Friday, August 03, 2018

ഇക്ഷ്വാകുവംശവര്‍ണ്ണനയും സൗഭരിചരിതവും – ഭാഗവതം (200)

ജ്ഞാത്വാ പൂത്രസ്യ തത്‌ കര്‍മ്മ ഗുരുണാഭിഹിതം നൃപഃ
ദേശാന്നി:സാരയാമാസ സുതം ത്യക്തവിധിം രുഷാ (9 -6 -9 )
സ തു വിപ്രേണ സംവാദം ജാപകേന സമാചരന്‍
ത്യക്ത്വാ കളേബരം യോഗീ സ തേനാവാപ യത്‌ പരം (9 -6 – 10 )
സംഗം ത്യജേത മിഥുനവ്രതിനാം മുമുക്ഷുഃ
സര്‍വാത്മനാ ന വിസൃജേദ്‌ ബഹിരിന്ദ്രിയാണി
ഏകശ്ചരന്‍ രഹസി ചിത്തമനന്ത ഈശേ
യുഞ്ജീത തദ്‌വ്രതിഷു സാധുഷു ചേത്‌ പ്രസംഗഃ (9 – 6 -51 )
ശുകമുനി തുടര്‍ന്നു:
അംബരീഷന്‌ വിരൂപന്‍, കേതുമാന്‍, ശംഭു ഇങ്ങനെ മൂന്നു പുത്രന്മ‍ാര്‍. വിരൂപന്റെ മകന്‍ പ്രശദാസ്വന്‍. അയാളുടെ പുത്രന്‍ രതീതരന്‍. രതീതരനു കുട്ടികളുണ്ടായിരുന്നില്ല. അംഗിരമുനിയോട്‌ പ്രാര്‍ത്ഥിച്ച്‌ രതീതരന്‌ തന്റെ ഭാര്യയില്‍ കുറെ മക്കളുണ്ടായി. അവരെയെല്ലാം യുദ്ധവീരന്മ‍ാരായ ബ്രാഹ്മണരായി കണക്കാക്കപ്പെടുന്നു. വൈവസ്വതമനുവിന്റെ നാസാരന്ധ്രങ്ങളും നിന്നും ഇക്ഷ്വാകു ജനിച്ചു. ഇക്ഷ്വാകുവിന്റെ നൂറാണ്‍മക്കളില്‍ മൂത്തയാള്‍ വികുക്ഷി. മക്കളില്‍ കുറച്ചുപേര്‍ വടക്കന്‍ പ്രദേശങ്ങളുടെയും മറ്റു ചിലര്‍ തെക്കന്‍ ദിക്കുകളുടെയും ഭരണാധിപന്മ‍ാരായി. ഒരിക്കല്‍ ഒരു യാഗസമയത്ത്, പിതൃക്കള്‍ക്കായര്‍പ്പിക്കാന്‍ പറ്റിയ മാംസത്തിന്നായി ഇക്ഷ്വാകു വികുക്ഷിയെ നായാട്ടിന്നയച്ചു. സ്വയം വിശന്നിരുന്ന, വികുക്ഷി മാംസത്തില്‍ കുറച്ചു ഭക്ഷിച്ചു. ഇത്‌ അര്‍പ്പണത്തെ മലിനമാക്കി. പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം വികുക്ഷിയെ രാജാവ്‌ നാടുകടത്തി. രാജാവ്‌ മാമുനിമാരില്‍നിന്നും പരമോന്നതശാസ്ത്രങ്ങള്‍ പഠിച്ച്‌ അവസാനം പരമഗതി പ്രാപിച്ച്‌ ശരീരമുപേക്ഷിച്ചു. വികുക്ഷി നാട്ടില്‍ തിരിച്ചെത്തി സിംഹാസിതനായി. വികുക്ഷിയുടെ മകന്‍ പുരഞ്ജയന്‍ പ്രശസ്തനായി പല പേരുകളും സമ്പാദിച്ചു. അസുരന്മ‍ാര്‍ക്കെതിരായി അദ്ദേഹം നടത്തിയ ഒരു യുദ്ധത്തില്‍ ഇന്ദ്രന്‍ സ്വയം കാളയായി മാറി പുരഞ്ജയനെ കൊണ്ടു നടന്നു. അതിനു ശേഷം അദ്ദേഹം ഇന്ദ്രവാഹന്‍ എന്നും കകുഷ്തന്‍ എന്നും അറിയപ്പെട്ടു. ആറു തലമുറകള്‍ക്കു ശേഷം, ഇതേ പരമ്പരയില്‍ ശാബസ്തന്‍ പിറന്നു. ശാബസ്തി നഗരം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്നു. അതെ കുലത്തിലാണ്‌ യുവനാശ്വന്റെ ജനനം. അദ്ദേഹത്തിന്‌ നൂറു ഭാര്യമാരുണ്ടായിരുന്നെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. അതുകൊണ്ടദ്ദേഹം വനവാസത്തിന്‌ പോയി. കരുണാമയരായ മഹര്‍ഷിമാര്‍, രാജാവിന്‌ കുട്ടികളുണ്ടാവാന്‍ ഒരു യാഗം നടത്തി. അന്നുരാത്രി, പുരോഹിതന്‍ ഉറങ്ങികിടക്കുമ്പോള്‍ തന്റെ പത്നികള്‍ക്കായി വച്ച വിശുദ്ധജലം രാജാവ്‌ ദാഹാര്‍ത്തനായി വന്നു കുടിച്ചു. തല്‍ഫലമായി രാജാവ്‌ ഗര്‍ഭം ധരിച്ചു. കാലക്രമത്തില്‍, രാജാവിന്റെ വയറു പിളര്‍ന്നു ഒരു പുത്രന്‍ പുറത്തു വന്നു. കരയുന്ന കുട്ടിക്കായി ഇന്ദ്രന്‍ തന്റെ ചൂണ്ടുവിരല്‍ അമൃതില്‍ മുക്കി നുണയാന്‍ കൊടുത്തു. “ഈ ശിശു എന്നെയാണു നുണയുക” (മാംധാതാ). അതുകൊണ്ട്‌ കുട്ടിക്ക്‌ മാന്ധാതാവ് എന്ന പേര്‍. യുവനാശ്വന്‍, ദിവ്യപ്രഭകൊണ്ട്‌ രക്ഷപ്പെട്ടു. കുറച്ചുനാള്‍ പര്‍ണ്ണശാലയില്‍ ജീവിച്ചശേഷം അവസാനം മുക്തിയെ പ്രാപിച്ചു. മാന്ധാതാവിനു മൂന്നു പുത്രന്മ‍ാരും അമ്പതു പുത്രിമാരും ഉണ്ടായി. അവിടെ ആ സമയം സൗഭരിയെന്നൊരു മുനി ജലതപസ്സിലേര്‍പ്പെട്ടിരുന്നു. ജലത്തില്‍ ഇണചേരുന്ന മല്‍സ്യങ്ങളെക്കണ്ട്‌ മുനിക്ക്‌ ലൈംഗികാവേശമുണ്ടായി. മാന്ധാതാവിനോട്‌ ഒരു പെണ്‍കുട്ടിയെ വേണമെന്നാവശ്യപ്പെട്ടു. മാന്ധാതാവ് പറഞ്ഞു. ” ഏതു പെണ്‍കുട്ടിയാണോ താങ്കളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുത്, അവളെ സ്വീകരിക്കാം. “മഹര്‍ഷിക്ക്‌ മന്ഥാതന്റെ വാക്കുകളിലെ നീരസം മനസിലായി.” ഏതൊരു പെണ്‍കുട്ടിയാണ്‌ വയസ്സനായ ഒരുവനെ വിവാഹം ചെയ്യുക?” അദ്ദേഹം സ്വയം ഒരു യുവകോമളനായി മാറി. അമ്പതു പെണ്‍കുട്ടികളും അദ്ദേഹത്തെ വരിച്ചു. അദ്ദേഹം ഏറെക്കാലം അതിഭൗമമായ സമൃദ്ധിയിലും ഉല്ലാസത്തിലും അവരോടൊപ്പം കഴിഞ്ഞു. ഒരു ദിവസം അദ്ദേഹമിങ്ങനെ ആലോചിച്ചു. ഞാന്‍ ഒരു മുനിയായിരുന്നു. ഇണചേരുന്ന മല്‍സ്യങ്ങളെക്കണ്ട്‌ ഞാനീ ഇന്ദ്രിയവലയില്‍ വീണുപോയി. പരമസാക്ഷാല്‍കാരം ആഗ്രഹിക്കുന്ന ആരും ലൗകികതയുമായി സമ്പര്‍ക്കമരുത്‌. ഏകനായി ഭഗവദ്‍ഭക്തിയില്‍ മാത്രം മുഴുകി വേണം അയാള്‍ ജീവിക്കാന്‍.
അദ്ദേഹം ഒരിക്കല്‍ക്കൂടി വീടുപേക്ഷിച്ചുപോയി.

No comments:

Post a Comment