Monday, August 20, 2018

മേനാദേവി തുറന്നുപറഞ്ഞപ്പോള്‍ ഹിമവാനും അത്രിമഹര്‍ഷിയും ഓര്‍ത്തത് ഒരേ കാര്യം. അനുഭവം ഗുരു എന്ന് ദത്താത്രേയ മഹര്‍ഷി പറഞ്ഞിട്ടുണ്ട്. ശിവദൂതന്മാരില്‍ നിന്ന് ദാക്ഷായണിയുടെ പിതാവിന് അനുഭവിക്കേണ്ടി വന്ന കാര്യം മേനാദേവി ചിന്തിച്ചതില്‍ തെറ്റു പറയാനാവില്ല.
മറ്റു മഹര്‍ഷിമാരെല്ലാം പുഞ്ചിരിച്ചു നില്‍ക്കുകയാണ്. അതു കണ്ടപ്പോള്‍ താന്‍ പറഞ്ഞത് ഏറിപ്പോയോ എന്ന് മേനാദേവിക്കും ഒരു സംശയം.
അഗസ്ത്യമഹര്‍ഷി, ആള്‍ കുഞ്ഞനാണെങ്കിലും വാഗ്‌വൈഭവത്തിന്റെ കാര്യത്തില്‍ പര്‍വതത്തിനോളം  വലിയവനായി. ദക്ഷനുണ്ടായ അനുഭവം  ഹിമവാനുണ്ടാകില്ലെന്ന് മഹര്‍ഷി മേനാദേവിക്കുറപ്പു കൊടുത്തു.
എന്നാല്‍ താന്‍ ഇത്രയും പറയാനിടവന്നതില്‍ ക്ഷമിക്കണമെന്ന് മേനാദേവി അപേക്ഷിച്ചു. എന്തുകൊണ്ടോ തന്റെ ചിന്തകള്‍ വിറളിപിടിപ്പിച്ചു എന്ന് മേനാദേവിക്കു ബോധ്യപ്പെട്ടു. പക്ഷേ പിന്നെയും ഒരു സംശയം. ദക്ഷന്റെ അനുഭവം ഹിമവാനുണ്ടായില്ലെന്ന് അഗസ്ത്യമഹര്‍ഷി എങ്ങനെ സധൈര്യം ഉറപ്പുനല്‍കുന്നു. രണ്ടാം കല്യാണക്കാരന്‍ എന്നതിന്റെ രഹസ്യം പറഞ്ഞുതരാമെന്ന് അഗസ്ത്യ മഹര്‍ഷി പറയാന്‍ എന്തായിരിക്കും കാരണം. എന്തായിരിക്കും ആ രഹസ്യം.
മേനാദേവിയുടെ ചിന്തകളും അതിന്റെ പൊരുളും അഗസ്ത്യമഹര്‍ഷിക്കു പിടുത്തം കിട്ടി. അഗസ്ത്യ മഹര്‍ഷി പറഞ്ഞു. ദക്ഷന്‍ ഒരു ഘട്ടത്തില്‍ കടുത്ത അഹങ്കാരിയായിരുന്നു. ഇക്കാലത്ത് ശിവനിന്ദ ശീലവുമാക്കിയിരുന്നു.
ശിവനെ നിന്ദിക്കാനും അപഹസിക്കാനും വേണ്ടി  മാത്രമായിരുന്നു ദക്ഷന്‍ യാഗം സംഘടിപ്പിച്ചത്. ദേവന്മാരെയെല്ലാവരേയും യാഗത്തിനായി ക്ഷണിച്ചിട്ടും ശിവനേയും സതിയേയും വിവരം അറിയിച്ചുപോലുമില്ല. ഈ യാഗത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിയാവുന്നതുകൊണ്ടാണ് ശിവന്‍ സതിയോടു പറഞ്ഞത്. എങ്കിലും തന്റെ വസതിയില്‍ തന്റെ അച്ഛന്‍ നടത്തുന്ന യാഗത്തില്‍ ക്ഷണിച്ചില്ലെങ്കിലും പോകണം എന്നു സതി നിശ്ചയിക്കുകയായിരുന്നു. അവിടെ ചെന്നപ്പോഴും ദക്ഷന്‍ ശിവനെ നിന്ദിക്കുന്നതു കേട്ടാണ് സതി വിഷമത്തോടെ യാഗാഗ്നിയില്‍ ദഹിച്ചത്.
