ഐതീഹ്യമാലയിലൂടെ-10
Tuesday 7 August 2018 3:16 am IST
ഒരിക്കല്‍ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാന്‍ നാറാണത്തു ഭ്രാന്തന്‍ പോയി. അദ്ദേഹത്തോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. രണ്ടു പേരും ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയതും ഒരുമിച്ചാണ്. വഴിമധ്യേ തനിക്ക് ദാഹിക്കുന്നുണ്ടെന്ന് നാറാണത്തു പറഞ്ഞു. തനിക്കും ദാഹം സഹിക്കവയ്യെന്ന് കൂടെയുള്ളയാളും പറഞ്ഞു. അതിന് നിവൃത്തിയുണ്ടാക്കാമെന്നായി നാറാണത്ത്. അല്പദൂരം ചെന്നപ്പോള്‍ ഒരു മൂശാരിയുടെ ആലയില്‍ വലിയൊരു വാര്‍പ്പ് വാര്‍ക്കാനായി ഓട് ചൂളയില്‍ വെച്ചിരിക്കുന്നതു കണ്ടു. ഉടനെ നാറാണത്ത് തിളച്ചുമറിയുന്ന ഓട് കൈകൊണ്ട് കോരിക്കുടിച്ചു. കൂടെയുള്ളയാളോടും കുടിച്ചോളാന്‍ പറഞ്ഞു. അയ്യോ, പൊള്ളിച്ചത്തു പോ
കും, എനിക്കുവേണ്ടെന്ന് അയാള്‍ വിലക്കി. തനിക്ക് ഭ്രഷ്ടുണ്ട്. ഞാന്‍ ഉണ്ണുന്നിടത്ത് വന്ന് ഉണ്ടാല്‍ കുടിക്കുന്നിടത്തു നിന്ന് കുടിക്കുകയും വേണമെന്നായി നാറാണത്ത്.
' മുറ്റുമൊരുത്തന്‍ പ്രവര്‍ത്തിച്ചതിനെന്തു
മൂലമെന്നുള്ള വിചാരവും കൂടാതെ
മറ്റവന്‍കൂടെ പ്രവര്‍ത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോര്‍ത്തു കൊണ്ടീടുവിന്‍ '
എന്ന സാരോപദേശത്തിന് ഈ കഥ ഉദാഹരണമാണ്.
കട്ടുറുമ്പുകള്‍ വരിവരിയായി പോകുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന പതിവുണ്ട് നാറാണത്തിന്. ഒരിക്കല്‍ അതു കണ്ട് ഒരാള്‍, എത്രയായി എന്നു ചോദിച്ചു. പതിനായിരം പോയി, പതിനായിരമുണ്ട് അതുകൂടി പോയാല്‍ സുഖമായി എന്നു പറഞ്ഞു.
എത്രയായി എന്നു ചോദിച്ചയാള്‍ക്ക് ഏറെനാളായി ഒരു വയറുവേദനയുണ്ടായിരുന്നു. അതിന്റെ ചികിത്സയ്ക്ക് പതിനായിരം രൂപ ചെലവായിരുന്നു. ഇതു കൂടാതെ ഒരു പതിനായിരം രൂപ അയാളുടെ കൈവശമുണ്ടായിരുന്നു. ആ പതിനായിരം കൂടി ചെലവായാല്‍ വയറ്റില്‍ വേദന ഭേദമാകുമെന്നായിരുന്നു നാറാണത്ത് പറഞ്ഞതിന്റെ സാരം. ഇതു മനസ്സിലാക്കി, അദ്ദേഹം ബാക്കിയിരുന്ന പതിനായിരം കൂടി ചികിത്സയ്ക്കും സത്കര്‍മങ്ങള്‍ക്കുമായി ചെലവാക്കുകയും അസുഖം ഭേദമാകുകയും ചെയ്തു.
നാറാണത്തിനെ പോലെ ദിവ്യനായിരുന്നു സഹോദരനായ അകവൂര്‍ ചാത്തനും. അകവൂര്‍ നമ്പൂരിപ്പാട്ടിലെ ഭൃത്യനായിരുന്നു അദ്ദേഹം. ആ മനയ്ക്കലായിരുന്നു താമസം. മനയ്ക്കലെ അച്ഛന്‍ നമ്പൂരിപ്പാട്ടിന് ഒരിക്കല്‍ അനര്‍ഹയായ ഒരു സ്ത്രീയില്‍ താത്പര്യമുണ്ടായി. അതിനു പരിഹാരമായി അദ്ദേഹം ഗംഗാസ്‌നാനത്തിനിറങ്ങി. കൂടെ ചാത്തനും പോയിരുന്നു. ചാത്തന്റെ കൈയില്‍ ഒരു ചുരയ്ക്കയും ഉണ്ടായിരുന്നു. നമ്പൂരിപ്പാട് സ്‌നാനം കഴിച്ച തീര്‍ഥങ്ങളിലെല്ലാം ചാത്തന്‍ കൈയിലിരുന്ന ചുരയ്ക്കയും മുക്കി. പക്ഷേ ചാത്തന്‍ സ്‌നാനം ചെയ്തില്ല. നമ്പൂരിപ്പാട് തിരികെ വീട്ടിലെത്തി. പാപം മുഴുവന്‍ തീര്‍ന്നെന്ന ചാരിതാര്‍ഥ്യത്തിലായിരുന്നു.
അങ്ങനെയൊരിക്കല്‍ ചാത്തന്‍ കൈയിലിരുന്ന ചുരയ്ക്ക കറിയ്ക്ക് നുറുക്കിക്കൊടുത്തു. കയ്പുള്ള ചുരയ്ക്കയായതിനാല്‍ കൂട്ടാന്‍ വായില്‍ വെയ്ക്കാനാവാത്ത അവസ്ഥയായിരുന്നു. കൂട്ടാന്‍ വായില്‍ വെച്ച നമ്പൂരിപ്പാട് അന്തര്‍ജനത്തോട് കയര്‍ത്തു. കൂട്ടാന് നുറുക്കി തന്നത് ചാത്തനാണ് കഷണമെന്തെന്നറിയില്ലെന്ന് അന്തര്‍ജനം പറഞ്ഞു. ഊണു കഴിഞ്ഞ നമ്പൂരിപ്പാട് ചാത്തനെ വിളിച്ച് കൂട്ടാനു നുറക്കി കൊടുത്ത കഷ്ണം കയ്ക്കുന്നതെന്തെന്നു ചോദിച്ചു. കയ്ക്കുന്നത് തിരുമനസ്സിലെ പാപം തീരാത്തതു കൊണ്ടെന്നായിരുന്നു ചാത്തന്റെ മറുപടി. തിരുമേനി സ്‌നാനം ചെയ്തിടങ്ങളിലെല്ലാം മുക്കിയെടുത്ത ചുരയ്ക്കയാണ് കറിക്കു നുറുക്കി കൊടുത്തത് എന്ന് ചാത്തന്‍ പറഞ്ഞു. ഇതു കേട്ട നമ്പൂരിപ്പാടിന് ചാത്തന്‍ തന്നെ പരിഹസിക്കാനാണ് ചുരയ്ക്ക മുക്കിയെടുത്തതെന്നു മനസ്സിലായി. അദ്ദേഹത്തിന്റെ കോപം മാറി.
ഇനി പാപം മാറാന്‍ ചാത്തന്‍ തന്നെ പ്രതിവിധി നിശ്ചയിക്കൂ എന്നു പറഞ്ഞു നമ്പൂരിപ്പാട്. തിരുമേനി യാതൊന്നിനെ ആഗ്രഹിച്ചുവോ അതിന്റെ ഇരുമ്പു പ്രതിമയുണ്ടാക്കി,തീയിലിട്ടു പഴുപ്പിച്ച് ജനക്കൂട്ടത്തിനു നടുവില്‍ നിന്ന്, ഏതു പാപം തീരാനാണോ, അക്കാര്യം ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതിമയെ ആലിംഗനം ചെയ്യണം എന്നായിരുന്നു ചാത്തന്‍ പ്രതിവിധി നിര്‍ദേശിച്ചത്. അങ്ങനെ ചെയ്യാമെന്നു നമ്പൂതിരി തീരുമാനിച്ചു. പറഞ്ഞതു പോലെ സ്ത്രീപ്രതിമയുണ്ടാക്കി, പ്രായശ്ചിത്തം നടത്തുന്നതിനെക്കുറിച്ച് നാടൊട്ടുക്കും പരസ്യം ചെയ്ത് താന്‍ ചെയ്ത പാപം വിളിച്ചു പറഞ്ഞ് ചുട്ടു പഴുത്ത പ്രതിമയെ ആലിംഗനം ചെയ്യാനായി ഓടിയടുത്തു. ഇതു കണ്ട ചാത്തന്‍ അദ്ദേഹത്തെ തടഞ്ഞു കൊണ്ട്, മതി നിര്‍ത്തൂ, അങ്ങയുടെ പാപമെല്ലാം തീര്‍ന്നിരിക്കുന്നു എന്നു പറഞ്ഞു. കൂടിനിന്ന ജനങ്ങളും അക്കാര്യം ഒരേ മനസ്സോടെ സമ്മതിച്ചു. പാപമോചനത്തിന് ഗംഗാസ്‌നാനമല്ല, പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്ന് ഇതിലൂടെ സ്പഷ്ടമാകുന്നു.
No comments:
Post a Comment