Friday, August 03, 2018

‘നക്ഷത്രപ്പാന’യിലെ നാട്ടറിവ്‌‘

ചന്ദ്രഗണങ്ങൾ പണ്ടുതന്നെ നിരീക്ഷിക്കപ്പെട്ട്‌ അവയിലുളള നക്ഷത്രങ്ങളുടെ എണ്ണവും അവ നൽകുന്ന രൂപവും മനസ്സിലാക്കിയിട്ടുണ്ട്‌. ഇതെല്ലാം വിവരിക്കുന്ന നക്ഷത്രപ്പാനകൾ പലതുമുണ്ട്‌. ചന്ദ്രഗണങ്ങളിൽ ചിലത്‌ സൂര്യപാതയിലാകയാൽ സൂര്യനാൽ മറക്കപ്പെടാറുണ്ട്‌. ഓരോന്നിനേയും കുറിച്ച്‌ വിശദമായി പരിശോധിക്കാം.

അശ്വതിഃ അശ്വതികൾ രണ്ടെണ്ണമാണുളളത്‌. രണ്ടു കുതിരകൾ. അശ്വതി നക്ഷത്രത്തിന്റെ ദേവത അശ്വനീദേവകളാണ്‌. അവർ സൂര്യപുത്രന്മാരാണ്‌. സൂര്യന്റെ ചൂട്‌ സഹിക്കാനാവാതെ പത്‌നി സംജ്ഞ തന്റെ സഖിയായ ഛായയെ ഭർത്താവിനെയും കുട്ടികളേയും ശുശ്രൂഷിക്കാനേല്പിച്ചു അവിടം വിട്ടുപോയി. വളരെ കാലത്തിന്‌ ശേഷമാണ്‌ സൂര്യൻ വിവരമറിഞ്ഞത്‌. പത്‌നിയെ തേടി നടന്ന സൂര്യൻ അവൾ ഒരു കുതിരയുടെ രൂപം പൂണ്ട്‌ മേഞ്ഞു നടക്കുന്നതായി കണ്ടു. സൂര്യദേവന്‌ അവളിലുണ്ടായ ഇരട്ടക്കുട്ടികളാണ്‌ അശ്വനീദേവകൾ എന്നാണ്‌ ഭാരതീയപുരാണങ്ങൾ പറയുന്നത്‌.

അശ്വതിഗണത്തിൽ രണ്ടു നക്ഷത്രങ്ങളാണുളളതെന്ന്‌ സൂര്യസിദ്ധാന്തത്തിൽ കാണുന്നു. അശ്വതി ആട്ടിൻതലപോലെ എന്നും ചൊല്ലുണ്ട്‌ അശ്വമുഖമായാലും ആട്ടിൻതലയായാലും രൂപമെടുക്കാൻ മൂന്നു നക്ഷത്രങ്ങൾ വേണം. അതവിടെയുണ്ടുതാനും. രണ്ടെണ്ണത്തിന്‌ ശോഭയേറും. ഏതാണ്ട്‌ തുല്യശോഭയുണ്ടവയ്‌ക്ക്‌. മൂന്നാമത്തേതിന്‌ ശോഭ കുറവാണ്‌. അശ്വതി നക്ഷത്രത്തിന്റെ ത്രികോണം കാണാൻ വലിയ ബുദ്ധിമുട്ടില്ല. ഇവയിൽ വടക്കോട്ടു നീങ്ങിക്കിടക്കുന്നതാണ്‌ യോഗതാര.

ഭരണിഃ ഭറ്‌ എന്ന ധാതുവിൽ നിന്നുണ്ടായ പദമാണിത്‌. ഭരണിയുടെ ദേവത യമനാണ്‌. വളരെ മങ്ങിയ നക്ഷത്രങ്ങൾ കൊണ്ടുളെളാരു കൊച്ചു ത്രികോണമാണിത്‌. ഭരണി അടുപ്പു പോലെയെന്നും യോനിപോലെയെന്നും പറയാറുണ്ട്‌. നാം വീട്ടിലുപയോഗിക്കുന്ന ഭരണിയുമായി ഇതിനു ബന്ധമൊന്നുമില്ല. ‘മാധവീയ’ത്തിൽ യോനിപോലെ എന്നുപറഞ്ഞിട്ടുണ്ട്‌. വൈദികകാലത്ത്‌ ഇതിനെ അപഭരണി, അപസരണി എന്നീ പേരുകൾ പറയാറുണ്ട്‌. അശ്വതിയിലെ കണക്കിനുവിപരീതമായി ഭരണിയിലെ മൂന്നു നക്ഷത്രങ്ങളിൽ തെക്കോട്ടുനീങ്ങിക്കിടക്കുന്നതാണ്‌ യോഗതാര. തൈത്തരീയ ബ്രാഹ്‌മണത്തിൽ അപസരണി എന്ന നാമം കാണുന്നു. ഈ ഗണത്തെ ചില പാശ്ചാത്യർ ‘ഈച്ച’ എന്നു പറയുന്നു.

