Sunday, July 29, 2018

ഉപനിഷത്തിലൂടെ -220/ സ്വാമി അഭയാനന്ദ
Monday 30 July 2018 1:02 am IST
ബൃഹദാരണ്യകോപനിഷത്ത്- 18
പ്രജാപതി സൃഷ്ടിച്ച ജഗത്തും പ്രജാപതിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിഠിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുന്നു.
സോ/ വേത് ,അഹം വാവ സൃഷ്ടിരസ്മി, അഹം ഹീദം സര്‍വ്വ മസൃ ക്ഷീതി, തത: സൃഷ്ടികവത്; സൃഷ്ട്യാം ഹാ സൈ്യ തസ്യാം ഭവതി യ ഏവം വേദ.
ആ പ്രജാപതി വിചാരിച്ചു. - ഈ സൃഷ്ടിക്കപ്പെട്ട ജഗത്ത് ഞാന്‍ തന്നെയാണ് എന്തെന്നാല്‍ ഇതെല്ലാം സൃഷ്ടിച്ചത് ഞാനാണ്. ഇങ്ങനെ സ്വയം സൃഷ്ടി ശബ്ദം കൊണ്ട് വ്യവഹരിച്ചതിനാല്‍ അദ്ദേഹം സൃഷ്ടി എന്ന് പേരുള്ളവനായി.ഇപ്രകാരം അറിയുന്നയാള്‍ പ്രജാപതിയുടെ സൃഷ്ടിയില്‍ ഭാഗഭാക്കാവും.
 പ്രജാപതിയില്‍ നിന്ന് വേറിട്ട് ജഗത്തിന് നിലനില്‍പ്പില്ലാത്തത് പോലെ ഇതിനെ അറിയുന്നയാളും തന്നില്‍ നിന്ന് അന്യമല്ലാത്ത ജഗത്തിന്റെ സ്രഷ്ടാവാകും.
 അഥേത്യഭ്യമന്ഥത്, സ മുഖാച്ച യോനേര്‍ ഹസ്താഭ്യാം ചാഗ്‌നിമസൃജത.........
അതു കഴിഞ്ഞ് പ്രജാപതി മുഖത്തില്‍ മഥനം ചെയ്തു.ഉദ്ഭവസ്ഥാനമായ മുഖത്തില്‍ കൈകളെ കൊണ്ട് മഥനം ചെയ്ത് അഗ്‌നിയെ  സൃഷ്ടിച്ചു.
 അഗ്‌നിയുടെ യോനികളാകയാല്‍ വായ, കൈ എന്നിവയുടെ ഉള്‍ഭാഗത്ത് രോമങ്ങളില്ല. യോനിയുടെ ഉള്ളില്‍ രോമമുണ്ടാകില്ലല്ലോ.
 യജ്ഞങ്ങള്‍ ചെയ്യുമ്പോള്‍ ഈ ദേവനെയജിക്കൂ.. ഈ ദേവനെ യജിക്കൂ... എന്ന് ഓരോ ദേവനേയും പ്രത്യേകം വിചാരിച്ച് പറയാറുണ്ട്. ആ വിവിധ ദേവ സൃഷ്ടികളല്ലാം പ്രജാപതിയുടേതാണ്. എല്ലാ ദേവന്‍മാരും പ്രജാപതി തന്നെയാണ്.
പിന്നെ ലോകത്തില്‍ ദ്രവരൂപമായതിനെയൊക്കെ തന്റെ രേതസ്സില്‍ നിന്ന് അഥവാ ബീജത്തില്‍ നിന്ന് സൃഷ്ടിച്ചു.
അത് തന്നെയാണ് സോമന്‍.  അന്നവും അന്നാദനമാണ് ഈ ജഗത്ത് മുഴുവന്‍.
സോമം തന്നെയാണ് അന്നം .അഗ്‌നിയാണ് അന്നാദന്‍. തന്നേക്കാള്‍ ശ്രേഷ്ഠരായദേവന്‍മാരെ സൃഷ്ടിച്ചതിനാല്‍ ഇത് പ്രജാപതിയുടെ അതി സൃഷ്ടിയാണ്. താന്‍ മര്‍ത്ത്യനായിരുന്ന് മരണമില്ലാത്ത അമൃതന്മാരെ സൃഷ്ടിച്ചതിനാലാണ് ഇതിനെ അതി സൃഷ്ടി എന്ന് പറയുന്നത്.ഇങ്ങനെ അറിയുന്നയാള്‍ പ്രജാപതിയെപ്പോലെ അതിസൃഷ്ടിയില്‍ സൃഷ്ടാവായിത്തീരും.
 ബ്രാഹ്മണന്‍ മുതലായ വര്‍ണ്ണങ്ങളെ ഉള്‍പ്പെടുത്തിയാണ് എല്ലാദേവന്‍മാര്‍ എന്ന് പറഞ്ഞത്. എല്ലാ ദേവന്‍മാരും പ്രജാപതി തന്നെയാണ്. കര്‍മ്മജ്ഞാനങ്ങളെ കൊണ്ട് പാപങ്ങളെ നശിപ്പിച്ച് യജ്ഞത്തിന്റെ ഫലത്തെ തരുന്ന ദേവന്‍മാരെ സൃഷ്ടിച്ചതിനാലാണ് സൃഷ്ടി എന്ന് വിളിക്കാന്‍ കാരണം.
തദ്ധേദം തര്‍ഹ്യ വ്യാകൃതമാസീത് തന്നാമരൂപാഭ്യാ മേവ വ്യാക്രിയത..........
മുമ്പ് ബീജ രൂപത്തിലായിരുന്ന ഈ ലോകം പ്രകടമാകാതിരിക്കുകയായിരുന്നു. ആ ജഗത്ത് പിന്നീട് ഇതിന് (ഇവന്) ഇന്ന പേര് ഇവന് ഇന്ന രൂപം  എന്നിങ്ങനെ നാമരൂപങ്ങളെ കൊണ്ട് പലതായിത്തീര്‍ന്നു.
 അതിനാല്‍ ഈ ജഗത്ത് ഇപ്പോഴും ഇവന്‍ ഇന്ന പേരുള്ളവനാണ്, ഇന്ന രൂപമുള്ളവനാണ് എന്ന മട്ടില്‍ പലതായിരിക്കുന്നു. ആ പരനായ ആത്മാവ് നഖങ്ങളുടെ അറ്റം വരെ ഇവയിലെല്ലാം പ്രവേശിച്ചിരിക്കുന്നു.
കത്തി, കത്തിയുടെ ഉറയില്‍ ഇരിക്കുന്നതു പോലെയും അഗ്‌നി വിറകില്‍  ഒളിഞ്ഞിരിക്കുന്നതു പോലെയും ആത്മാവ് അവ്യക്തമായി എല്ലാറ്റിലുമിരിക്കുന്നു .

No comments:

Post a Comment