Wednesday, August 22, 2018

അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം (291)

ശ്രീ രമണമഹര്‍ഷി
നവംബര്‍ 30, 1936
ചോദ്യം: അങ്ങയെ ഒരാള്‍ അടിച്ചാല്‍ അങ്ങതറിയുകയില്ലേ? അറിഞ്ഞില്ലെങ്കില്‍ അതാണോ ജ്ഞാനം?
മഹര്‍ഷി: മയക്കുമരുന്ന് കൊടുക്കപ്പെട്ടവര്‍ ബാഹ്യവിഷയങ്ങളറിയാതിരിക്കും. അതു ജ്ഞാനമാവുമോ?
ചോദ്യം: ത്രിപുടി ഉണ്ടായിരിക്കുന്നതു ജ്ഞാനമല്ലല്ലോ.
മഹര്‍ഷി: ഉറക്കത്തിലും അബോധാവസ്ഥയിലും മതിമറന്നിരിക്കുമ്പോഴും ഭേദ ബുദ്ധിയില്ലാതിരിക്കുന്നു. അക്കാരണത്താല്‍ അതു ജ്ഞാന നിലയിലായിരിക്കുമോ? ആ അവസ്ഥകളില്‍ എന്തുസംഭവിക്കുന്നു? ആ അവസ്ഥകളില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇല്ലാതെപോയോ? ഉള്ളതു എന്നുമുണ്ടായിരിക്കും. ഭേദം മനസ്സിന്‍റെ വകയാണ്. ചില സമയങ്ങളില്‍ മനസ്സ് ഉണ്ടായിരിക്കും. ചിലപ്പോള്‍ ഇല്ലാതിരിക്കും. അതിനാധാരമായ സത്യത്തിനുയാതൊരു ഭേദവുമില്ല. അതു ശന്തിസ്വരൂപം ആനന്ദസ്വരൂപം.
ചോദ്യം: ആനന്ദം സാധനയാല്‍ വരുന്നതല്ലല്ലോ? ഏതു സാധനയാലതുണ്ടാവും?
മഹര്‍ഷി: സംശയമുദിക്കുന്നതാര്‍ക്കെന്നന്വേഷിക്കുന്നതു തന്നെ സാധനയാണ്‌.
ചോദ്യം: അതുണ്ടാകുന്നത് അഹന്തക്കാണു?
മഹര്‍ഷി: അഹന്ത എവിടെ നിന്നുണ്ടാകുന്നു?
ചോദ്യം: എവിടെ നിന്നോ? ഭഗവാന്‍ ഉപദേശിച്ചുതരൂ.
മഹര്‍ഷി: അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം.
ചോദ്യം: അന്വേഷിച്ചു കണ്ടുപിടിക്കുക എന്നത് എന്നാലാകാത്ത കാര്യം. അതവിടെ നില്‍ക്കട്ടെ
മഹര്‍ഷി: അതിരിക്കട്ടെ, ഇപ്പോള്‍ നീ ഇവിടെ ഇരിക്കുന്നു? നിനക്ക് നീ ഇല്ലാതെ പോയോ?
ചോദ്യം: ഞാനെന്ന് പറഞ്ഞതെന്താണ്? ഞാനെങ്ങനെയിരിക്കുന്നു?
മഹര്‍ഷി: നീ ഇതുറക്കത്തിലന്വേഷിച്ചോ? അപ്പോഴുള്ള നീ തന്നെയാണ് ഇപ്പോഴുമുള്ളത്.
ചോദ്യം: ഉറക്കവും ഉണര്‍ച്ചയും രണ്ടു പ്രത്യേകാവസ്ഥകളാണ്.
മഹര്‍ഷി: അതിനാല്‍ നിനക്കെന്തു? ആത്മാവായ നീ എല്ലാ നിലകളിലും ഒരേമാതിരിതന്നെ ഇരിക്കുന്നു.
ചോദ്യം: മനസൊരിക്കലും ശരിയായി നില്‍ക്കുന്നില്ല.
