Wednesday, August 01, 2018

ഉപനിഷത്തിലൂടെ -221/ബൃഹദാരണ്യകോപനിഷത്ത്- 19/ സ്വാമി അഭയാനന്ദ
Wednesday 1 August 2018 1:09 am IST
ആത്മാവിനെ തന്നെയാണ് ഉപാസിക്കേണ്ടത് എന്ന ഈ ഉപനിഷത്തിന്റെ താത്പര്യത്തെ വിശദമാക്കാന്‍ പോകുന്നതിന്റെ തുടക്കമാണ് ഇനി. 
തദാ ഹു; യത് ബ്രഹ്മ വിദ്യയാ സര്‍വ്വം ഭവിഷ്യന്തഃ
ബ്രഹ്മവിദ്യകൊണ്ട് മനുഷ്യര്‍ എല്ലാമായിത്തീരാമെന്ന് വിചാരിക്കുന്നുവെന്ന് ചില സാധകന്മാര്‍ പറയുന്നു. ആ ബ്രഹ്മം എല്ലാമായിത്തീര്‍ന്നത് എന്ത് അറിഞ്ഞാണ്?
കര്‍മത്തില്‍ നിന്ന് കര്‍മഫല പ്രാപ്തി ഉണ്ടാകുന്നതു പോലെ ബ്രഹ്മവിദ്യയില്‍ നിന്ന് സര്‍വ്വാത്മഭാവ പ്രാപ്തി ഉണ്ടാകുമെന്ന് മനുഷ്യര്‍ കരുതുന്നു. ബ്രഹ്മത്തില്‍ നിന്ന് ഈ സര്‍വ്വാത്മഭാവം എങ്ങനെയുണ്ടാകും?
ഒന്നിനേയും അറിയാതെയാണോ അതോ അറിഞ്ഞിട്ടാണോ ബ്രഹ്മം സര്‍വവുമായി തീര്‍ന്നത്? രണ്ടായാലും പ്രശ്‌നമാണ്. ഒന്നും അറിയാതെയാണ് സര്‍വവും ആയതെങ്കില്‍ പിന്നെ ബ്രഹ്മവിദ്യയുടെ ആവശ്യമെന്ത്? അറിഞ്ഞാണെങ്കില്‍ അത് കര്‍മഫലം പോലെ അനിത്യവുമാകും. ഈ പ്രശ്‌നത്തിന്റെ ഉത്തരം ഇനി പറയുന്നു.
 ബ്രഹ്മ വാ ഇദമഗ്ര ആസീത്, തദാത്മാനമേ വാവേത്. അഹം ബ്രഹ്മാസ് മീതി, തസ്മാത് തത്സര്‍വഭവത്
ബ്രഹ്മം തന്നെയാണ് മുമ്പും ഉണ്ടായിരുന്നത്. അത് തന്നെത്തന്നെ 'ഞാന്‍ ബ്രഹ്മമാകുന്നു'എന്നറിഞ്ഞു. അതു കൊണ്ട് തന്നെ അത് സര്‍വവുമായി തീര്‍ന്നു.അഹം ബ്രഹ്മാസ്മി  വേദാന്തത്തിലെ നാല് മഹാവാക്യങ്ങളില്‍ ഒന്നാണിത്. ഞാന്‍ ബ്രഹ്മമാകുന്നു എന്നത് അനുഭവ വാക്യമാണ്. ബ്രഹ്മത്തിന്റെയും ബ്രഹ്മത്തെ അറിഞ്ഞയാളുടെയും അനുഭവമാണിത്. ബ്രഹ്മം തന്നെത്തന്നെയാണ് ബ്രഹ്മമാണ് എന്നറിഞ്ഞത്. ഇങ്ങനെ അറിഞ്ഞതിലൂടെ സര്‍വവുമായിത്തീര്‍ന്നു.
തദ് യോ യോ ദേവാനാം പ്രത്യബുധ്യത സ ഏവ തദഭവത്, തഥര്‍ഷീണാം തഥാ മനുഷ്യാണാം