സതീദേവി യാഗാഗ്നിയില്‍ ദഹിച്ചതറിഞ്ഞ ശിവന്‍ താണ്ഡവ നൃത്തമാടി. ആ സമയത്താണ് വീരഭദ്രനേയും ഭദ്രകാളിയേയും മറ്റു ഭൂതഗണങ്ങളേയും ദക്ഷന്റെ യാഗഭൂമിയിലേക്കു നിയോഗിച്ചത്. അപമാനിക്കാന്‍ വേണ്ടി മാത്രമായി സംഘടിപ്പിച്ച യാഗം അവര്‍ മുടക്കി ദക്ഷന്റെ ശിരസ്സറുക്കുകയും ചെയ്തു.
ഹിമവാന്റെ വിനയശീലവും ദക്ഷന്റെ അഹങ്കാരവും കണക്കാക്കുമ്പോള്‍ അവരെ തമ്മില്‍ താരതമ്യപ്പെടുത്താനേ ആവില്ല.
മറ്റൊരു വിഷയവുമുണ്ട്. നേരത്തേ സൂചിപ്പിച്ച രഹസ്യവും ഞാന്‍ പറയാം. അന്നത്തെ ദാക്ഷായണി തന്നെയാണ് പാര്‍വതിദേവിയായി അവതരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാം വിവാഹമെന്ന ചിന്തയ്ക്കും സ്ഥാനമില്ല. വധുവും വരനും മാറിയിട്ടില്ല. ഒടു ചടങ്ങിന്റെ ആവര്‍ത്തനം മാത്രം. അത് ശാസ്ത്രവിധിപ്രകാരം തന്നെയാണ്.
അഗസ്ത്യമഹര്‍ഷിയുടെ വിശദീകരണങ്ങള്‍ കേട്ട്  മേനാദേവിക്കു സമാധാനമായി. താന്‍ മനസ്സില്‍ സംശയിച്ച കാര്യങ്ങള്‍ തന്നെയാണ് തന്റെ മനസ്സ് വായിച്ചറിഞ്ഞ അഗസ്ത്യമഹര്‍ഷി തീര്‍ത്തുതന്നത്.
സപ്തര്‍ഷിമാരെയും ഹിമവാനെയും വേദനിപ്പിച്ചതിലും ശ്രീപരമേശ്വരനെ സംശയിച്ചതിലും മേനാദേവി ക്ഷമയാചിച്ചു.
വിവാഹ തടസ്സം മാറിയതിലും ശിവദൂത് വിജയിപ്പിക്കാനായതിലും എല്ലാവരും സന്തോഷിച്ചു. അകത്ത് പാര്‍വതീദേവിയും ആനന്ദക്കണ്ണീരണിഞ്ഞു.
മകളുടെ വിവാഹ ആലോചനയില്‍ തക്കസമയത്ത് ഇടപെട്ടതിനെ ഹിമവാനും സപ്തര്‍ഷികളും പ്രശംസിച്ചു. പ്രപഞ്ചത്തില്‍ എല്ലാ അമ്മമാരുടേയും പ്രതിനിധിയാണ് മേനാദേവി എന്ന് സപ്തര്‍ഷിമാര്‍ അനുമോദിച്ചു.
മാതാപിതാക്കളുടെ അനുവാദത്തോടെയും ആശീര്‍വാദത്തോടെയും സപ്തര്‍ഷിമാരുടെ സാന്നിദ്ധ്യത്തില്‍ ശിവപാര്‍വതീ വിവാഹം നിശ്ചയിക്കപ്പെട്ടു. ഈ വിവരം സപ്തര്‍ഷിമാര്‍ ശിവനെ ധരിപ്പിക്കുകയും ചെയ്തു.

No comments:

Post a Comment