മഹര്‍ഷി: മനസു പ്രവര്‍ത്തിക്കുമ്പോഴെല്ലാം അന്തര്‍മുഖമാക്കിക്കൊണ്ടേ ഇരിക്കുക.
ചോദ്യം: മനസൊരിക്കലും ശരിയായി നില്‍ക്കുന്നില്ല.
മഹര്‍ഷി: മനസ്സു പ്രവര്‍ത്തിക്കുമ്പോഴെല്ലാം അന്തര്‍മുഖമാക്കിക്കൊണ്ടേ ഇരിക്കുക.
ചോദ്യം: ദു:ഖം ഏര്‍പ്പെടുമ്പോള്‍ ഒന്നിനും കഴിയുന്നില്ല.
മഹര്‍ഷി: അതു മനസ്സ് ദുര്‍ബലമായത് കൊണ്ടാണ്. സത്സംഗം, ഈശ്വരാരാധന, പ്രണയാമം എന്നിവയാല്‍ മനസ്സിനെ ശക്തമാക്കൂ.
ചോദ്യം: ഇവയാലെന്തുണ്ടാകും?
മഹര്‍ഷി: നിദ്രാവിഹീനത്വം. അതാണു തന്‍റെ സ്വന്തം പ്രകൃതി. അതിനാല്‍ ആനന്ദം സ്വയം പ്രകാശിക്കും. ഇപ്പോള്‍ നാം ഉറക്കത്തിലിരുന്നു സ്വപനം കാണുകയാണ്.
ചോദ്യം: സത്സംഗം നന്നാണെങ്കിലും സാധന കൂടി വേണ്ടേ?
മഹര്‍ഷി: വാസനകളെ മാറ്റുന്നതുതന്നെ സാധന. സാധന ആത്മ പ്രാപ്തിയല്ല, വാസനകളെ ഒഴിക്കാനാണ്.
ചോദ്യം: സാധനയെന്താണ്.
മഹര്‍ഷി: സത്യന്വേഷണം തന്നെയാണ്.
ചോദ്യം: സാധനയ്ക്ക് ലക്ഷ്യം വേണമല്ലോ. അതെന്തായിരിക്കണം.
മഹര്‍ഷി: ലക്ഷ്യം ആത്മാവുതന്നെ. മറ്റെന്താവും? ഇതിനു കഴിയാത്തവര്‍ക്കാണു മറ്റു ലക്ഷ്യങ്ങള്‍. അതും ആത്മവിചാരത്തിനുതകും.
ചോദ്യം: ശാന്തിയാണല്ലോ പരമപ്രധാനം.
മഹര്‍ഷി: അതു സ്വതേ ഉള്ളതാണ്. വിസ്മൃതി ആത്മാവിനെയും താണ്ടിപ്പോകുന്നില്ല. അനാത്മാകാരം ആത്മാകാരമായി തീര്‍ന്നിരിക്കുന്നതിനാല്‍ വിസ്മൃതി ഏര്‍പ്പെടുന്നു. ഈ അനര്‍ത്ഥം മാറിയാല്‍ പിന്നെ വിസ്മൃതി തല പൊക്കുകയില്ല.
ചോദ്യം: ഇതെങ്ങനെസാധിക്കാന്‍? സംസ്കാരം നിത്യമായിരിക്കുന്നല്ലോ. അഭ്യാസം അതിനെ മാറ്റുമോ?
മഹര്‍ഷി: ഈ തെറ്റിദ്ധാരണ തന്നെ സംസകാരമാണ്.ഈ ധാരണ ഒഴിഞ്ഞാല്‍ സംസ്കാരവുമൊഴിയും. എന്നുള്ള ശാന്തി പുനരുദ്ധരിക്കപ്പെടും. നിങ്ങള്‍ സ്വയം ശാന്തിയെ അവഗണിക്കുകയും ഭഞ്ജിക്കുകയും ചെയ്യുകയാണ്.
ചോദ്യം: ശാന്തി സാവധാനത്തിലുണ്ടാവുമോ?
മഹര്‍ഷി: അതെ. ക്രമേണ മനസിനെ നിശ്ചലമാക്കണം. സന്ദര്‍ശകന്‍ ആനന്ദഭരിതനായി മടങ്ങിപ്പോയി.

No comments:

Post a Comment