കാർത്തികഃ കൈവട്ടകപോലെ എന്നാണ്‌ രൂപം പറയുന്നത്‌. അമ്പലങ്ങളിൽ ദീപക്കൂട്ടം കത്തിച്ച്‌ ആരതീ കാട്ടാറുണ്ടല്ലോ. ചെറിയ പിടിയും വലിയ പരപ്പുമുളള കത്തി (ക്ഷുരാഭം)യോടും കാർത്തിക ഉപമിക്കപ്പെടുന്നു. മങ്ങിയ താരങ്ങളാണെങ്കിലും ഒന്നിച്ചു കൂടിനിൽക്കുന്നതിനാൽ കാണാൻ രസമുണ്ട്‌. എളുപ്പം കണ്ണിൽപ്പെടുകയും ചെയ്യും. എണ്ണി നോക്കിയാൽ ആരെണ്ണം കാണും (സൂക്ഷ്‌മം കൂടുതലുളളവർ ഏഴും എട്ടും കാണുന്നു.) സപ്‌തർഷികളിൽ വസിഷ്‌ഠനൊഴികെയുളളവരുടെ പത്‌നിമാരാണിവർ. അതുകൊണ്ട്‌ മാതൃമണ്‌ഡലം എന്നും കാർത്തിക അറിയപ്പെടുന്നു. ശരവണപൊയ്‌കയിൽനിന്ന്‌ സുബ്രഹ്‌മണ്യനെയെടുത്ത്‌ മുലയൂട്ടിവളർത്തിയവരാണ്‌ കൃത്തികകൾ. അതിനായി ശിശുവിന്‌ ആറു മുഖങ്ങളുണ്ടായി. അഗ്നിഭഗവാനാണ്‌ കാർത്തികയുടെ ദേവത.

രോഹിണിഃ പേരിനർത്ഥം തന്നെ ചുമന്നവൾ എന്നാണ്‌ മാധവീയത്തിൽ കാണുന്നത്‌. രോഹിണി ശകടം പോലെ എന്നാണ്‌. രോഹിണീശകടം പ്രസിദ്ധവുമാണ്‌. നാടൻപാനകളിൽ ഇത്‌ ഒറ്റാൽ(വെളളം തേവിയെടുക്കുന്ന പാത്രം) പോലെയാണെന്നു പറയുന്നു. അഞ്ചു നക്ഷത്രങ്ങളുളളതിൽ ഒന്നു വലിയതാണ്‌. അതു ചുമന്നതാണുതാനും. അതായിരിക്കാം ഇത്‌ രോഹിതനായത്‌. തന്റെ പത്‌നിമാരിൽ ചന്ദ്രന്‌ രോഹിണിയോട്‌ കൂടുതൽ സ്‌നേഹമുണ്ടത്രെ. ചന്ദ്രൻ രോഹിണിക്കടുത്താണെങ്കിൽ വിവാഹം ശ്രേഷ്‌ഠമാണെന്ന വിശ്വാസവുമുണ്ട്‌. മറ്റു മക്കളുടെ പരാതിയെതുടർന്ന്‌ ദക്ഷൻ ചന്ദ്രനെ ശപിച്ചതാണിപോലും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക്‌ കാരണം.

