Saturday, August 18, 2018

ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍-106
Sunday 19 August 2018 2:33 am IST
വൈദിക, താന്ത്രിക ഉപനയനദീക്ഷകളുടെ പ്രാഗ്രൂപവും പ്രാചീനഗോത്രസംസ്‌കൃതിയുടെ തുടര്‍ച്ചയാണെന്നാണ് ഭട്ടാചാര്യ സമര്‍ത്ഥിക്കുന്നത്. ആ ഗോത്രങ്ങളില്‍ ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നീ മുന്നു പ്രായങ്ങളിലേക്കും കടക്കുമ്പോള്‍ പ്രത്യേകം ചടങ്ങുകള്‍ നടത്തിയിരുന്നു. ഇവയില്‍ പ്രായപൂര്‍ത്തിയാകലിന്റെ ചടങ്ങുകള്‍ക്കായിരുന്നു പ്രാധാന്യം. ഗോത്രാംഗമാകലിന്റെ പൂര്‍ണതയും വൈവാഹികജീവിതത്തിനുള്ള പ്രാപ്തിയും വിളിച്ചോതുന്നവയായിരുന്നു ആ ചടങ്ങുകള്‍. മധ്യഭാരതത്തിലെ ചില വനഗോത്രങ്ങളില്‍ ഈ ചടങ്ങു നടത്താത്ത യുവതീയുവാക്കളെ പിചാശുക്കളെന്ന നിലയില്‍ കണ്ടിരുന്നു. ഫിജിയില്‍ സുന്നത്തു നടത്താത്തവരെ കൂട്ടത്തില്‍ കൂട്ടുന്നില്ല. ആസ്‌ട്രേലിയയിലെയും മറ്റും പല ഗോത്രങ്ങളിലും വിചിത്രങ്ങളും രഹസ്യസ്വഭാവമുള്ളവയുമായ ഇത്തരം ആചാരങ്ങളും നടപടികളും പിന്തുടരുന്നതായി ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു.  
ഈ പ്രാചീനചടങ്ങുകളുടെ രഹസ്യാത്മകതയും ബൗദ്ധതന്ത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില നിരീക്ഷണങ്ങളും ഭട്ടാചാര്യ ഇവിടെ നടത്തുന്നുണ്ട്. ബൗദ്ധതാന്ത്രികത്തിലെ പ്രധാനഗ്രന്ഥങ്ങളിലൊന്നാണ് ഗുഹ്യസമാജതന്ത്രം. ഒരുകാലത്ത് ചില താന്ത്രികര്‍ ബുദ്ധമതം സ്വീകരിക്കുകയും പുറമേക്ക് ബുദ്ധന്‍, സംഘം, ധര്‍മം എന്നീ ബൗദ്ധസങ്കേതങ്ങളെ മാനിക്കുകയും ഗുഹ്യസമാജങ്ങള്‍ രൂപീകരിച്ച് രഹസ്യമായി താന്ത്രികച്ചടങ്ങുകള്‍ അനുവര്‍ത്തിക്കുകയും ചെയ്തുപോന്നു എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. തിരിച്ചാകാനാണ് കൂടുതല്‍ സാധ്യത. ബൗദ്ധന്മാര്‍ തന്ത്രത്തെ പുല്‍കുകയും രഹസ്യമായി അനുഷ്ഠിക്കുകയും ചെയ്തുപോന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. വൈദികരും ഒരുകാലത്ത് തന്ത്രത്തെ സ്വീകരിച്ചതിനു തെളിവുകള്‍ ഏറെയുണ്ട്.
വൈദികഋഷിയായ വസിഷ്ഠന്‍ മഹാചീനയില്‍ പോയി തന്ത്രത്തിലെ മഹാചീനക്രമം എന്നറിയപ്പെടുന്ന താരാസമ്പ്രദായത്തില്‍ ദീക്ഷ സ്വീകരിക്കുകയും അസാമിലെ വസിഷ്ഠാശ്രമം എന്ന് ഇന്നറിയപ്പെടുന്ന പ്രദേശത്ത് ആ സാധന അനുഷ്ഠിക്കുകയും ചെയ്തു എന്ന് ആര്‍തര്‍ ആവലോണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരാതന്ത്രം, രുദ്രയാമളം, ബ്രഹ്മയാമളം എന്നീ തന്ത്രഗ്രന്ഥങ്ങളില്‍ ഈ കഥ വിവരിക്കുന്നുണ്ട്. തന്ത്രമാര്‍ഗത്തെ സ്വീകരിച്ച വൈദികരുടെ ഇടയില്‍ അനുവര്‍ത്തിച്ചുപോന്ന ആചാരത്തെ വെളിവാക്കുന്ന ഒരു ശ്ലോകം ഉണ്ട്- അന്തശ്ശാക്തോ ബഹിശ്ശൈവഃ സഭായാം വൈഷ്ണവോ മതഃ. ആശയം സ്പഷ്ടമാണല്ലോ. 
