Sunday, July 01, 2018

ലക്ഷ്മണന് സുമിത്രയുടെ ഉപദേശങ്ങള്‍


രാമായണത്തില്‍ വളരെകുറച്ചുമാത്രം സംസാരിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സുമിത്ര. ശരിക്കും ജ്ഞാനിയാണ് ദശരഥന്റെ ഈ മൂന്നാം ഭാര്യ. രാമന്‍ രാജാവായാലും ഭരതന്‍ രാജാവായാലും അവര്‍ക്കും തുല്യംതന്നെ. എന്നാല്‍ സ്വപുത്രനായ ലക്ഷ്മണനെ പൂര്‍ണമായും രാമസേവകനായി ആ അമ്മ വിട്ടുകൊടുത്തിരുന്നു. വനയാത്രയ്ക്കായി അമ്മയുടെ അനുഗ്രഹം ചോദിക്കുമ്പോള്‍ അവര്‍ ലക്ഷ്മണന് കൊടുക്കുന്ന ഉപദേശം ഏറ്റവും ശ്രേഷ്ഠമാണ്.
സൃഷ്ടസ്ത്വം വനവാസായ സ്വനുരക്തഃ സുഹൃജ്ജനേ
രാമേ പ്രമാദം മാ കാര്‍ഷീഃ പുത്ര ഭ്രാതരി ഗച്ഛതി
വ്യസനീ വാ സമൃദ്ധോ വാ ഗതിരേഷ തവാനഘ
ഏഷ ലോകേ സതാം ധര്‍മ്മോ യജ്ജേ്യഷ്ഠവശഗോ ഭവേത്
ഇദം ഹീ വൃത്തമുചിതം കുലസ്യാസ സനാതനം
ദാനം ദീക്ഷാ ച യജ്ഞേഷു തനുത്യാഗോ മൃധേഷുച
ജേഷ്ഠസ്വാപ്യനുവൃത്തിശ്ച രാജവംശസ്യ ലക്ഷണം.
(സുഹൃജ്ജനങ്ങളേ അത്യധികം സ്‌നേഹിക്കുന്ന നിന്നെ വനവാസത്തിനു വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. മകനേ! രാമന്‍ പോകുന്ന സമയത്ത് നീ യാതൊരശ്രദ്ധയും കാണിക്കരുത്. പാപങ്ങളില്ലാത്തവനേ! സുഖാവസ്ഥയിലും ദുഃഖാവസ്ഥയിലും ജ്യേഷ്ഠന്‍ തന്നെയാണ് നിനക്കു ഗതി. ജ്യേഷ്ഠന്‍ പറയുന്നതെന്തും അനുസരിക്കുകയെന്നത് ലോകത്തില്‍ സജ്ജനങ്ങള്‍ അനുഷ്ഠിച്ചുവരുന്ന ധര്‍മ്മമാണ്. ഇതാണ് ഈ വംശത്തിന്റെ ഏറ്റവും പൗരാണികവും ശ്രേഷ്ഠവുമായ നടപടിക്രമം. ദാനവും യജ്ഞങ്ങളില്‍ ദീക്ഷയും, യുദ്ധങ്ങളില്‍ ദേഹത്യാഗവും, ജ്യേഷ്ഠനെ അനുസരിക്കലും ഈ വംശത്തിന്റെ ഉത്കൃഷ്ടമായ ആചാരണമാണ്)
ഇത്രയും പറഞ്ഞതുകേട്ട അമ്മയെ നമസ്‌കരിച്ച് പുറപ്പെടാറായപ്പോള്‍ സുമിത്ര ഒരുപദേശം കൂടി നല്‍കുന്നു. ഒരു ലക്ഷ്ത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള വാല്‍മീകി രാമായണത്തിലെ ഏറ്റവും വിശിഷ്ടമായ ശ്ലോകമായി കണക്കാക്കുന്നത് അയോദ്ധ്യാകാണ്ഡം നാല്‍പതാം സര്‍ഗ്ഗത്തിലെ ഈ ഒന്‍പതാം ശ്ലോകമാണ്.
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം
ഈ ശ്ലോകത്തിന് നിരവധി അര്‍ത്ഥങ്ങള്‍ പറയുന്നുണ്ട്. മകനേ! നീ രാമനെ ദശരഥനെപ്പോലെ കരുതണം. സീതയെ എന്നെപ്പോലെ കരുതണം. വനത്തെ അയോദ്ധ്യയെപ്പോലെയും കരുതുക. നീ സുഖമായി പോകൂ. ഇത് സാമാന്യമായ അര്‍ത്ഥം. മകനേ രാമനെ നീ നിന്റെ പിതാവാണെന്നും സീതയെ മാതാവാണെന്നും കരുതുക. കാടിനെ അയോദ്ധ്യയെന്നും കരുതണം. എന്നാല്‍ നിനക്ക് യാതൊരു ദുഃഖവുമുണ്ടാകുകയില്ല എന്നൊരര്‍ത്ഥം. രാമന്‍ ഗരുഡവാഹനനായ മഹാവിഷ്ണുവാണെന്നു ധരിക്കണം. സീത മഹാലക്ഷ്മിയാണെന്നും മനസ്സിലാക്കണം. കല്ലും മുള്ളും നിറഞ്ഞ അടവി സാക്ഷാല്‍ മഹാവിഷ്ണു വാഴുന്ന വൈകുണ്ഠമാണെന്നും കരുതി ജീവിക്കുക. നിനക്കു സുഖമായിരിക്കും. ജ്യേഷ്ഠനെ സേവിക്കാന്‍ പോകുന്ന മകന് ഇതില്‍കൂടുതല്‍ മഹത്തായ ഒരുപദേശം ഒരമ്മയ്ക്കും നല്‍കാനില്ല.
ramaynkthakal

No comments:

Post a Comment