Wednesday, July 25, 2018

*ആഷാഢമാസത്തിലെ പൗർണമി ദിവസമാണ് ഗുരു പൂർണിമ.* വേദത്തെ നാലായ് വിന്യസിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന *വേദവ്യാസഭഗവാന്റെ* ജന്മദിനത്തെയാണ് ഗുരുപൂർണിമയായി ഇന്ന് ആചരിച്ചു വരുന്നത്. ഉള്ളിലെ അജ്ഞാനമാകുന്ന തിമിരത്തെ അഥവാ അന്ധകാരത്തെ മാറ്റി ജ്ഞാനമാകുന്ന വെളിച്ചത്തെ നിറക്കുന്നവനാണ് ഗുരു.ഇന്ന്  ഗുരുക്കന്മരെ വന്ദിക്കുന്നതിനെക്കാളും നിന്ദിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് നമുക്ക് എവിടെയും കാണാനാകുന്നത്. ലോകത്തിൽ നിന്നും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരമണ് ഗുരുവന്ദനം .

 *"ഗുരുശുശ്രൂഷയാ വിദ്യാ " *( ഗുരുവിനെ ശുശ്രൂഷിച്ചു കൊണ്ട് വിദ്യ ആർജിക്കണം)*  എന്ന് തുടങ്ങുന്ന സുഭാഷിതവും നമുക്ക് മനസ്സിലാക്കി ത്തരുന്നതും ആ സംസ്കാരത്തെ തന്നെയാണ്.നിങ്ങളുടെ അറിവിലേക്കായി ആ സുഭാഷിതത്തെ ചുവടെ ചേർക്കുന്നു.

*"ഗുരുശുശ്രൂഷയാ വിദ്യാ*
*പുഷ്കലേന ധനേന വാ .*
*അഥവാ വിദ്യയാ വിദ്യാ*
*ചതുർത്ഥനോപലഭ്യതേ".* എന്നാണാ സുഭാഷിതം.

നമുക്ക് അറിവ് പകർന്നു തരുന്ന ഗുരുക്കന്മാരെ വന്ദിക്കുന്നത് വളരെ ശ്രേയസ്കരമാണ്. നമ്മളിലുള്ള ഈശ്വരന്റെ അംശത്തെ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നവനാണ് ഗുരു. ആ ഗുരുവിനെ ആദരിക്കുന്നതിനു വേണ്ടിയാണ് ഗുരു പൂജ നടത്തുന്നത്. ഈ *വർഷം 27/07/2018 വെള്ളിയാഴ്ചയാണ് ഗുരുപൂർണിമ വരുന്നത്.*
ഗുരുവിനെക്കുറിച്ചുള്ള ഭാരതീയരുടെ സങ്കല്പ്പങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നേക്കാം നമുക്ക്.

*"ഉപദേശകോऽസ്തു ഗുരുഃ."*

അർത്ഥം :ഉപദേശകനാണ് ഗുരു.

*"ഗുശബ്ദസ്തു അന്ധകാരസ്സ്യാത്*
*രുശബ്ദസ്തന്നിരോധകഃ.*
*അന്ധകാരനിരോധിത്വാത്*
*ഗുരുരിത്യഭിധീയതേ."*

*അർത്ഥം :* ഗു ശബ്ദം അന്ധകാരമായേക്കാം/ആകുന്നു.രു ശബ്ദം അതിനെ നിരോധിക്കുന്നു.
അന്ധകാരത്തെ നിരോധിക്കുന്നതിനാൽ ഗുരു എന്ന് അറിയപ്പെടുന്നു.

*അജ്ഞാനതിമിരാന്ധസ്യ*
*ജ്ഞാനാഞ്ജനശലാകയാ.*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ.*

*അർത്ഥം :*  അജ്ഞാനമാകുന്നതിമിരത്താൽ അന്ധനായവന്റെ കണ്ണുകളെ ജ്ഞാനമാകുന്ന അഞ്ജനശലാക കൊണ്ട് ഏതൊരുവനാലാണോ തുറപ്പിക്കപ്പെട്ടത് ആ ഗുരുവിനായിക്കൊണ്ട് നമസ്ക്കാരം.

*ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ*
*ഗുരുർദേവോ മഹേശ്വരഃ.*
*ഗുരുസ്സാക്ഷാത് പരബ്രഹ്മ / ഗുരുരേവ ജഗദ്സർവ്വം*
*തസ്മൈ ശ്രീഗുരവേ നമഃ .*

*അർത്ഥം :* ഗുരു ബ്രഹ്മാവാണ്, വിഷ്ണുവാണ് ,ശിവനാണ്. ഗുരു സാക്ഷാൽ പരബ്രഹ്മം തന്നെയാണ്/ ഈ ജഗത്തിലെ എല്ലാം ഗുരുതന്നെ. അങ്ങനെയുള്ള ഗുരുവിനായിക്കൊണ്ട് നമസ്കാരം.

*"സദാശിവസമാരംഭാം*
*ശങ്കരാചാര്യ മധ്യമാം.*
*അസ്മദാചാര്യ പര്യന്താം*
*വന്ദേ ഗുരുപരമ്പരാം."*

*അർത്ഥം :* സദാശിവനിൽ തുടങ്ങി ശങ്കരാചാര്യൻ മധ്യമനായി എന്റെ ആചാര്യൻ വരെയുള്ള ഗുരുപരമ്പരയെ ഞാൻ വന്ദിക്കുന്നു.

*ജന്മഹേതു ഹി പിതരൗ*
*പൂജനീയൗ പ്രയത്നതഃ.*
*ഗുരുർവിശേഷതഃ പൂജ്യോ*
*ധർമാഽധർമപ്രദർശകഃ.*

*അർത്ഥം :* ജന്മത്തിന് ഹേതുവായിട്ടുള്ള അച്ഛനമ്മമാരെ പുജിക്കണം. എന്തെന്നാൽ അവർ ധർമ്മത്തെയും അധർമ്മത്തെയും കാട്ടിത്തരുന്ന ഗുരുക്കന്മാരാണ്.

*ഗുരുർപിതാ ഗുരുർമാതാ*
*ഗുരുർദേവോ ഗുരുർഗതിഃ.*
*ശിവേ രുഷ്ടേ ഗുരുസ്ത്രാതാ*
*ഗുരൗ രുഷ്ടേ ന കശ്ചന.*

*അർത്ഥം :* ഗുരു അച്ഛനാണ് ,ഗുരു അമ്മയാണ്. ഗുരു ദേവനാണ്. ഗതിയും (വഴിയും) ഗുരു തന്നെയാണ്.ശിവൻ കോപിച്ചാൽ രക്ഷിക്കാൻ ഗുരുവുണ്ട് . എന്നാൽ ഗുരു കോപിച്ചാൽ രക്ഷിക്കുവാൻ ആരും ഉണ്ടാകില്ല.

നോക്കൂ എത്ര മനോഹരമായ സങ്കല്പമാണിതെന്ന് കഴിഞ്ഞിട്ടില്ല. നോക്കൂ -

*"രവിസന്നിധിമാത്രേണ*
*സൂര്യകാന്തപ്രകാശയേത്*
*ഗുരു സന്നിധി മാത്രേണ*
*ശിഷ്യജ്ഞാനം പ്രകാശയേത് "*

എന്ന പ്രസിദ്ധമായ സുഭാഷിതം ഗുരുവിന്റെ മഹത്വത്തെയാണ് എടുത്തുകാണിക്കുന്നത്‌. ആദിത്യസാന്നിധ്യം കൊണ്ട്‌ സൂര്യകാന്തം പ്രകാശിക്കും,ഗുരു സാന്നിധ്യം കൊണ്ട്‌ ശിഷ്യജ്ഞാനം പ്രകാശിക്കും.അറിവില്ലാത്തവന്റെ വിദ്യ നിഷ്‌ഫലമാണ്‌. സുകൃതപ്രാപ്തികൊണ്ട്‌ വിദ്യ മഹത്വമാർജ്ജിക്കുന്നു. .സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരു പോലെ പ്രഗത്ഭമതിയായ ഒരു ഗുരുവിന്റെ കീഴിലുള്ള ശിക്ഷണം.

