Sunday, July 29, 2018

വേദസാരം/ ആചാര്യശ്രീ രാജേഷ്
Monday 30 July 2018 1:01 am IST
മ്മില്‍ ഭൂരിഭാഗം പേരും ഗൃഹസ്ഥാശ്രമികളാണ്. ഗൃഹസ്ഥാശ്രമം സ്വര്‍ഗമാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു. ഓരോ ആശ്രമങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്. ബ്രഹ്മചാരിക്കും വാനപ്രസ്ഥിക്കും സംന്യാസിക്കും ധര്‍മമുള്ളതുപോലെ ഗൃഹസ്ഥാശ്രമിക്കും ധര്‍മമുണ്ട്. ഗൃഹസ്ഥാശ്രമം നിലനിന്നാല്‍ മാത്രമേ മറ്റു മൂന്നു ധര്‍മങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രാചീന ആചാര്യന്മാര്‍ പറയുന്നു. ഗൃഹസ്ഥാശ്രമം തകര്‍ന്നാല്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയാതെവരും. അപ്പോള്‍ ധര്‍മവും ആശ്രമവ്യവസ്ഥയും തകര്‍ന്നുപോകുകയും ചെയ്യും.
ഗൃഹസ്ഥാശ്രമത്തിന്റെ മാഹാത്മ്യത്തെ ഋഷിമാര്‍ ഏറെ പ്രാധാന്യത്തോടെയാണ് മനസ്സിലാക്കിയിരുന്നത്. ആധുനികകാലത്ത് ഗൃഹസ്ഥാശ്രമധര്‍മത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കാതായിരിക്കുന്നു. മനുസ്മൃതിയാണ് ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ മഹത്വത്തെ ഏറെ മാനിച്ചതും ചൂണ്ടിക്കാണിച്ചതും. മനുവിന്റെ ചില പ്രധാനപ്പെട്ട വീക്ഷണങ്ങളെ ഒന്നു പരിചയപ്പെടുത്താം.
'ബ്രഹ്മചാരീ ഗൃഹസ്ഥശ്ച വാനപ്രസ്ഥോ യതിസ്തഥാ
ഏതേ ഗൃഹസ്ഥപ്രഭവാശ്ചത്വാരഃ പൃഥഗാശ്രമാഃ.'
(മനു 6.87)
അര്‍ഥം: ഗൃഹസ്ഥാശ്രമത്തില്‍നിന്നുതന്നെയാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങളിലോരോന്നും ഉണ്ടാകുന്നത്. 
ഈ ചതുരാശ്രമങ്ങളില്‍ ഗൃഹസ്ഥന്‍ ശ്രേഷ്ഠനാണെന്ന് മനു പറയുന്നത് നോക്കുക:
'സര്‌വേഷാമപി ചൈതേഷാം വേദസ്മൃതിവിധാനതഃ
ഗൃഹസ്ഥ ഉച്യതേ ശ്രേഷ്ഠഃ സ ത്രീനേതാന്‍ ബിഭര്തി ഹി'
(മനു 6.89)
അര്‍ഥം: വേദങ്ങളിലും സ്മൃതികളിലും പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഈ സര്‍വ ആശ്രമങ്ങളിലുംവെച്ച് ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠമായിരിക്കുന്നു എന്നാണ്. കാരണം ഗൃഹസ്ഥന്‍ മറ്റ് മൂന്ന് ആശ്രമങ്ങളെയും പരിപാലിച്ചു പോറ്റുന്നു.
ഗൃഹസ്ഥനില്ലെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്പില്ലെന്ന് സുവ്യക്തമാക്കുകയാണ് ഋഷിയായ മനു. കാരണം ബ്രഹ്മചാരി (വിദ്യാര്‍ഥി), വാനപ്രസ്ഥി, സംന്യാസി എന്നീ മൂന്ന് ആശ്രമങ്ങളെയും നിലനിര്‍ത്തിപ്പോരുന്നത് ഗൃഹസ്ഥനാണ്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍  ഗൃഹസ്ഥന്‍ ബാധ്യസ്ഥനുമാണ്. ഗൃഹസ്ഥാശ്രമിയുടെ ജീവിതം പുഷ്‌കലമായാല്‍ മാത്രമേ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. 
