Sunday, July 01, 2018

ജീവിതത്തില്‍ സമൃദ്ധി, ശ്രീ, ഐശ്വര്യം, കര്‍മകുശലത, ഉത്സാഹം തുടങ്ങിയവയൊക്കെ നേടിയെടുക്കാന്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്നു. ഇതെല്ലാം കൈവരിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഉന്നതമായ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് അതിനുവേണ്ടി പ്രയത്‌നിച്ച് അത് സ്വായത്തമാക്കാന്‍ കഴിയുന്നത് സൗഭാഗ്യംതന്നെയാണ്. ആ സൗഭാഗ്യം നേടാന്‍ അഥര്‍വവേദം മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിയുണ്ട്. ആ വഴി യാത്ര ചെയ്താല്‍ നമുക്ക് അഗ്നിയെപ്പോലെ ദീപ്തനായി, സൗഭാഗ്യവാനായി, സമ്പന്നനായി ഉന്നതങ്ങളില്‍ വിരാജിക്കാനുള്ള ശക്തി കൈവരിക്കാനാകുമെന്ന് തീര്‍ച്ച. ആ അഥര്‍വവഴി നമുക്കൊന്നു പരിചയപ്പെടാം.
സം ചേധ്യസ്വാഗ്നേ ച പ്ര വര്ധയേമമുച്ച തിഷ്ഠ മഹതേ സൗഭഗായ.
മാ തേ രിഷന്നുപസത്താരോ അഗ്നേ ബ്രഹ്മാണസ്‌തേ യശസഃ സന്തു 
മാന്യേ.
(അഥര്‍വവേദം 2.6.2)
മന്ത്രത്തിലെ ഓരോ വാക്കിന്റെയും അര്‍ഥമെന്താണെന്ന് നോക്കാം. അത് അറിയുമ്പോഴേ മന്ത്രാര്‍ഥചിന്തയുടെ മനനരസം അറിയാന്‍ കഴിയുകയുള്ളൂ.
(അഗ്നേ=) അല്ലയോ അഗ്നേ, (സം ഇധ്യസ്വ ച=) നീ പ്രദീപ്തമായാലും, പ്രജ്വലിതമായാലും (ഇമം പ്രവര്ധയ ച=) ഈ യജമാനനെയും വര്‍ധിപ്പിച്ചാലും അഥവാ സമൃദ്ധനാക്കിയാലും. (ച=) കൂടാതെ (മഹതേ=) മഹത്തായ (സൗഭഗായ=) സൗഭാഗ്യത്തിനായി (ഉത്-തിഷ്ഠ=) എഴുന്നേറ്റാലും അഥവാ പുരുഷാര്‍ഥം ചെയ്താലും. (അഗ്നേ=) അല്ലയോ അഗ്നേ, (തേ=) നിന്റെ (ഉപസത്താരഃ=) ഉപാസകര്‍ (മാ രിഷന്‍=) ഒരിക്കലും നഷ്ടമാകരുതേ. (തേ=) നിന്റെ (ബ്രഹ്മാണഃ=) സ്തുതികര്‍ത്താവ് (യശസഃ)= യശസ്വി (സന്തു=) ആയിത്തീരട്ടെ, (മാ അന്യേ=) അന്യര്‍ അരുത്. 
ഇതിന്റെ അര്‍ഥം നമുക്ക് ഇങ്ങനെ എഴുതാം. അല്ലയോ അഗ്നേ, നീ പ്രദീപ്തമാകട്ടെ, ഈ യജമാനനെ നീ സമൃദ്ധനാക്കിയാലും. മഹത്തായ സൗഭാഗ്യത്തിനായി ഉയര്‍ന്നാലും. അല്ലയോ അഗ്നേ, അങ്ങയുടെ ഉപാസകനെ ഒരിക്കലും നഷ്ടമാക്കരുതേ. അങ്ങയെ സ്തുതിക്കുന്നവര്‍ യശസ്വികളാകട്ടെ, മറ്റാരും അങ്ങനെ ആകുന്നില്ല.
വൈദികമന്ത്രത്തിന്റെ ശൈലീവിശേഷമാണ് നാം ഇവിടെ കാണുന്നത്. അഗ്നിയെ സ്തുതിക്കുകയാണ് ഈ മന്ത്രം. സ്തുതിക്കുക എന്നാല്‍ പ്രകീര്‍ത്തിക്കുക എന്നല്ല വൈദികസാഹിത്യത്തില്‍ അര്‍ഥം. മറിച്ച്  ഗുണകര്‍മസ്വഭാവങ്ങളെ തിരിച്ചറിയലാണത്. ഈ മന്ത്രത്തില്‍ സൗഭാഗ്യവും, ഐശ്വര്യവും, പ്രശസ്തിയും, സമ്പത്തും ആഗ്രഹിക്കുന്നവര്‍ അഗ്നിയജനം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നതായി കാണാം. 
