Friday, August 03, 2018

അംബരീഷന്‍ സുദര്‍ശനത്തെ സ്തുതിക്കുന്നു – ഭാഗവതപാരായണം (199)

അഹോ അനന്തദാസാനാം മഹത്ത്വം ദൃഷ്ടമദ്യ മേ
കൃതാ ഗസോഽപി യദ്രാജന്‍ മംഗളാനി സമീഹസേ (9-5-14 )
ശുകമുനി തുടര്‍ന്നു:
ദുര്‍വ്വാസാവ്‌ മടങ്ങിവന്നു്‌ അംബരീഷന്റെ കാല്‍ക്കല്‍ വീണു ക്ഷമ യാചിച്ചു. ഇതുകണ്ട്‌ അംബരീഷന്‍ വളരെ ലജ്ജിതനായി. അംബരീഷന്‍ ഭഗവാന്റെ സുദര്‍ശനചക്രത്തോട്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “അല്ലയോ സുദര്‍ശന, നീ അഗ്നിയാണ്, സൂര്യനാണ്, ചന്ദ്രനും പഞ്ചഭൂതങ്ങളുമാണ്‌. ഈ മഹര്‍ഷിയില്‍ സംപ്രീതനായാലും. അവിടുന്നാണ്‌ വിശ്വസംരക്ഷകന്‍. ഭഗവാന്റെ മഹിമാപ്രകാശം നീയത്രെ. അജ്ഞതാന്ധകാരം നശിപ്പിക്കുന്ന വെളിച്ചം അവിടുന്നാണ്‌. ഭഗവാന്റെ ആജ്ഞയനുസരിച്ച്‌ വിശ്വത്തിലെ ദുഷ്ടതകള്‍ മുഴുവനില്ലാതാക്കുന്നതും മറ്റാരുമല്ല. ഞങ്ങള്‍ ഞങ്ങളുടെ ധര്‍മ്മങ്ങള്‍ വിധിയാംവണ്ണം ചെയ്തുവെങ്കില്‍, ദിവ്യമുനിയായ ദുര്‍വ്വാസാവിനോട്‌ ദയ കാണിച്ചു സംരക്ഷിച്ചാലും. അതുമൂലം ഞങ്ങള്‍ക്ക്‌ വലിയൊരു വരം ലഭിച്ച ഫലമുണ്ടാവുകയും ചെയ്യും.” ഇതുവരെ ദുര്‍വ്വാസാവിനെ പീഡിപ്പിച്ചുകൊണ്ടിരുന്ന ചക്രം തല്‍ക്ഷണം തണുത്തു.
സംഭവങ്ങള്‍ ഇങ്ങനെ മാറിയതുകൊണ്ട്‌ സന്തുഷ്ടനായ മുനി പറഞ്ഞു:
ഇന്നു ഞാന്‍ ഭഗവല്‍ഭക്തരുടെ മഹിമ അനുഭവിച്ചറിഞ്ഞു. അവരെ ദ്രോഹിക്കുന്നുവരോടുപോലും അവരെത്ര മഹത്വപൂര്‍വ്വമാണ്‌ പെരുമാറുന്നത്‌. ഭക്തര്‍ക്ക്‌ ജിവിതത്തില്‍ യാതൊന്നും അസാദ്ധ്യമോ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുളളതോ അല്ല. കാരണം അവര്‍ ഭഗവല്‍പ്രേമത്തില്‍ അടിയുറച്ചവരത്രെ. ഉത്തമഭക്തന്റെ നാമശ്രവണം കൊണ്ടു തന്നെ ഒരുവന്റെ പാപം നശിക്കുന്നു. അങ്ങനെ ഭയങ്കരമായ ഒരു ദുരിതം ഒഴിവാക്കിയതിനു ശേഷം അംബരീഷന്‍ മഹര്‍ഷിയോട്‌ ഭക്ഷണം കഴിക്കാന്‍ അപേക്ഷിച്ചു. എന്നിട്ട്‌ മുനിയുടെ അനുവാദത്തോടെ തന്റെ വ്രതമവസാനിപ്പിച്ചു. കൊട്ടാരം വിട്ടു പോവുമ്പോള്‍ ദുര്‍വ്വാസാവ്‌ അംബരീഷനെ അനുഗ്രഹിച്ചു. “രാജന്‍, ആത്മീയോന്നതി നല്‍കുന്ന അവിടുത്തെ ഈ കഥ ഭൂമിയുളേളടത്തോളം കാലം ആളുകള്‍ പാടി നടക്കട്ടെ.”
അങ്ങനെ അംബരീഷന്‍ വളരെയേറെക്കാലം ഭഗവദ്‍ഭക്തനായി ജീവിച്ച്‌ രാജ്യം ഭരിച്ചു. അവസാനം രാജ്യഭാരം മക്കളെ ഏല്‍പ്പിച്ച്‌ വനവാസത്തിനു പോയി. അംബരീഷന്റെ മക്കളും ഭക്തന്‍മാരായിരുന്നു. ആരെല്ലാം ഈ പുണ്യചരിതം ഓര്‍ക്കുകയോ പാടുകയോ ചെയ്യുന്നുണ്ടോ, അവര്‍ക്ക്‌ ഭഗവദ്‍ഭക്തി നിശ്ചയമായും വര്‍ദ്ധിക്കുന്നതാണ്‌. ഭഗവദ്‍ഭക്തിയുടെ മഹിമാവര്‍ണ്ണനയാണീ കഥയിലെ ഇതിവൃത്തം. എന്നാല്‍ “ഭഗവാന്റെ ചക്രം” എന്നത്‌ കുറ്റബോധം തന്നെയല്ലേ? അതില്‍ നിന്നു്‌ ഈശ്വരനുപോലും ആരെയും രക്ഷിക്കാനാവില്ല. ക്ഷമിക്കേണ്ടത്‌ നിന്ദിക്കപ്പെട്ടവരാണ്‌. അനുരജ്ഞനം മാത്രമാണ്‌ അതിനുളള പ്രായശ്ചിത്തം.

No comments:

Post a Comment