നല്ല ഗൃഹസ്ഥാശ്രമി പ്രാണവായുവിനെപ്പോലെയാണെന്ന് മനു പറഞ്ഞുവെക്കുന്നുണ്ട് നോക്കുക:
'യഥാ വായും സമാശ്രിത്യ വര്തന്തേ സര്‌വജന്തവഃ
തഥാ ഗൃഹസ്ഥമാശ്രിത്യ വര്തന്തേ സര്‌വ ആശ്രമാഃ.'
(മനു 3.77)
അര്‍ഥം: വായുവിനെ ആശ്രയിച്ച് സര്‍വ ജീവജാലങ്ങളും വര്‍ത്തിക്കുന്നതുപോലെ ഗൃഹസ്ഥനെ ആശ്രയിച്ച് ബ്രഹ്മചര്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ആശ്രമങ്ങള്‍ വര്‍ത്തിക്കുന്നു.
ഈ മൂന്ന് ആശ്രമങ്ങള്‍ക്ക് വേണ്ടതെല്ലാം ഗൃഹസ്ഥന്‍ ചെയ്തുവെക്കേണ്ടതുണ്ട്. നല്ല കുഞ്ഞുങ്ങളുണ്ടായാലേ നല്ല സംന്യാസിമാരും ഗൃഹസ്ഥരും വാനപ്രസ്ഥിയുമൊക്കെ ഉണ്ടാവുകയുള്ളൂ. അതിനായി ഷോഡശസംസ്‌കാരങ്ങള്‍ ഗൃഹസ്ഥന്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. പഞ്ചമഹായജ്ഞാദി ആചരണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ധനം സമ്പാദിക്കേണ്ടതുണ്ട്. പിതൃജനങ്ങളെ പരിപാലിക്കേണ്ടതുണ്ട്. സംന്യാസപരമ്പരയെ നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ അനേകം കര്‍ത്തവ്യഭാരങ്ങള്‍ ചുമക്കുന്നവനാണ് ഗൃഹസ്ഥന്‍. അക്കാര്യം മനു ചൂണ്ടിക്കാണിക്കുന്നുണ്ട്. 
'യസ്മാത് ത്രയോളപ്യാശ്രമിണോ ദാനേനാന്നേന ചാന്വഹമ്
ഗൃഹസ്ഥേനൈവ ധാര്യന്തേ തസ്മാജ്ജ്യേഷ്ഠാശ്രമോ ഗൃഹി.'
(മനു 3.78)
അര്‍ഥം: ബ്രഹ്മചാരിയെയും വാനപ്രസ്ഥിയെയും സംന്യാസിയെയും അന്നവസ്ത്രാദി ദാനത്താല്‍ ഗൃഹസ്ഥന്‍ പരിപാലിച്ചുപോറ്റുന്നു. അതിനാല്‍ വ്യവഹാരത്തില്‍ ഗൃഹസ്ഥാശ്രമം എല്ലാറ്റിലുംവെച്ച്  ശ്രേഷ്ഠമാകുന്നു.
ഇങ്ങനെ മനുവിനെപ്പോലെ വിഖ്യാതരായ സ്മൃതിപ്രവക്താക്കള്‍ ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ പ്രാധാന്യത്തെ എടുത്തുപറയുന്നു. നമ്മില്‍ എത്രപേര്‍ ഈ ആശ്രമത്തിന്റെ മഹത്വമറിയുന്നു? ആ ഗൃഹസ്ഥാശ്രമധര്‍മം പരിപാലിക്കാന്‍ പഠിപ്പിക്കുന്നു? 
നമ്മുടെ പ്രാചീന ഋഷിപരമ്പര തിരിച്ചറിഞ്ഞ ഈ മഹത്വം നമ്മളും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. പഠിപ്പിച്ചാല്‍ മാത്രം പഠിക്കുന്നവനാണ് മനുഷ്യന്‍. ഗൃഹസ്ഥാശ്രമധര്‍മങ്ങള്‍ എന്തെല്ലാമാണെന്ന് അവന്‍ പഠിക്കേണ്ടതുണ്ട്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് നാം ചെയ്യേണ്ടത്.

No comments:

Post a Comment