Saturday, August 18, 2018

അധ്യായം-18 -ശ്ലോകം 53
(1) അഹങ്കാരം- ഞാന്‍ മഹാന്മാരുടെ കുലത്തില്‍ ജനിച്ചവനാണ്; മഹാന്മാരുടെ ശിഷ്യനാണ്; എനിക്ക് സമനായിട്ട് വേറൊരാള്‍ ഇല്ല- എന്നിങ്ങനെയുള്ള അഹങ്കാരം ഉപേക്ഷിക്കണം.
(2) ബലം- തന്റെ സാമര്‍ത്ഥ്യത്തെക്കുറിച്ചുള്ള അഭിമാനം. അത്യധികമായ ആഗ്രഹം കൊണ്ടും ഭൗതിക സുഖങ്ങളോടുള്ള സ്‌നേഹം കൊണ്ടുമുള്ള സാമര്‍ത്ഥ്യ പ്രകടനം.
(3) ദര്‍പ്പം- വര്‍ധിച്ച സന്തോഷം മൂലം ഉണ്ടാവുന്ന മദം.
(4) കാമം- യദൃച്ഛയാ കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങളുടെ ഫലമായി വന്നുചേരുന്ന വിഷയസുഖ വസ്തുക്കളെ സ്വീകരിക്കാനുള്ള ആഗ്രഹം. ഭൗതിക സുഖങ്ങളില്‍, ''വൈരാഗ്യം സമുപാ
്രശിതഃ''എന്ന് വൈരാഗ്യം ആവശ്യമാണെന്ന് മുമ്പ് പറഞ്ഞതാണെങ്കിലും ആഗ്രഹത്തെ ഉപേക്ഷിക്കാന്‍ വളരെ പ്രയത്‌നം വേണം എന്ന് സൂചിപ്പിക്കാനാണ് വീണ്ടും എടുത്തു പറഞ്ഞത്.
(5) ക്രോധം- ആഗ്രഹിച്ച പദാര്‍ത്ഥം കിട്ടാതെ വരുമ്പോല്‍ ക്രോധം ഉണ്ടാവുന്നു. 
(6) പരിഗ്രഹം
ശരീരം നിലനിര്‍ത്താന്‍ വേണ്ടിയും ആത്മീയാനുഷ്ഠാനങ്ങള്‍ക്കു വേണ്ടിയും സജ്ജനങ്ങള്‍ സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള്‍  സൂക്ഷിച്ച് വെക്കുക, നാളേക്ക് കരുതിവക്കുക.
ഈ ആറുകാര്യങ്ങള്‍ ഒരു തരത്തിലും ചെയ്യരുത് എന്ന് പറയുന്നു
''വിമുച്യ''- എന്ന പദത്തിലൂടെ- ''വിശേഷണ മുക്താ''- എന്ന് ആചാര്യന്മാര്‍ വ്യാഖ്യാനിക്കുന്നു.
മാത്രമല്ല,
''നിര്‍മ്മമഃ ശാന്തഃ''
(=നിര്‍മമനും ശാന്തനും ആകണം)
ദേഹംപോലും നിലനില്‍ക്കണം എന്ന ആഗ്രഹമില്ലാതായിത്തീരണം. മഴയത്തോ, വെയിലത്തോ, ചെളിയിലോ ആ യോഗി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതു കാണാം. ഒരു ചലനവും ഇല്ല. ഇതാണ് പരമഹംസന്മാരുടെ അവസ്ഥ. ആ ശ്രീകൃഷ്ണ ഭഗവാന്റെ ബ്രഹ്മഭാവത്തില്‍ ആമഗ്നയായി നില്‍ക്കുന്നു. ബ്രഹ്മം എന്നിലാണ് പ്രതിഷ്ഠിതമായി നില്‍ക്കുന്നത് എന്ന് ഭഗവാന്‍ പതിനാലാമധ്യായത്തില്‍ പറഞ്ഞത് നാം ഓര്‍ക്കണം.
''ബ്രഹ്മന്നോഹി പ്രതിഷ്ഠാഹം'' (14-27)
(=ബ്രഹ്മണഃ പ്രതിഷ്ഠാ അഹം- പ്രതി തിഷ്ഠതി അസ്മിന്‍  ഇതി! അഹം പ്രത്യാഗാത്മാ- എന്ന് ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.)
''ബ്രഹ്മ ഏവ അഹം, ശക്തി ശക്തിമതോഃ അനന്യത്വാല്‍'' 
(=ബ്രഹ്മം തന്നെയാണ് ഞാന്‍; ശക്തിയെയും ശക്തിമാനെയും വേര്‍തിരിക്കാന്‍ കഴിയില്ലല്ലോ.)
സൂര്യഗോളത്തില്‍ നിന്ന് രശ്മി സമൂഹം ആവിര്‍ഭവിച്ച് സര്‍വത്ര വ്യാപിച്ചുനില്‍ക്കുന്നത് നമുക്കു കാണാം. സൂര്യനും രശ്മികളും വ്യത്യസ്തമായ വസ്തുക്കളല്ല. സൂര്യന്‍ എന്നുപറയുമ്പോള്‍ രശ്മികളും ഉള്‍പ്പെടുന്നു. സൂര്യനില്ലെങ്കില്‍ രശ്മികളും ഇല്ല. അതുപോലെ ഭഗവാനില്‍നിന്ന് ബ്രഹ്മതേജസ്സ് പ്രവഹിക്കുന്നു. ആ തേജസ്സില്‍ ജ്ഞാനയോഗിക്കു തേജോകണമായി നില്‍ക്കുന്നു. ഈ വസ്തുതയാണ്-18-ാം അധ്യായത്തിലെ 53-ാം ശ്ലോകത്തില്‍ ഇതാ-
''ബ്രഹ്മഭൂയായ കല്‍പതേ'' എന്ന് ഭഗവാന്‍ പറയുന്നത്.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment