Post a Comment