മകീരംഃ മൃഗശീർഷമെന്നതിന്റെ നാടൻ രൂപമാണ്‌ മകീരം. ദക്ഷപ്രജാപതി ഒരു യാഗം ചെയ്യുവാൻ നിശ്ചയിച്ചു. എല്ലാ ദേവന്മാരേയും അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തു. ജാമാതാവായ ശിവനെ മാത്രം ക്ഷണിച്ചിരുന്നില്ല. തന്മൂലം മകൾ സതി അച്ഛന്റെ മുമ്പിൽതന്നെ യോഗാഗ്നിയിൽ ദഹിച്ചു. ശിവൻ കുപിതനായി യാഗം നശിപ്പിച്ചു. യജ്ഞമൃഗം പേടിച്ചോടി ബ്രഹ്‌മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്‌മാവ്‌ മാനിനെ വനത്തിൽ ശിവന്റെ അടുത്തുതന്നെയിരുത്തി. മാനിന്റെ തലഭാഗമുണ്ടാക്കുന്നവയാണ്‌ മകീരം ഗണം. അതുകൊണ്ടാണല്ലോ മൃഗശീർഷമെന്ന പേർ വന്നത്‌. മകീരം തേങ്ങാക്കണ്ണുപോലെ എന്നും പറയും. വളരെ മങ്ങിയ മൂന്നു നക്ഷത്രങ്ങളാണെങ്കിലും മകീരത്തെ കാണാൻ പ്രയാസമില്ല.

തിരുവാതിരഃ ആർദ്ര എന്ന പദത്തിനർത്ഥം നനവുളള എന്നാണ്‌ വളരെ ശോഭയുളെളാരു നക്ഷത്രമാണിത്‌. നേരെകിഴക്കുദിച്ച്‌ തലക്കുമുകളിലൂടെ കടന്നു പോകുന്നു തിരുവാതിര നക്ഷത്രം. ഇതൊരു ഗണമല്ല. ഒറ്റ നക്ഷത്രമാണ്‌. തിരുവാതിര തീക്കട്ട പോലെ എന്നു പറയുന്നതിൽനിന്നു തന്നെ ഇതൊരു ചെന്താരമാണെന്ന്‌ ഊഹിക്കാമല്ലോ.

പുണർതംഃ പുനർവസു. പുനഃ വീണ്ടും വസു എന്ന വാക്കിനർത്ഥം തിളക്കമുളള എന്നാണ്‌. ഇരട്ടപ്പേർപോലെ രണ്ടു നക്ഷത്രങ്ങളെ ഇവിടെ കാണാനുണ്ട്‌. രണ്ടിലും നല്ല ശോഭയുണ്ട്‌. പുണർതം പാമരം പോലെ, പുഴന്തോണിപോലെ, നാലുനക്ഷത്രങ്ങൾ ചേർന്ന വീടുപോലെ എന്നെല്ലാം പറയുന്നുണ്ട്‌.

പൂയംഃ പുഷ്യമെന്ന പദത്തിന്‌ പോഷിപ്പിക്കുക എന്നർത്ഥം. മൂന്ന്‌ നക്ഷത്രങ്ങൾ ചേർന്ന്‌ ചന്ദ്രക്കലപോലെയോ അസ്‌ത്രം പോലെയോ നോന്നിക്കുന്നു. ഒരു ശരത്തിൽമേൽ ചിറകെന്നുപോലെയൊരു ചേറുമേഘശകലം രണ്ടു നക്ഷത്രങ്ങൾക്കിടയിൽ കാണാം. തിഷ്യം എന്നു ഇതിനു പേരുണ്ട്‌.

ആയില്യംഃ ആശ്ലേഷാ എന്ന മൂലപദത്തിന്‌ ആലിംഗനം എന്നർത്ഥം. ഇവിടെ ചക്രാകൃതിയിൽ ആറു നക്ഷത്രങ്ങൾ എന്നാണ്‌ മാധവീയം പറയുന്നത്‌. ചിലർക്ക്‌ അഞ്ചും മറ്റു ചിലർക്ക്‌ ഏഴുമാണ്‌ ആയില്യനക്ഷത്രങ്ങൾ. ആയില്യത്തിന്റെ മറ്റൊരു പേർ ഭുജംഗർക്ഷം എന്നാണ്‌. പാമ്പിന്റെ തലയാണിത്‌. ദേവതതന്നെ സർപ്പമാണല്ലോ.

മകംഃ മഘാ എന്ന പദത്തിന്‌ ശക്തിയുളള എന്നാണർത്ഥം. വീട്‌ പോലെ എന്നും മകം നാലു നുകം പോലെ എന്നും പറയും. സിംഹംപോലെ അഞ്ചെണ്ണം. സിംഹരാശിയിലെ തല ഭാഗത്തുളളവയാണ്‌ മകം നക്ഷത്രങ്ങൾ ഇവക്ക്‌ ഒരു വിധം ശോഭയുണ്ട്‌.

