Wednesday, August 22, 2018

രമണമഹര്‍ഷി സംസാരിക്കുന്നു

സുഖത്തിന്റെ സ്വരൂപം (2)

മേയ്‌ 15, 1935
3. സുഖത്തിന്റെ സ്വരൂപമെന്താണെന്നു വേറൊരാള്‍ ചോദിച്ചു.
ഉ: സുഖം ബാഹ്യവസ്തുക്കള്‍മൂലവും തന്റേതുകള്‍മൂലവും ലഭിക്കുന്നതാണെങ്കില്‍ അവ അധികപ്പെടുമ്പോള്‍ സുഖവും അധികമാവുകയും കുറയുമ്പോള്‍ സുഖവും കുറയുകയും ചെയ്യുന്നു. ബാഹ്യമായി ഒന്നുമില്ലെന്നുവന്നാല്‍ സുഖം തീരെ ഇല്ലാതെയുമാകണമല്ലോ. എന്നാല്‍ നമ്മുടെ സാക്ഷാല്‍ അനുഭവം ഇതാണോ?
നോക്കൂ, നിദ്രയില്‍ ആണ്ടിരിക്കുന്ന ഒരുവന് തന്റേതായി യാതൊന്നുമില്ല. ബാഹ്യമായി ശരീരം പോലുമില്ല. ഈ അവസ്ഥയില്‍ ദുഃഖത്തിനു പകരം ആനന്ദമാണനുഭവം. തന്നിമിത്തം ഗാഢനിദ്രയ്ക്കു ആരും ഇഷ്ടപ്പെടുന്നു. ഇതില്‍നിന്നും സുഖം നമ്മുടെ ജന്മസ്വഭാവമാണെന്നും അതു അന്യമായി വന്നു കിട്ടാനുള്ളതല്ലെന്നും സ്പഷ്ടമാവും. നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ അറിഞ്ഞാല്‍ അതു ദുഃഖസമ്മിശ്രമല്ലാത്ത ആനന്ദം മാത്രമാണെന്നു നേരില്‍ കണ്ട്‌ അതിനെ അനുഭവിക്കാം.

No comments:

Post a Comment