അഗ്നിയുടെ സ്വഭാവവിശേഷങ്ങള്‍ അതിന് അരികത്തിരുന്ന് യജ്ഞം ചെയ്യുന്നവന് അതിവേഗം മനസ്സിലാക്കാന്‍ കഴിയും. വൈദികമായ യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഐശ്വര്യം, സമൃദ്ധി, പ്രശസ്തി എന്നിവ കൈവരുന്നതിന് കാരണവും ഇതുതന്നെ. അഗ്നി ഉയരത്തിലേക്ക് പടര്‍ന്നുകയറുന്നത് നമുക്ക് കാണാം. ജീവിതത്തില്‍ സൗഭാഗ്യം ആഗ്രഹിക്കുന്നവരും ഇതേപോലെ അലസതയില്‍നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കണം. അഗ്നി തേജോപുഞ്ജമാണ്. അഗ്നിയുടെ ശിഖയാകട്ടെ സദാ മുകളിലോട്ട് കുതിച്ചുകൊണ്ടേയിരിക്കുന്നു. സദാ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന നാം ഏതു കര്‍മമണ്ഡലത്തിലായാലും ഒരു തേജഃപുഞ്ജമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ആ മേഖലയില്‍ നാം വലിയൊരു വിജയമായി മാറും.
അഗ്നി സദാ പ്രദീപ്തമാണ്. ആ ദീപ്തി ഐശ്വര്യത്തിന്റെ ദീപശിഖയാണ്. അതേപോലെ അഗ്നിയജനം ചെയ്യുന്നവന് ആ സ്വഭാവത്തെ വരിക്കാനുള്ള അദമ്യമായ ആഗ്രഹം ജനിക്കുന്നു. ആ ആഗ്രഹം അവനില്‍ ഐശ്വര്യത്തിന്റെ ബീജത്തെ വിതയ്ക്കുന്നു. അത് വടവൃക്ഷമായി പന്തലിച്ച് 'ശ്രീ'യുടെ കേദാരമായി പരിണമിക്കുന്നു. ഐശ്വര്യത്തെ ആഗ്രഹിക്കുന്നവര്‍ സദാ പ്രബുദ്ധരായിരിക്കണമെന്ന് നമ്മെ മന്ത്രം ഓര്‍മിപ്പിക്കുന്നു. 
അഗ്നിയെ കൈകാര്യം ചെയ്യുമ്പോള്‍ നാം ജാഗ്രത പാലിക്കുന്നു. ജാഗരൂകമായ നമ്മുടെ ശ്രദ്ധ നമുക്ക് ദൈനംദിനജീവിതത്തില്‍ സൗഭാഗ്യത്തെ സമ്മാനിക്കുന്നു. അഗ്നി പുരോഗതിയെക്കുറിക്കുന്നതാണെന്ന് വേദങ്ങളില്‍നിന്നുതന്നെ നമുക്ക് ഗ്രഹിക്കാം. യജ്ഞം ചെയ്യുന്നവര്‍ അഗ്നിയുടെ സ്വഭാവത്തെ അനുഭവിക്കുമ്പോള്‍ ലക്ഷ്യബോധം വന്നുചേരുന്നു. അഗ്നിതുല്യരായി സദാ പുരോഗതിയെ മനസ്സില്‍ കണ്ടുകൊണ്ട്  അലസരാകാതിരിക്കാന്‍ നാം ശ്രദ്ധിക്കുന്നു.
പുരോഗതിക്കുവേണ്ടി പ്രയത്‌നിക്കുന്ന, കര്‍മമണ്ഡലത്തില്‍ സദാ വര്‍ത്തിക്കുന്ന, ജാഗരൂകരായവര്‍ക്ക് ജീവിതത്തില്‍ സാഫല്യം കൈവരിക്കാനാകുന്നുവെന്ന് ഈ വേദമന്ത്രം വ്യക്തമാക്കുന്നു. അല്ലാത്തവര്‍ക്ക് അത് കൈവരിക്കാനാകുകയുമില്ല. ഉത്സാഹശീലര്‍ക്കും, ക്രിയാശീലര്‍ക്കുമുള്ളതാണ് ഈ ലോകം.  അവര്‍ക്കു മാത്രമേ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനും സാഫല്യമടയാനും കഴിയുകയുള്ളൂ. 
അഗ്നിയെ മാതൃകയാക്കി ജീവിക്കുന്നവര്‍ക്ക് സൗഭാഗ്യവും ഐശ്വര്യവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ പ്രശസ്തിയും ശ്രീയും സമ്പന്നതയും ഉത്തരോത്തരം പുരോഗതി കൈവരിക്കുന്നുവെന്നാണ് അഥര്‍വവേദം നമ്മെ പഠിപ്പിക്കുന്നത്...janmabhumi

No comments:

Post a Comment