പൂരംഃ ഫാൽഗുണനക്ഷത്രങ്ങളിൽ ആദ്യം വരുന്നതു പൂരമാണ്‌. അതുകൊണ്ട്‌ പൂർവ്വഫാൽഗുണനി ശംഖുപോലെ, തൊട്ടിൽക്കാൽപോലെ എന്നെല്ലാം പറയുന്നു. ദേവത ആദിത്യൻ തന്നെ.

ഉത്രംഃ പിന്നാലെ വരുന്നതാണ്‌ ഉത്തരഫാൽഗുനി നക്ഷത്രം. ഇതാണ്‌ പുരത്തിന്റെ കിഴക്കുഭാഗത്തുളളത്‌. ശംഖ്‌, ശയ്യ എന്നെല്ലാം ഫാൽഗുനി നക്ഷത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്‌. ദേവത ഭഗൻ ഇതും ആദിത്യനാണ്‌.

അത്തംഃ ഹസ്‌തമെന്ന മൂല പദത്തിന്‌ കൈ എന്നാണർത്ഥം. അഞ്ചുവിരലുകളെ പ്രതിനിധാനം ചെയ്യുന്ന അഞ്ചുനക്ഷത്രങ്ങളുണ്ടായതിൽ അത്തം ആവനാഴി (അമ്പുറ)പോലെ എന്നാണ്‌ ചൊല്ല്‌. ദേവത സവിതാവ്‌ (സൂര്യൻ). ഋഗ്വേദത്തിൽ ഈ ഗണത്തെ അർജ്ജുനി എന്നു പറയുന്നു.

ചിത്തിരഃ ചിത്ര എന്ന പദത്തിന്‌ തിളങ്ങുന്ന ഉജ്ജ്വലമായ എന്നെല്ലാം അർത്ഥം പറയാം. ദേവത ത്വഷ്‌ടാവ്‌. ദ്വാദശാദിത്യന്മാരിലൊരാളാണ്‌ ത്വഷ്‌ടാവ്‌. ചിത്രയെ വിചിത്ര എന്നു പറയാറുണ്ട്‌. ചിരവ പോലെ എന്നു പറയാറുണ്ടെങ്കിലും പലതിലും ഒറ്റ നക്ഷത്രമായാണ്‌ പറയുന്നത്‌. ചിത്ര മുത്തുപോലെ എന്നുണ്ടല്ലോ.

ചോതിഃ സ്വാതി എന്ന പദത്തിന്‌ വാൾ എന്നാണർത്ഥം. തൈത്തിരീയ ബ്രാഹ്‌മണത്തിൽ ഇതിനെ ‘സിഷ്‌ട്യ’ എന്നു പറയുന്നു. അർത്ഥം പുറകോട്ട്‌ എന്നാണ്‌. ചോതി സൂര്യപാതയിൽ നിന്നും കുറേ വടക്കോട്ട്‌ നീങ്ങി കിടക്കുന്നു. ചിത്രയും ചോതിയും ഏകദേശം ഒപ്പം ഉദിക്കും. അല്‌പം മുമ്പു ചിത്രയാണുദിക്കുക. തിരുവാതിരപോലെ ചോതിയും ചെന്താരയാണ്‌. ചോതി പൊൻകട്ടപോലെ, വിദ്രുമം പോലെ എന്നെല്ലാം പറയും. രക്തത്തിന്റെ ചുമപ്പല്ല. പവിഴത്തിന്റെ നിറമാണ്‌ ചോതിക്കുളളത്‌. തിരുവാതിര, ചിത്ര എന്നിവയെപോലെ ചോതിയും ഒറ്റ നക്ഷത്രമാണ്‌.

വിശാഖംഃ വിശാഖം എന്നാൽ പരന്നുകിടക്കുന്ന ശാഖകളോട്‌ കൂടിയ എന്നാണ്‌ വാച്യാർത്ഥം. രണ്ടു ദേവതകളുണ്ട്‌ വിശാഖത്തിന്‌. ഇന്ദ്രനും അഗ്‌നിയും. വട്ടകിണർ പോലെ, തോരണംപോലെ എന്നെല്ലാം വിശാഖത്തെപ്പറ്റി പറയുന്നുണ്ട്‌. ഇവിടെ നക്ഷത്രങ്ങൾ രണ്ടാണെന്നും നാലാണെന്നും പറയുന്നു.

