Sunday, July 01, 2018

”ലോകത്ത് മൂന്നുവിധത്തിലുള്ള പുത്രന്മാരുണ്ട് എന്ന് സജ്ജനങ്ങള്‍ പറയുന്നു. പിതാവ് ആജ്ഞാപിച്ചില്ലെങ്കിലും ആഗ്രഹിക്കുന്ന കാര്യം സന്തോഷത്തോടെ ചെയ്തു കൊടുക്കുന്നവന്‍ ഉത്തമപുത്രന്‍. പിതാവിന്റെ നിയോഗമനുസരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ മദ്ധ്യമപുത്രന്‍. പിതാവ് ആവശ്യപ്പെടുമ്പോള്‍ എനിക്കു കഴിയില്ലെന്നു പറഞ്ഞൊഴിയുന്നവനെ പുത്രനെന്നല്ല, പിതാവിന്റെ മലം എന്നാണ് പറയപ്പെട്ടിരിക്കുന്നത്. ഇതൊക്കെ അറിയാവുന്ന ഞാന്‍ അച്ഛന്റെ നിയോഗം എന്തുതന്നെയായാലും അനുസരിക്കും. ഇതു സത്യം.”
രാമന്റെ പ്രതിജ്ഞ കേട്ടയുടനെ കൈകേയി വരം ആവശ്യപ്പെടുന്നു. ”നിന്നെ അഭിഷേകം ചെയ്യാന്‍ താതന്‍ ഒരുക്കിയ സംഭാരങ്ങള്‍കൊണ്ട് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. നീ പതിന്നാലുവര്‍ഷം താപസവേഷത്തില്‍ വനവാസം ചെയ്യണം. ഇതു നിന്നോടുപറയാനുള്ള മടികൊണ്ടാണ് പിതാവ് ദുഃഖിക്കുന്നത്.”
കൈകേയിയുടെ വാക്കുകള്‍ സ്ഥിതപ്രജ്ഞനായ രാമനില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ഉടന്‍ സമ്മതം പറയുന്നു. ”ഇതില്‍ വിഷമിക്കാനൊന്നും തന്നെയില്ല. അമ്മ ഭരതനെ അഭിഷേകം കഴിക്കുക. ഞാന്‍ ഒട്ടും വൈകാതെ വനത്തിലും പോകാം. ഇക്കാര്യം എന്നോടു പറയാതെ പിതാവ് ദുഃഖിക്കേണ്ട കാര്യമില്ല. രാജ്യം രക്ഷിക്കാന്‍ ഭരതന്‍മതി.
രാജ്യം ഉപേക്ഷിക്കാന്‍ എനിക്കു കഴിയും. അമ്മയ്ക്ക് ഭരതനേക്കാള്‍ സ്‌നേഹം എന്നോടുള്ളതുകൊണ്ടാണ് ഭരതനു രാജ്യവും എനിക്കു കാടും വിധിച്ചത്. കാരണം രാജ്യഭരണം ക്ലേശമേറിയതാണ്. ദണ്ഡകവനവാസം ഏറ്റവും എളുപ്പമാണ്. അവിടെ ദേഹംമാത്രം ഭരിച്ചാല്‍ മതി. നമ്മുടെ വംശത്തിലെ ഭഗീരഥന്‍ പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ പാതാളഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നു. പൂരു തന്റെ യൗവനം പിതാവിനു നല്‍കിയിട്ട് വാര്‍ദ്ധക്യം ഏറ്റുവാങ്ങി. ഈ പാരമ്പര്യത്തില്‍പെട്ട ഞാന്‍ പിതാവിനു വേണ്ടി വനവാസം ചെയ്യാന്‍ തയ്യാറാണ്. അതിനെന്തിനു ദുഃഖിക്കണം?”
ഇതെല്ലാം കേട്ട് നിസ്സഹായനായി നിന്ന ദശരഥന്‍ തന്നെപ്പഴിച്ചുകൊണ്ട് രാമനോടു പറയുന്നു. ”സ്ത്രീജിതനായ, കാമുകനായ, രാജാക്കന്മാരില്‍ അധമനായ എന്നെ ഒരു കയറില്‍ ബന്ധിച്ചിട്ട് നീ രാജ്യം ഏറ്റെടുക്കണം. അതില്‍ നിനക്കൊരു ദോഷവും സംഭവിക്കില്ല. രാജ്യത്തെ എങ്ങനെയും രക്ഷിക്കുക.”
രാമനെ പിരിയാന്‍ കഴിയില്ലെന്നു പറഞ്ഞ് ദശരഥന്‍ പിന്നെയും വിലപിച്ചുതുടങ്ങി. അപ്പോള്‍ സത്യത്തെ രക്ഷിക്കേണ്ടത് രാജധര്‍മ്മമാണെന്ന് ശ്രീരാമന്‍ ഓര്‍മ്മിപ്പിക്കുകയാണ്. കൈകേയിക്ക് ഒന്നുകൂടി നന്ദി പറഞ്ഞിട്ട് രാമന്‍ മാതാക്കളോടും സീതയോടും യാത്ര ചോദിക്കാന്‍ പുറപ്പെട്ടു.ramayanakathakal

No comments:

Post a Comment