Friday, August 03, 2018

വൈവസ്വതമനുവംശ വര്‍ണ്ണന, സുദ്യുമ്നന്റെ സ്ത്രീത്വപ്രാപ്തി – ഭാഗവതം (194)

ഒന്‍പതാം സ്കന്ധം ആരംഭം
ശ്രൂയതാം മാനവോ വംശഃ പ്രാചുര്യേണ പരം തപ
നശക്യതേ വിസ്തരതോ വക്തും വര്‍ഷശതൈരപി (9-1-7)
ശുകമുനി തുടര്‍ന്നുഃ
മനുവിന്റെ പിന്‍ഗാമികളെപ്പറ്റിയുളള ചെറിയൊരു വിവരണം നല്‍കാം. ഒരു നൂറു വര്‍ഷമുണ്ടായാലും പരിപൂര്‍ണ്ണമായി അതു വിവരിക്കുക അസാദ്ധ്യം. ശ്രദ്ധാദേവന്‍, വിവസ്വന്റെയും സംജ്ഞനയുടെയും പുത്രനായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ മന്വന്തരത്തിലെ മനുവായ വൈവസ്വതനത്രെ. അദ്ദേഹത്തിന്‌ മക്കളില്ലായിരുന്നു. അതിനാല്‍ വസിഷ്ഠമുനി സന്താനപ്രാപ്തിക്കായി ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. പുത്രനെ ആഗ്രഹിച്ചിരുന്ന രാജാവിന്റെ പത്നിക്കാകട്ടെ ഒരു മകളെയാണു വേണ്ടിയിരുന്നത്‌. അതുകൊണ്ട്‌ രാജപത്നി ഒരു യാഗപുരോഹിതനെ സമീപിച്ച്‌ ആഗ്രഹമറിയിച്ചു. പുരോഹിതന്‍ മന്ത്രത്തില്‍ ചെറിയൊരു വ്യതിയാനം വരുത്തിയതിന്റെ ഫലമായി ഒരു മകളാണുണ്ടായത്‌. രാജാവ്‌ ആശാഭംഗത്തോടെ വസിഷ്ഠനോട്‌ പരാതി പറഞ്ഞു. ഭഗവല്‍ശക്തികൊണ്ട്‌ വസിഷ്ഠന്‌ കുട്ടിയുടെ ലിംഗം മാറ്റുവാനുളള കഴിവുണ്ടായി. അങ്ങനെ മനുപുത്രിയായ ഇള, സുദ്യുമ്നന്‍ എന്ന മകനായിത്തീര്‍ന്നു.
ഒരു ദിവസം സുദ്യുമ്നന്‍ തന്റെ പരിവാരങ്ങളോടൊത്ത്‌ വനത്തില്‍ നായാട്ടിനു പോയി. അവര്‍ മേരു പര്‍വ്വതത്തിന്റെ താഴ്‌വരയില്‍ ചെന്നു. അവിടെ ഭഗവാന്‍ പരമശിവന്‍ പാര്‍വ്വതിയോടൊപ്പം കഴിയുന്നു. അവര്‍ ആ വനത്തില്‍ പ്രവേശിച്ച മാത്രയില്‍ നായാട്ടുസംഘത്തിലെ കുതിരകളടക്കം എല്ലാവരും സ്ത്രീകളായിത്തീര്‍ന്നു. ഇതിനൊരു കാരണമുണ്ട്‌. വളരെ പണ്ട്‌ ഒരു മുനി ഈ വനത്തില്‍ കയറി. അവിടെ പരമശിവനും പാര്‍വ്വതിയും രമിച്ചിരിക്കുന്ന അവസരമായിരുന്നു. മഹര്‍ഷിയെ കണ്ട പാര്‍വ്വതി ലജ്ജിതയായി വ്യസനിച്ചു. മുനി തലതിരിച്ച്‌ അവിടെ നിന്നും പോയി. എങ്കിലും തന്റെ പ്രിയതമയ്ക്കു നേരിട്ട ശല്യത്തെ ഓര്‍ത്ത്‌ പരമശിവന്‍ ശപിച്ചു. “ഈ വനത്തില്‍ പ്രവേശിക്കുന്നു ഏവനും ഒരു സ്ത്രീയായി മാറട്ടെ.” അതിനുശേഷം ആരും ആ വനത്തില്‍ പ്രവേശിക്കാറില്ലായിരുന്നു.
സുദ്യുമ്നന്‍ ഒരു യുവതിയായി വനത്തില്‍ കുറച്ചുനാള്‍ അലഞ്ഞു നടന്നു. അവളെ കണ്ട്‌ ബുധന്‍ പ്രേമപരവശനായി, വിവാഹം ചെയ്തു. അവള്‍ക്കൊരു പുത്രനുണ്ടായി. പുരൂരവന്‍. അങ്ങനെ സ്ത്രീവേഷം അഭിനയിക്കേ സുദ്യുമ്നന്‌ വസിഷ്ഠമുനിയെ ഓര്‍മ്മ വന്നു. ക്ഷണനേരംകൊണ്ട്‌ മുനി പ്രത്യക്ഷണായി. വസിഷ്ഠന്‍ സുദ്യുമ്നനു വേണ്ടി പരമശിവനോട്‌ പ്രാര്‍ത്ഥിച്ചു. തല്‍ഫലമായി എല്ലാ ഒന്നരാടന്‍ മാസങ്ങളും സുദ്യുമ്നന്‍ പുരുഷനായി മാറുന്നതാണ്‌. അങ്ങനെ പരമശിവന്റെ ശാപം ഫലിക്കുകയും ചെയ്യും. അങ്ങനെ ഭാഗികമായ സംതൃപ്തിയോടെ സുദ്യുമ്നന്‍ തന്റെ രാജ്യത്തേക്കു മടങ്ങിപ്പോയി. അതിനുശേഷം അദ്ദേഹത്തിനു മൂന്നു് പുത്രന്മാരുണ്ടായി. ഉത്കലന്‍, ഗയന്‍, വിമലന്‍ എന്നിവര്‍. ഇവര്‍ ദക്ഷിണഭാരതത്തിന്റെ ഭരണാധികാരികളായി. കുറച്ചുകാലംകൂടി കഴിഞ്ഞ്‌ സുദ്യുമ്നന്‍ വനവാസത്തിനു പോയപ്പോള്‍ പുരൂരവനെ രാജാവായി അവരോധിച്ചു.

No comments:

Post a Comment