Monday, August 06, 2018

ഉപനിഷത്തിലൂടെ -223 /ബൃഹദാരണ്യകോപനിഷത്ത്- 21/ സ്വാമി അഭയാനന്ദ
Saturday 4 August 2018 1:04 am IST
കര്‍മ്മം ക്ഷയിക്കാത്തതിനാല്‍ ഗൃഹസ്ഥര്‍ കര്‍മ്മമനുഷ്ഠിക്കണം. ഗൃഹസ്ഥര്‍ ചെയ്യേണ്ടതായ വിവിധ യജ്ഞങ്ങളെ  പറയുകയാണ് ഇനി. പലതിനും ആശ്രയമാണ് ഗൃഹസ്ഥാശ്രമം
അഥോ അയം വാ ആത്മാ സര്‍വ്വേഷാം ഭൂതാനാം ലോക:.........
അവിദ്വാനും ഗൃഹസ്ഥനുമായ ഈ ആത്മാവ് തന്നെ എല്ലാവര്‍ക്കും ആശ്രയമാകുന്നു.
അയാള്‍ ഹോമങ്ങളും യാഗങ്ങളും ചെയ്യുന്നതിനാല്‍ ദേവന്‍മാര്‍ക്ക് ആശ്രയമാണ്. വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കുന്നതിനാല്‍ ഋഷികള്‍ക്ക് ആശ്രയമാണ്. പിതൃക്കള്‍ക്ക് തര്‍പ്പണം മുതലായവ ചെയ്യുന്നതിനാലും സന്തതി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതിനാലും പിതൃക്കള്‍ക്ക് ആശ്രയമാണ്. മനുഷ്യര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനും ഒരുക്കി കൊടുക്കുന്നതിനാല്‍ മനഷ്യര്‍ക്ക് ആശ്രയമാണ്.
പശുക്കള്‍ക്ക് പുല്ലും വെള്ളവും. നല്‍കുന്നതിനാല്‍ പശുക്കള്‍ക്ക് ആശ്രയമാണ്. അയാളുടെ വീട്ടില്‍ മൃഗങ്ങളും പക്ഷികളും ഉറുമ്പ് ഉള്‍പ്പടെയുള്ള ജീവികളും  ജീവിക്കുന്നതിനാല്‍ അവര്‍ക്കും ആശ്രയമാണ്.
ഒരാള്‍ തന്റെ ദേഹത്തിന് നാശമില്ലായ്മയെ ആഗ്രഹിക്കുന്നതു പോലെ എല്ലാ ജീവികളും മറ്റുള്ളവയ്‌ക്കൊക്കെ ആശ്രയമാണ് എന്നറിയുന്നയാള്‍ എല്ലാറ്റിന്റെയും നാശമില്ലായ്മയെ ആഗ്രഹിക്കും. 
ഈ പറഞ്ഞവയൊക്കെ  അവശ്യം ചെയ്യേണ്ടവയാണെന്ന് പറയപ്പെടുകയും വിചാരം ചെയ്യുകയും ചെയ്തിട്ടുണ്ട്.
 ഗൃഹസ്ഥരായവര്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളെക്കുറിച്ചാണ്  ഇവിടെ പറഞ്ഞത്. ദേവന്‍മാരെ യജിക്കുന്നത് ദേവയജ്ഞം. ശാസ്ത്ര പഠനം നടത്തുന്നത് ബ്രഹ്മ യജ്ഞം. പിതൃക്കള്‍ക്ക് ബലിതര്‍പ്പണങ്ങള്‍ നല്‍കുന്നത് പിതൃയജ്ഞം. അതിഥികള്‍ക്കും ആവശ്യക്കാര്‍ക്കും കൊടുക്കുന്നത് മനുഷ്യയജ്ഞം. ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂതയജ്ഞം.
മനുഷ്യര്‍ ജ്ഞാനികളാകുന്നത് ദേവന്‍മാര്‍ക്ക് ഇഷ്ടമില്ല. ജ്ഞാനിക്ക് കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടതില്ല എന്നതിനാല്‍ പിന്നെ ഒരാള്‍ ജ്ഞാനിയായാല്‍ പിന്നെ അയാളില്‍ നിന്ന് തങ്ങള്‍ക്ക് ഒന്നും കിട്ടില്ല എന്ന് ദേവന്‍മാര്‍ക്ക് അറിയാം.
ആത്മൈവൈദമഗ്ര ആസിദേക ഏവ; സോളകാമയത, ജായാ മേ സ്യാത്........
ആദ്യം ബ്രഹ്മചാരി സ്വരൂപമായുള്ള ആത്മാവ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ അയാള്‍ എനിക്ക് ഒരു ഭാര്യയുണ്ടാകണമെന്ന് ആഗ്രഹിച്ചു. പിന്നെ ഞാന്‍ മകനായി ജനിക്കണം. പിന്നെ എനിക്ക് ധനമുണ്ടാകണം. പിന്നെ എനിക്ക് കര്‍മം  ചെയ്യണം.
കാമം ഇത്രമാത്രമേ ഉള്ളൂ. ആഗ്രഹിക്കുകയാണെങ്കിലും ഇതിനേക്കാള്‍ കൂടുതലായി കിട്ടുകയുമില്ല. അതിനാല്‍ ഏകാകിയായ ഒരാള്‍ ഇപ്പോഴും ഇങ്ങനെ ആഗ്രഹിക്കാറുണ്ട്. എനിക്ക് ഭാര്യയും മക്കളും ധനവുമൊക്കെ വേണമെന്നും കര്‍മം ചെയ്യണമെന്നുമൊക്കെ വിചാരിക്കും. ഇവ ഓരോന്നും നേടാത്തിടത്തോളം  താന്‍ അപൂര്‍ണ്ണനാണെന്ന് കരുതും.
 എന്നാല്‍ അയാള്‍ക്ക് പാങ്ക്ത ഭാവനയിലൂടെ പൂര്‍ണ്ണത നേടാം. മനസ്സിനെ ആത്മാവായും വാക്കിനെ പത്‌നിയായും പ്രാണനെ പ്രജയായും ചക്ഷുസ്സിനെ ധനമായും ശരീരത്തെ കര്‍മ്മമായും കാണലാണ് ഇത്. അഞ്ച് കൂട്ടം കാര്യങ്ങളെ കൊണ്ട് ഉള്ളതാണ് പാങ്ക്തം. ഈ പാങ് ക്തം കൊണ്ട് നടത്തുന്നത് യജ്ഞമാണ്.
പശുവും പുരുഷനും പാങ് ക്തമാണ്. കര്‍മ്മ സാധനവും ഫലവും പാങ്ക്തമാണ്. ഇങ്ങനെ സ്വയം തന്നെത്തന്നെ പാങ് ക്തമായി അറിയുന്നയാള്‍ ഈ ജഗത്തിനെയെല്ലാം ആത്മാവെന്ന നിലയില്‍ പ്രാപിക്കും.

No comments:

Post a Comment