അനിഴംഃ അനുരാധയ്‌ക്ക്‌ വിജയം എന്നർത്ഥം പറയും. ദേവത മിത്രൻ. ഇവിടെ മൂന്ന്‌ നക്ഷത്രങ്ങൾ, നാലുനക്ഷത്രങ്ങൾ എന്നെല്ലാം പറയുന്നുണ്ട്‌. ഒരു വരിയിലായി കുറെ നക്ഷത്രങ്ങളെ ചേർത്ത്‌ അനിഴം വട്ടവില്ലുപോലെ, മുത്തുമാല പോലെ എന്നെല്ലാം പറയുന്നു. താമരപോലെ എന്നും കാണുന്നുണ്ട്‌.

തൃക്കേട്ടഃ ജ്യേഷ്‌ഠാ അർത്ഥം മൂത്തവൾ. കേട്ട ഈട്ടിപോലെ (കാലില്ലാത്ത) കുടപോലെ എന്നെല്ലാമാണ്‌ പറയാറുളളത്‌. കാതിലോല എന്നും വിശേഷിപ്പിക്കുന്നുണ്ട്‌. ദേവത ഇന്ദ്രനാണ്‌.

മൂലംഃ അർത്ഥം വേര്‌. മൂലം കാഹളം പോലെ എന്ന്‌ പറയും. മാധവീയത്തിൽ സിംഹവിക്രമം എന്നു പറയുന്നു. ചിലർക്കതിൽ രണ്ടു താരങ്ങളേയുളളു. ശ്യാമനും ശബളനുമാണവയെന്ന്‌ ആൽബറുബി രേഖപ്പെടുത്തിയിട്ടുണ്ട്‌. ദേവത പിതൃക്കൾ എന്ന്‌ തൈത്തിരീയം പറയുന്നു. മാധവീയത്തിൽ നിരാതിയെന്നാണ്‌ പറയുന്നത്‌. മൂലബർഹിണി എന്നാത്രെ ഈ ഗണത്തിന്റെ മുഴുവൻ പേർ. വൃശ്ചികത്തിന്റെ വാൽഭാഗം മൂലമാണ്‌. ശംഖുപോലെ എന്നാണ്‌ മൂലത്തെ പറയാറുളളത്‌. ശ്യാമശബളന്മാർ യമലോകത്തേക്കുളള വഴിയിൽ കൂവൽ നിൽക്കുന്നു. മരിക്കാറായവരേ നോക്കുകയാണവ.

പൂരാടംഃ ആഷാഢത്തിന്‌ കീഴടങ്ങാത്ത എന്നർത്ഥം. മുറം പോലെ, ആനക്കൊമ്പുപോല എന്നെല്ലാം പറയുന്നു. നാല്‌ നക്ഷത്രങ്ങളുണ്ടിതിൽ. ദേവത ജലം.

ഉത്രാടംഃ പൂർവ്വ ആഷാഢം. ആദ്യം ഉയരുന്നത്‌ ഉത്തര ആഷാഢം പുറകെ വരുന്നത്‌. പൂരാടത്തെപോലെ മുറംപോലെ, ആനക്കൊമ്പുപോലെ, തൊട്ടിൽക്കാലുപോലെ എന്നെല്ലാം പറയും. ദേവത വിശ്വദേവതകൾ.

അഭിജിത്‌ഃ ഈ വാക്കിന്‌ വിജയി എന്നർത്ഥം. ഇത്‌ കുറെയധികം വടക്കോട്ടു നീങ്ങികിടക്കുന്നു. പണ്ട്‌ 28 ചന്ദ്രതാരങ്ങളുണ്ടായിരുന്നത്രെ. അഭിജിത്ത്‌ ഒരു ചന്ദ്രഗണമായിരുന്നു. ഇന്നത്‌ പുറത്താക്കപ്പെട്ടിരിക്കയാണ്‌. ഒരു കൊച്ചു ത്രികോണവും അതിശോഭിയായൊരു നീലനക്ഷത്രവുമുണ്ടിതിൽ. ഉത്രാടത്തിന്റെ അവസാനത്തെ 15 നാഴികയും തിരുവോണത്തിന്റെ ആദ്യത്തെ 4 നാഴികയും ചേർന്ന്‌ ആകെ 19 നാഴികയേ അഭിജിത്തിനുളളു എന്നും വിശ്വാസമുണ്ട്‌.

