രാമായണസുഗന്ധം-24 / വി.എന്‍.എസ്. പിള്ള
Wednesday 15 August 2018 1:09 am IST
സീതാദേവിയെ മരവുരിയണിയിച്ച് സന്ന്യാസിനിയാക്കുന്നതു കണ്ട ജനങ്ങള്‍ ഇതു തടയാനാകാത്ത ദശരഥനെതിരെ ആക്രോശിച്ചു. ദുഃഖിതനായ ദശരഥന്‍ കൈകേയിയോട് അവര്‍ കാണിക്കുന്ന അന്യായത്തിനെതിരെ സംസാരിച്ചു. ഇതിന്റെ ഫലം മുളങ്കാടുകള്‍ പൂക്കുമ്പോള്‍ മുളകള്‍ ഇല്ലാതാവുന്നതു പോലെയായി തന്റെ ജീവിതമെന്നദ്ദേഹം പറയുകയുണ്ടായി. ശിരസ്സു താഴ്ത്തിയിരുന്ന പിതാവിനോട് രാമന്‍ തന്റെ അഭാവത്തില്‍ മാതാവായ കൌസല്യാദേവിയോട് കുടുതല്‍ കരുണയും കരുതലും കാണിക്കേണമെന്ന് അപേക്ഷിച്ചു.
രാജാജ്ഞയാല്‍ സീതാദേവിയെ സര്‍വാഭരണ വിഭൂഷിതയാക്കുകയുണ്ടായി. ദേവിക്കു വേണ്ട ഉപദേശങ്ങള്‍ കൗസല്യാമാതാവ് നല്‍കുകയും ചെയ്തു. തനിക്കു ലഭിച്ച വിദ്യയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ഭര്‍ത്താവ് സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവമാണത്രേ. അങ്ങനെയുള്ള ഭര്‍ത്താവിനെ എങ്ങനെയാണ് ചെറുതായിക്കാണുകയെന്ന് സീതാദേവി അഭിപ്രായപ്പെടുകയുണ്ടായി. രാമനാകട്ടെ തന്റെ എല്ലാ മാതാക്കളോടുമായി 'തെറ്റായ വാക്കോ പ്രവൃത്തിയോ എന്റെ അറിവില്ലായ്മ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളെല്ലാവരും അത് ക്ഷമിക്കണം' എന്ന് അപേക്ഷിക്കുകയും താനിവിടെനിന്നും പോവുകയാണെന്ന് പറയുകയും ചെയ്തു.
രാമനും സീതാദേവിയും ലക്ഷ്മണനെയും പിതാവിനേയും കൗസല്യാദേവിയേയും സുമിത്രാദേവിയേയും നമസ്‌കരിക്കുകയും അവരെ പ്രദക്ഷിണം ചെയ്യുകയുമുണ്ടായി. തന്റെ പുത്രന് ദീര്‍ഘമായി ഉപദേശം നല്‍കിയ സുമിത്രാദേവി ലക്ഷ്മണനോട് ഇപ്രകാരം പറഞ്ഞുനര്‍ത്തി:
'രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം, അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ താത യഥാസുഖം'. രാമനെ ദശരഥനെന്നറിയുക (പിതാവെന്നറിയുക), ജനകാത്മജയെ ഞാനെന്നറിയുക (മാതാവെന്നറിയുക), വനത്തെ അയോദ്ധ്യയെന്നുമറിയുക (ഭവനമെന്നുമറിയുക), ഇനി സന്തോഷത്തോടെ പോകൂ.
മാതലി ഇന്ദ്രനോടെന്ന പോലെ സുമന്ത്രര്‍ രാമനോട് രഥത്തില്‍ കയറുവാന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാം മംഗളമായിരിക്കട്ടെ എന്ന് ആശംസിക്കയും ചെയ്തു. നിഷ്‌കാസിതരായ മൂന്നു പേരേയും കൊണ്ട് രഥം മുന്നോട്ടു പോകുമ്പോള്‍ സുമന്ത്രര്‍ രാമനോടായി പറഞ്ഞു 'കൈകേയി പറഞ്ഞ പതിന്നാലു വര്‍ഷം ഇന്നു തുടങ്ങുന്നു'.
ദുഃഖിതരായ അയോദ്ധ്യാവാസികള്‍ പലരും രഥത്തിന്റെ പിന്നാലെ കൂടി രഥം വേഗം കുറച്ച് തെളിക്കുവാന്‍ സുമന്ത്രരോടപേക്ഷിച്ചു, അവര്‍ക്ക് രാമനെ കണ്‍നിറയെ കാണുവാനായി. രഥം മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിരുന്നു. രഥം വേഗത്തില്‍ ഓടിക്കുവാന്‍ രാമന്‍ നിര്‍ദേശവും നല്‍കി. അന്തഃപുരത്തിലെ സ്ത്രീകള്‍ രാമന്റെ നിഷ്‌കാസനത്തെത്തുടര്‍ന്ന് വാവിട്ടു നിലവിളിച്ചു. രാമനോട് അനീതി പ്രവര്‍ത്തിച്ചു എന്ന് എല്ലാവര്‍ക്കും തോന്നുകയുണ്ടായി. ഹോമങ്ങളും പൂജകളും മുടങ്ങി. ജനങ്ങള്‍ ഭക്ഷണം ഉണ്ടാക്കിയില്ല. അവര്‍ തങ്ങളുടെ മറ്റു തൊഴിലുകളിലും വ്യാപൃതരായില്ലത്രേ. ഗജങ്ങള്‍ തീറ്റ താഴെയിട്ടു. ഗോക്കള്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കാതെയായി. നക്ഷത്രമണ്ഡലവും പതിവുപോലെയല്ലാതെ കാണപ്പെട്ടു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് സമുദ്രം പ്രക്ഷുബ്ധമായി.
പെട്ടെന്ന് അയോദ്ധ്യ ഒരു തകര്‍ന്ന പട്ടണമായി മാറുകയുണ്ടായി. എല്ലാ മുഖങ്ങളിലും ദുഃഖമാണ് കണ്ടത്. എല്ലാ ജനങ്ങളും രാമനെ ഓര്‍ത്തുകൊണ്ടിരുന്നു.
No comments:
Post a Comment