*“ദേവൻ ദിനേശൻ* *തൊടുമ്പോൾ*
*തമിസ്രമാം രാവും വെളിച്ചം വിതറും പ്രഭാതമാം”*
എന്ന ഫലത്തെ ഉളവാക്കുന്നു.


*ചിത്രം വടതരോർമൂലേ*
*വൃദ്ധാശ്ശിഷ്യാ ഗുരുർയുവാ*
*ഗുരോസ്തു മൗനം വ്യാഖ്യാനം*
*ശിഷ്യാസ്തു ഛിന്നസംശയാഃ.*

ശ്രീമത്ശങ്കരാചാര്യഭഗവദ്പാദരാൽ വിരചിതമായ ദക്ഷിണാമൂർത്തി സ്തോത്രത്തിലെ വളരെ പ്രാധാന്യം ആർഹിക്കുന്ന ഒരു ഭാഗമാണിത്.
ഒരു ദൃശ്യമാണ് ആചാര്യസ്വാമികൾ നമുക്ക് ഇതിലൂടെ കാട്ടിത്തരുന്നത്.
ഒരു വടവൃക്ഷത്തിന്റെ ചുവട്ടിൽ യുവാവായ ഗുരുവും വൃദ്ധരായ ശിഷ്യൻമാരും ഇരിക്കുന്നു. ഗുരു മൗനത്തെ വ്യാഖ്യാനിക്കുന്നു അതായത് ഒന്നും തന്നെ സംസാരിക്കുന്നില്ല. എന്നാൽ ശിഷ്യൻമാരുടെ സംശ്ശയങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതാണ്  ആശ്ലോകത്തിന്റെ അർത്ഥം .ഇത് വ്യക്തമാക്കുന്നത് ഗുരുവും ശിഷ്യൻമാരും തമ്മിലുള്ള ആത്മബന്ധമാണ്. ശിഷ്യൻമാർ മനസ്സിൽ ചിന്തിക്കുന്നതു പോലും മനസ്സിലാക്കാൻ കഴിവുള്ള ,ശിഷ്യൻമാരാൽ പരാജയപ്പെടാൻ കൊതിച്ചിരുന്ന *( ശിഷ്യാദിച്ഛേത് പരാജയം )* ഒന്നല്ല ഒരു ഗുരുപരമ്പരതന്നെ നമുക്കുണ്ടായിരുന്നു.എന്നതിൽ നമ്മൾ ഭാരതീയർക്ക് എന്നും അഭിമാനിക്കാം.
ഗുരുപൂജ വർഷത്തിൽ ഒരിക്കൽ മാത്രം ചെയ്യേണ്ട ഒന്നല്ല. നിത്യാനുഷ്ഠാനത്തിന്റെ തന്നെ ഭാഗമാകേണ്ട ഒന്നാണ്. ഗണേശനാണ് ആദ്യം പൂജിക്കപ്പെടേണ്ടതെങ്കിലും ഗുരുപൂജ കഴിഞ്ഞേ ഗണേശനും പൂജയുള്ളൂ. അമ്മയും അച്ഛനും ഗുരുവും കഴിഞ്ഞേ ഈശ്വരനുപോലും സ്ഥാനമുള്ളൂ എന്നും. ആദ്യ ഗുരു അമ്മയാണെന്നതും ഈ അവസരത്തിൽ മറക്കേണ്ട.

എന്റെ എല്ലാ  സുഹൃത്തുക്കൾക്കും ഗുരുപൂർണിമയുടെ ശുഭാശംസകൾ.

ജയതു സംസ്കൃതം ജയതു ഭാരതം.

No comments:

Post a Comment