തിരുവോണംഃ ഈ വാക്കിന്റെ മൂലപദത്തിനർത്ഥം കേൾവി എന്നാണല്ലോ. തിരുവോണം മുഴക്കോൽപോലെ ചെവി. ത്രിവിക്രമന്റെ കാൽപാടുപോലെ എന്നെല്ലാം പറയാറുളളതിൽ നിന്ന്‌ അവിടെ മൂന്ന്‌ നക്ഷത്രങ്ങളുണ്ടെന്നനുമാനിക്കാം. ശ്രാവണത്തിന്റെ തദ്‌ഭവമാണ്‌ തിരുവോണം. മഹാവിഷ്‌ണുവിന്റെ നക്ഷത്രമായതുകൊണ്ട്‌ ‘തിരു’ എന്ന്‌ ചേർത്തതല്ല. വിഷ്‌ണുഭക്തനായ കുലശേഖര ആൾവാർ എന്ന ചേരമാൻപെരുമാളാണ്‌ കേരളത്തിൽ ഓണാഘോഷം നടപ്പാക്കിയതെന്ന്‌ കരുതപ്പെടുന്നു. അക്കാലത്ത്‌ തൃക്കാക്കരയപ്പന്‌ പത്തുദിവസത്തെ ഉത്സവമുണ്ടായിരുന്നു.

അവിട്ടംഃ മൂലപദം ശ്രവിഷ്‌ഠ അർത്ഥം കീർത്തികെട്ട. ധനിഷ്‌ഠ എന്നും പറയും. ഇതിനർത്ഥം ധനമുളളവൾ എന്നാണ്‌. ദേവത

വസുക്കളാണ്‌. വസുവിനർത്ഥം തിളക്കമുളള എന്നാണ്‌. ആട്ടിൻതല പോലെ ആറെണ്ണം കുമ്പളങ്ങപോലെ അഞ്ചുനക്ഷത്രങ്ങൾ എന്നെല്ലാമാണ്‌ അവിട്ടത്തെപ്പറ്റി പറയുന്നതും.

ചതയംഃ ശതഭിഷക്‌-നൂറ്‌ ഭിഷഗ്വരൻമാർ. ഇതിനെ ശതതാരക എന്നും പറയും. ഒരുപാട്‌ മങ്ങിയ നക്ഷത്രങ്ങളുണ്ടിതിൽ. വട്ടത്തിൽ ചക്കമുളളുപോലെ, പുഷ്‌പംപോലെ എന്നെല്ലാമാണ്‌ അവിട്ടത്തെപ്പറ്റി പറയുന്നതും.

പൂരൂരുട്ടാതിഃ പൂർവ്വഭാദ്രപദാ-ഭാദ്രമെന്നാൽ ഭംഗിയുളള സന്തോഷമുളള എന്നൊക്കെ അർത്ഥം പറയാം. ദേവത അജൈകപാദ്‌. അതായത്‌ ഒറ്റക്കാലുളള ആട്‌ എന്നർത്ഥം. കട്ടിൽക്കാലുപോല രണ്ടെണ്ണം. വാൾപോലെ എന്നും പറയും.

ഉത്രട്ടാതിഃ ഉത്തരഭാദ്രിപദം കിഴക്കുഭാഗത്താണ്‌ പിന്നാലെ വരുന്നത്‌. ഇതും കട്ടിൽക്കാലുപോലെ രണ്ടെണ്ണമാണ്‌. നാലുനക്ഷത്രങ്ങളും കൂടിയാൽ ഒരു ചതുരമാകും. ദേവത അഹിർബുധ്‌നി. അജൈകപാദം അഹിർബുധ്‌നിയും പ്രത്യേകപ്രാധാന്യമില്ലാത്ത പുരാണപ്രതീകങ്ങളാണ്‌.

രേവതിഃ അർത്ഥം ധനിക. ദേവത പുഷാവ്‌. അഭിവൃദ്ധിയുണ്ടാക്കുന്നവൻ. പുഷാവും ഒരാദിത്യനാണ്‌. രേവതി മിഴാവുപോലെ എന്നും മീൻപോലെ എന്നും പറയാറുണ്ട്‌. കുറെ മങ്ങിയ നക്ഷത്രങ്ങളാണ്‌ രേവതിയിലുളളത്‌

No comments:

Post a Comment