 അഷ്ടസിദ്ധികള്‍- തന്ത്രസാധനയിലൂടെ അമാനുഷങ്ങളായ കഴിവുകള്‍ ആര്‍ജ്ജിക്കാമെന്നു തന്ത്രഗ്രന്ഥങ്ങളില്‍ കാണുന്നു. നാഥസമ്പ്രദായത്തിലെ ഹഠയോഗം, ഷഡ്ദര്‍ശനങ്ങളിലെ പാതഞ്ജലയോഗം എന്നിവ വഴിയും ഇത്തരം സിദ്ധിവിശേഷങ്ങള്‍ നേടാന്‍ കഴിയും എന്ന് യോഗഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. വൈദികമായ ആപസ്തംബധര്‍മസൂത്രത്തില്‍ ഇവയെ പരാമര്‍ശിക്കുന്നുണ്ട്. സാധനമാലാ എന്ന ബൗദ്ധതന്ത്രഗ്രന്ഥത്തില്‍ ഖഡ്ഗം, അഞ്ജനം, പാദലേപം, അന്തര്‍ധാനം, രസരസായനം, ഖേചര, ഭൂചര, പാതാളസിദ്ധി എന്ന അഷ്ടസിദ്ധികളെ വിവരിക്കുന്നു. 
 പ്രപഞ്ചസാരം, ശാരദാതിലകം തുടങ്ങിയ പില്‍ക്കാല വൈദിക- താന്ത്രികഗ്രന്ഥങ്ങളിലും എട്ടുതരം സിദ്ധികളെ പറയുന്നുണ്ട്. അണിമാ, ലഘിമാ, മഹിമാ, ഗരിമാ, പ്രാപ്തി, പ്രാകാമ്യം, വശിത്വം, ഈശിത്വം എന്നിവയാണവ. ശ്രീവിദ്യാസമ്പ്രദായത്തിലെ സാഹിത്യങ്ങളില്‍ പത്തുതരം സിദ്ധിവിശേഷങ്ങളെ സ്വീകരിച്ചിരിക്കുന്നതായി കാണുന്നു. 
ആധുനികശാസ്ത്രലോകം ഇത്തരം സിദ്ധിവിശേഷങ്ങള്‍ കൈവരിക്കാനുള്ള സാധ്യതയെ അപ്പാടെ തള്ളിക്കളയുന്നില്ല. ഇതു സംബന്ധിച്ച ഗവേഷണപഠനങ്ങളില്‍ പല ശാസ്ത്രജ്ഞരും കൂടുതല്‍ താല്‍പര്യം കാണിച്ചുവരുന്നു. ജിം എല്‍വിഡ്ജ് എഴുതിയ ദി യൂണിവേഴ്‌സ് സോള്‍വ്ഡ് (2007) എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ ഇതുസംബന്ധിച്ച വിവരണങ്ങളും വിശദീകരണങ്ങളും കാണാം.
ഷള്‍ക്കര്‍മങ്ങള്‍- മാരണം, ഉച്ചാടനം, വശീകരണം, സ്തംഭനം, വിദ്വേഷണം, ശാന്തി എന്നിവയാണ് തന്ത്രമന്ത്രസാഹിത്യങ്ങളില്‍ വിവരിക്കുന്ന ഷള്‍ക്കര്‍മങ്ങള്‍. ഋഗ്വേദം, ആപസ്തംബഗൃഹ്യസൂത്രം, വാജസനേയീ സംഹിതാ, കാത്യായനശ്രൗതസൂത്രം, തൈത്തിരീയ സംഹിതയും ബ്രാഹ്മണവും ആരണ്യകവും, അഥര്‍വവേദം, അഗ്നിപുരാണം, മത്സ്യപുരാണം മുതലായ വൈദികസാഹിത്യങ്ങളിലും ഇത്തരം കര്‍മങ്ങള്‍ വിവരിക്കുന്നതായി ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. പ്രാ
ചീനഗോത്രതലജീവിതത്തിലെ പല വിശ്വാസങ്ങളിലും ചടങ്ങുകളിലും ഇവയുടെയും വേരുകള്‍ കാണാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒടിയന്‍, കൈവിഷം മുതലായ തനി നാടന്‍ സങ്കല്‍പങ്ങളും പ്രയോഗങ്ങളും ഒരുകാലത്ത് കേരളീയജീവിതത്തിന്റെ ഭാഗമായിരുന്നല്ലോ.
