Monday, July 02, 2018

ഛാന്ദോഗ്യോപനിഷത്ത് 61
സംപ്രസാദനായ ആത്മാവിനെ ബ്രഹ്മചര്യമെന്ന സാധനയോട് ബന്ധിപ്പിക്കാനായി തുടര്‍ന്ന് വിവരിക്കുന്നു.
അഥ യ ആത്മാ സ സേതുര്‍ വിധൃതിരേഷാം ലോകനാമസംഭേദായ...അപഹത പാപ് മാഹ്യേഷ ബ്രഹ്മലോക:
 ഈ ആത്മാവ് എല്ലാ ലോകങ്ങളുടേയും നിലനില്‍പ്പിനായി വേണ്ട വിധത്തില്‍ ധരിച്ചിരിക്കുന്ന സേതുവാണ്. ഇതിനെ അഹോരാത്രങ്ങള്‍ ബാധിക്കുന്നില്ല ജരയും മരണവും ശോകവും സുകൃതവും ദുഷ്‌കൃതവും പ്രാപിക്കുന്നില്ല. എല്ലാ പാപങ്ങളും ഇതില്‍ നിന്ന് വേറിട്ടിരിക്കുന്നു. എന്തെന്നാല്‍ ബ്രഹ്മലോകം പുണ്യപാപങ്ങളില്ലാത്തതാണ്.
 സേതു എന്നാല്‍ പരസ്പരം ബന്ധിപ്പിക്കുന്ന, നിലനിര്‍ത്തുന്ന ചിറ എന്ന് അര്‍ത്ഥം. മുമ്പ് പറഞ്ഞ ലക്ഷണങ്ങളോട് കൂടിയ ആത്മാവാണ് സേതു. ഓരോന്നിനും അതിര്‍വരമ്പ് ഇട്ട് വ്യവസ്ഥയ്ക്ക് കാരണമായി സേതു പോലെ ഇരിക്കുന്നതിനാലാണ് സേതു എന്നു് പറഞ്ഞത്. അത് നിലയ്ക്ക് നിര്‍ത്തുന്നതാകുന്നു. ഇതാണ് ചെയ്യുന്നവര്‍ക്ക് വേണ്ടതായ ക്രിയാ കാരക ഫലഭേദങ്ങളെ സംബസിച്ച നിയമങ്ങളോട് കൂടി വര്‍ണ്ണാശ്രമ വ്യവസ്ഥകളേയും മറ്റും ഏര്‍പ്പെടുത്തി ലോകത്തെ നിലനിര്‍ത്തുന്നത്.
ഈശ്വരനാല്‍ നിലയ്ക്ക് നിര്‍ത്തപ്പെടാതിരുന്നാല്‍ പ്രപഞ്ചം മുഴുവന്‍ നശിക്കും. അതിനാല്‍ ബ്രഹ്മം ലോകത്തെ മുഴുവന്‍ നിലയ്ക്കു നിര്‍ത്തുന്ന ചിറയാണ്. കര്‍ത്താവ്, കര്‍മ്മം ഫലം എന്നിവയ്ക്ക് ആശ്രയങ്ങളായ ഭൂമി തുടങ്ങിയ ലോകങ്ങള്‍  നശിക്കാതിരിക്കുന്നതിനാണ് ഈ ചിറ.
ജന്മമെടുക്കുന്ന എല്ലാറ്റിനും രാപകലുകള്‍ ബാധകമണെങ്കില്‍ ഇവിടെ അതില്ല. ഇതിനെ കാലം കൊണ്ട് പരിച്ഛേദം ചെയ്യാനാകില്ല. അതിനാല്‍ ജര, മരണം, ദു:ഖം, സുകൃതം, ദുഷ്‌കൃതം ഇവയ്‌ക്കൊന്നും ഇതിനടുത്ത് പോലും എത്താനാവില്ല. എല്ലാറ്റിനും കാരണമായ ആത്മാവിനെ മറികടക്കുക എന്നത് ആലോചിക്കുകയേ വേണ്ട. നേരത്തേ പറഞ്ഞ സകലതും പാപങ്ങളും ആത്മാവുന്ന സേതുവില്‍ എത്താതെ തിരിച്ച് പോകും.
കാര്യത്തിന് ഒരിക്കലും കാരണത്തെ പ്രാപിക്കാനോ അതിക്രമിക്കാനോ കഴിയില്ല.
തസ്മാദ് വാ ഏതം സേതും തീര്‍ത്വാന്ധ: സന്ന നാ ന്ധോ ഭവതി.......... സകൃദ് വിഭാതോഹ്യേവൈഷ ബ്രഹ്മലോക:
അതിനാല്‍ ഈ സേതുവിനെ തരണം ചെയ്ത അന്ധന്‍ അന്ധ നല്ലാതായിത്തീരുന്നു.ദു:ഖിതന്‍ ദുഃഖിതനല്ലാതായിത്തീരുന്നു. രോഗം തുടങ്ങിയ വിഷമതകളുള്ളവര്‍ അതില്‍ സുഖം പ്രാപിക്കുന്നു. ഈ സേതുവിനെ തരണം ചെയ്താല്‍ രാത്രി പോലും പകലായിത്തീരും.
അന്ധത, ദു:ഖം, രോഗം തുടങ്ങിയവ ശരീരമുള്ളയാള്‍ക്ക് മാത്രമേ ഉണ്ടാകൂ. ദേഹാത്മ ബുദ്ധിയെ മറികടക്കുമ്പോള്‍ ശരീര ധര്‍മ്മങ്ങളൊന്നും ബാധകമല്ലാതാകുന്നു. സ്വയം പ്രകാശമായതിനാല്‍ രാത്രി പോലും പകലാകും.തദ് യ ഏവൈതം ബ്രഹ്മ ലോകം ബ്രഹ്മചര്യേണാനുവിന്ദതി തേഷാമേ വൈഷ ബ്രഹ്മലോകസ് തേഷാം സര്‍വ്വേഷു ലോകേഷു കാമചാരോ ഭവതി.
അതിനാല്‍ ആരാണോ ശാസ്ത്ര ആചാര്യ ഉപദേശമനുസരിച്ച് ബ്രഹ്മചര്യം കൊണ്ട് ഈ ബ്രഹ്മലോകത്തെ പ്രാപിച്ച് തങ്ങളുടെ ആത്മാവായി സാക്ഷാത്കരിക്കുന്നത്. അയാള്‍ക്ക് മാത്രമായിരിക്കും ബ്രഹ്മലോകം കിട്ടുക. അയീള്‍ക്ക് എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
ബ്രഹ്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്ന സാധകര്‍ക്ക് ബ്രഹ്മചര്യം ഏറ്റവും ശേഷ്ഠമായ സാധനയായി പറഞ്ഞിരിക്കുകയാണ്. സ്ത്രീ വിഷയ തൃഷ്ണാ ത്യാഗത്തെയാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ വിഷയ സമ്പര്‍ക്കം കൊണ്ട് തൃഷ്ണയുണ്ടായിട്ടുള്ളവര്‍ക്ക് അവര്‍ ബ്രഹ്മ വിത്തുക്കള്‍ ആയാല്‍ പോലും ബ്രഹ്മലോകം കിട്ടില്ല....janmabhumi

No comments:

Post a Comment