അതിനാല്‍ ദേവന്‍മാരുടെ കൂട്ടത്തില്‍ ആത്മാവിനെ അറിഞ്ഞവര്‍ സര്‍വാത്മാവായ ബ്രഹ്മമായിത്തീര്‍ന്നു. അതുപോലെ തന്നെ ഋഷികളുടെ കൂട്ടത്തിലും മനഷ്യരുടെ ഇടയിലും അറിഞ്ഞവര്‍ സര്‍വവുമായിത്തീര്‍ന്നു.
തദ്ധൈതത് പശ്യന്‍ ഋഷിര്‍വാമദേവഃ 
പ്രതിപേദേ അഹം. മനുരഭവം സൂര്യശ്വേതി
അങ്ങനെ ബ്രഹ്മത്തെ സാക്ഷാത്കരിച്ച വാമദേവന്‍ എന്ന ഋഷി 'ഞാന്‍ മനുവായി, സൂര്യനുമായി '
എന്നിങ്ങനെ അനുഭവമായി' സര്‍വ്വാത്മഭാവത്തെ പ്രാപിച്ചു.
തദിദമപ്യേ തര്‍ഹി യ ഏവം വേദ, അഹം ബ്രഹ്മാസ്മീതി, സ ഇദം സര്‍വം ഭവതി
അതിനാല്‍ ഇപ്പോഴും ആരാണോ 'ഞാന്‍ ബ്രഹ്മമാകുന്നു' എന്ന് ആത്മാവിനെ അറിയുന്നത് അയാള്‍ ഇതെല്ലാമായിത്തീരുന്നു. അയാളുടെ സര്‍വാത്മാഭാവത്തിന് തടസ്സമായി നില്‍ക്കാന്‍ ദേവന്‍മാര്‍ക്ക് പോലും കഴിയില്ല. എന്തുകൊണ്ടെന്നാല്‍ അയാള്‍ ദേവന്‍മാരുടെ കൂടി ആത്മാവാണ്.
'ഞാന്‍ വേറെ ഞാന്‍ വേറെ' എന്ന് കരുതി തന്നില്‍ നിന്ന് അന്യമായ ദേവതയെ ഉപാസിക്കുന്നയാള്‍ സത്യത്തെ അറിയുന്നില്ല.  അറിവില്ലാത്ത അയാള്‍ ദേവന്‍മാര്‍ക്ക് പശുക്കളെ പോലെയാണ്. വളരെയധികം പശുക്കള്‍ മനുഷ്യരെ പാലിക്കുന്നതു പോലെ അവിദ്വാന്മാരായ ആളുകളൊക്കെ ദേവന്മാരെ പാലിക്കുന്നു. ഒരു പശുവിനെ പുലി പിടിച്ചാല്‍ തന്നെ വിഷമമുണ്ടാകും. അപ്പോള്‍ നിരവധി പശുക്കളെ പുലി കൊണ്ടുപോയാലോ? അതിനാല്‍ മനുഷ്യര്‍ ആത്മ തത്വത്തെ അറിയുന്നത് ദേവന്‍മാര്‍ക്ക് ഇഷ്ടമില്ല. സാധാരണ മനുഷ്യര്‍ ജ്ഞാനം നേടുന്നത് ദേവന്‍മാര്‍ക്ക് ഇഷ്ടപ്പെടില്ല. ജ്ഞാനം നേടിയാല്‍ പിന്നെ യാഗാദി കര്‍മങ്ങള്‍ അയാള്‍ ചെയ്യില്ല. മനുഷ്യരുടെ യാഗം തുടങ്ങിയവയില്‍ നിന്നാണ് ദേവന്‍മാര്‍ക്ക് അന്നം കിട്ടുന്നത്. അതിനാല്‍ ദേവന്‍മാര്‍ മനുഷ്യര്‍ അറിവ് നേടുന്നതില്‍ തടസ്സം നില്‍ക്കുന്നു. അറിവില്ലാത്തവരോട് മാത്രമേ ഈ കളി നടക്കൂ.

No comments:

Post a Comment