Monday, August 20, 2018

ഉപനിഷത്തിലൂടെ -239/ ബൃഹദാരണ്യകോപനിഷത്ത്- 38/ സ്വാമി അഭയാനന്ദ
Tuesday 21 August 2018 1:02 am IST
സ ഹോവാച, ന വാ അരേ പത്യു: കാമായ പതി: പ്രയോ ഭവതി............
യാജ്ഞവല്‍ക്യന്‍ പറഞ്ഞു -
ഭര്‍ത്താവിന്റെ പ്രയോജനത്തിന് വേണ്ടിയല്ല ഭര്‍ത്താവ് പ്രിയനായിരിക്കുന്നത്.ആത്മാവിന്റെ പ്രയോജനത്തിന്നായിട്ടാണ് ഭര്‍ത്താവ് പ്രിയമുള്ളവനാകുന്നത്. അതുപോലെ ഭാര്യയുടെ പ്രയോജനത്തിനല്ല ഭാര്യ പ്രിയയാകുന്നത്. ആത്മാവിന്റെ പ്രയോജനത്തിനാണ് പ്രിയയാകുന്നത്.
അതുപോലെ തന്നെ അവനവന്റെ പ്രയോജനത്തിനല്ല ആത്മാവിന്റെ പ്രയോജനത്തിനായിട്ടാണ് പുത്രന്‍മാരും ധനവും ബ്രാഹ്മണരും ക്ഷത്രിയരും ലോകങ്ങളും ദേവന്‍മാരും  ജീവികളുമെല്ലാം പ്രിയമുള്ളതായി നിലകൊള്ളുന്നത്.
സര്‍വ്വവും പ്രിയമായിരിക്കുന്നത് ആത്മാവിന്റെ പ്രയോജനത്തിനായിട്ടാണ്.
ആത്മാ വാ അരേ ദ്രഷ്ട വ്യ: ശ്രോതവ്യോ  മന്തവ്യോ നിദിധ്യാസിതവ്യോ മൈത്രേയി, ആത്മനോ വാ അരേ ദര്‍ശനേന ശ്രവണേനമത്യാ വിജ്ഞാനേനേദം സര്‍വ്വം വിദിതം.
മൈത്രേയി.,, ആത്മാവാണ് സാക്ഷാത്കരിക്കപ്പെടേണ്ടത്. ആത്മാവിനെപ്പറ്റിയാണ് ശ്രവിക്കുകയും മനനം ചെയ്യുകയും നിദിധ്യാസനം ചെയ്യുകയും വേണ്ടത്. ആത്മാവിന്റെ ദര്‍ശനം കൊണ്ടും ശ്രവണം കൊണ്ടും മനനം കൊണ്ടും വിജ്ഞാനം കൊണ്ടും ഇതെല്ലാം അറിഞ്ഞതായിത്തീരുന്നു.
ലോകത്തിലെ എല്ലാ സ്‌നേഹങ്ങള്‍ക്കും അടിസ്ഥാനം ആത്മാവിനോടുള്ള സ്‌നേഹമാണെന്ന് ഉറപ്പിക്കുകയാണിവിടെ.ഭാര്യ, മക്കള്‍, ധനം തുടങ്ങിയവയിലൊക്കെ വിരക്തി ഉണ്ടാക്കലാണ് ലക്ഷ്യം.
ആത്മാവിന് പ്രീതി സാധനമായതിനാലാണ് മറ്റുള്ളവയിലെല്ലാം താല്പര്യമുണ്ടാകുന്നത്. അതുകൊണ്ട് അവ അപ്രധാനമാണ്, ആത്മാവിലെ പ്രീതി തന്നെ മുഖ്യം. ഇക്കാരണത്താല്‍ ശ്രവണമനന നിദിധ്യാസങ്ങളാകുന്ന സാധനകളിലൂടെ സാക്ഷാത്കരിക്കേണ്ടത് ആത്മാവിനെ മാത്രമാണ്. അപ്പോള്‍ എല്ലാം അറിയാനാകും.
കൂടുതല്‍ അടുപ്പമുള്ളവയെയാണ് ആദ്യം പറഞ്ഞത്. പറഞ്ഞതിനേയും പറയാത്തതിനേയുമൊക്കെ ഉദ്ദേശിച്ചാണ്  സര്‍വ്വം എന്ന പദം ഉപയോഗിച്ചത്.
ബ്രഹ്മ തം പരാദാദ് യോ/ന്യത്രാത്മനോ ബ്രഹ്മവേദ.......
ബ്രാഹ്മണരെ ആത്മാവില്‍ നിന്ന് അന്യമായി അറിയുന്നവനെ ബ്രാഹ്മണര്‍ പുരുഷാര്‍ത്ഥത്തില്‍ നിന്ന് അകറ്റുന്നു. അതുപോലെ തന്നെ ക്ഷത്രിയരേയും ലോകങ്ങളേയും ദേവന്‍മാരേയും ഭൂതങ്ങളേയും തുടങ്ങി സര്‍വ്വതിനേയും ആത്മാവില്‍ നിന്നും അന്യമായി അറിയുന്നവനെ ഇവയെല്ലാം പുരുഷാര്‍ത്ഥത്തില്‍ നിന്നും അകറ്റുന്നു.
ഈ ബ്രാഹ്മണനും ക്ഷത്രിയനും ലോകങ്ങളും ദേവന്‍മാരും ഭൂതങ്ങളും എല്ലാം തന്നെ ഈ ആത്മാവ് മാത്രമാകുന്നു.
ആത്മാവിനെക്കുറിച്ചുള്ള അറിവ് കൊണ്ട് എല്ലാം അറിയപ്പെട്ടതായിത്തീരുമെന്ന് പറയുന്നതെങ്ങനെ എന്നതിന്റെ വിവരണമാണിത്. ആത്മാവില്‍ നിന്ന് ഉണ്ടാകുകയും ആത്മാവില്‍ തന്നെ നിലനില്‍ക്കുകയും ആത്മാവില്‍ തന്നെ ലയിക്കുകയും ചെയ്യുന്ന ഇവയെല്ലാം ആത്മാവല്ലാതെ മറ്റൊന്നാകാന്‍ തരമില്ല.
ആത്മാവില്‍ നിന്ന് വേറെയായി അറിയുമ്പോള്‍ ദ്വൈത ബുദ്ധി അഥവാ രണ്ടെന്ന തോന്നല്‍ ഉണ്ടാകും. രണ്ടെന്ന ഭാവം പുരുഷാര്‍ത്ഥത്തെ നേടുന്നതിന് തടസ്സമായിരിക്കും.

No comments:

Post a Comment