സുദീര്‍ഘമായ ഈ ലേഖനപരമ്പരയില്‍ വൈദികം, നാഥസമ്പ്രദായം എന്നിവയ്ക്കു ശേഷം നാം പരിചയപ്പെട്ട ആത്മാനുഭൂതിപ്രധാനമായ ദര്‍ശനപദ്ധതിയാണ് തന്ത്രം. പ്രത്യേക തരത്തിലുള്ള ഗുരു- ശിഷ്യസങ്കല്‍പം, ദീക്ഷ, പഞ്ചമകാരങ്ങള്‍, അഷ്ടസിദ്ധികള്‍, ഷള്‍ക്കര്‍മങ്ങള്‍, ജന്തുബലി എന്നിങ്ങനെ പലതരത്തില്‍ ക്ഷോഭജനകങ്ങളും അത്യന്തം രഹസ്യാത്മകങ്ങളുമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിയുടെ  ശാസ്ത്രീയനാമം കൗളം എന്നാണ്. ഈ കൗളമാര്‍ഗത്തിനുള്ളില്‍ തന്നെ പല പിരിവുകള്‍ ഉണ്ട്. വൃഷണോത്ഥം, വഹ്നി, സദ്ഭാവം, പദോത്ഥിഷ്ഠം, മഹാകൗളം, സിദ്ധം, ജ്ഞാനനിര്‍ണീതി, സിദ്ധാമൃതം, സൃഷ്ടി, ചന്ദ്രം, ശക്തിഭേദം, ഊര്‍മി, ജ്ഞാനം തുടങ്ങിയ നിരവധി പിരിവുകള്‍ ഈ ഗുപ്തമാര്‍ഗത്തിലുണ്ട്. യോഗിനീകൗളം എന്ന ശാഖ നാഥസമ്പ്രദായത്തിന്റെ അവതാരകനായ മത്സ്യേന്ദ്രനാഥന്‍ തുടങ്ങിയതാണെന്ന് പി.സി. ബാഗ്ചി എന്ന പണ്ഡിതന്‍ അഭിപ്രായപ്പെടുന്നു.
ഈ കൗളതന്ത്രത്തിന്റെ മറ്റൊരു വര്‍ഗീകരണം കേരളം (അംഗം തൊട്ടു മാളവം വരെ), കാശ്മീരം (മാദ്രം തൊട്ടു നേപാളം വരെ), ഗൗഡം (ശിലഹട്ടം തൊട്ടു സിന്ധു വരെ) എന്ന മൂന്നായിട്ടാണ്. ശക്തിസംഗമതന്ത്രത്തില്‍ ഇവയെ വിവരിക്കുന്നുണ്ട്. പുരശ്ചര്യാര്‍ണവത്തില്‍ ഈ ഭാഗം ഉദ്ധരിക്കുന്നുണ്ട്. സമ്മോഹനതന്ത്രത്തില്‍ വൈലാസം  (ഈ ക്രമം ഭാരതത്തില്‍ എല്ലായിടത്തും നടപ്പിലുണ്ടായിരുന്നത്രേ) എന്നതും ചേര്‍ത്ത് നാലുതരം കൗളധാരകളെ പറയുന്നു. മഹാസിദ്ധസാരതന്ത്രത്തില്‍ ഭൂപരമായ മറ്റൊരു വിഭജനം പറഞ്ഞിരിക്കുന്നു- വിഷ്ണുക്രാന്താ (വിന്ധ്യപര്‍വതം തൊട്ട് കിഴക്ക് ജാവ വരെ), രഥക്രാന്താ (വിന്ധ്യപര്‍വതത്തിനു വടക്ക് മഹാചീന വരെ), അശ്വക്രാന്താ (ഭാരതത്തിന്റെ മറ്റു ഭാഗങ്ങള്‍). ഓരോ ക്രാന്തകള്‍ക്കും 64 (ചതു: ഷഷ്ടി) വീതം തന്ത്രങ്ങളും ഉണ്ടായിരുന്നു. സൗന്ദര്യലഹരിയില്‍  ചതുഃ ഷഷ്ടിതന്ത്രങ്ങളെ പരാമര്‍ശിക്കുന്നുണ്ടല്ലോ.
(തുടരും)
കെ.കെ.വാമനന്‍

No comments:

Post a Comment