Thursday, August 16, 2018

തമസാനദി

രാമായണസുഗന്ധം-24
Friday 17 August 2018 1:05 am IST
വനത്തിലേക്ക് അതിവേഗത്തില്‍ പോയ രഥത്തെ കാല്‍നടയായി പിന്തുടരുവാന്‍ ദശരഥന്‍ ഒരു പാഴ്ശ്രമം നടത്തി. രാമനും രഥവും അതുയര്‍ത്തിയ പൊടിയും കണ്ണില്‍നിന്നും മായുന്നതുവരെ ദശരഥന്‍ നോക്കിനിന്നു. രഥം കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ രാജാവ് ദുഃഖിതനായി താഴെവീണു.
അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുവാനായി കൗസല്യാദേവി അദ്ദേഹത്തിന്റെ വലതുഭാഗം താങ്ങിപ്പിടിക്കുകയും കൈകേയി ഇടതുവശം താങ്ങുകയും ചെയ്തപ്പോള്‍ ദശരഥന്‍ തന്നെ കൗസല്യാദേവിയുടെ അന്തഃപുരത്തലേക്കു കൊണ്ടുപോകൂ എന്ന് സേവകര്‍ക്ക് ആജ്ഞ നല്‍കുകയുമുണ്ടായി. അദ്ദേഹം രാമനെയോര്‍ത്ത് ദീനമായി രോദനം ചെയ്തുകൊണ്ടേയിരുന്നു. രാമന്‍ മടങ്ങിവരുമ്പോള്‍ കാണുവാന്‍ ഭാഗ്യമുണ്ടാകുന്ന ജനങ്ങള്‍ സന്തുഷ്ടരായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
മദ്ധ്യരാത്രിയായപ്പോള്‍ ദശരഥന്‍ രാജ്ഞിയോടു പറഞ്ഞു എനിക്കു നിന്നെ കാണുവാന്‍ കഴിയുന്നില്ല. എന്നെ കൈകൊണ്ടു സ്പര്‍ശിക്കൂ. രാമന്റെ പിറകേ പോയ എന്റെ കണ്ണുകളുടെ കാഴ്ച ഇനിയും മടങ്ങിവന്നിട്ടില്ല. രാജാവിനൊപ്പം  ശയ്യയിലിരുന്ന രാജ്ഞി (കൌസല്യാദേവി) ഈ ദുരവസ്ഥയില്‍ അതിയായ ദുഃഖത്താല്‍ വിലപിക്കുവാന്‍ തുടങ്ങി. കൈകേയിക്ക് ഇനി സന്തോഷത്തിന്റെ നാളുകളാണ്. കാലം അവളുടെ കൂടെയാണ്. രാമന്‍ ഭിക്ഷാംദേഹിയായി ഇവിടെ കഴിഞ്ഞിരുന്നെങ്കില്‍ രാമന്‍ വനത്തില്‍ പോയതിനേക്കാള്‍ ഞാന്‍ സന്തുഷ്ടയാകുമായിരുന്നു. ഏകമകനുണ്ടായ ഈയവസ്ഥ താന്‍ തരണം ചെയ്യുവാനാകുമോ എന്ന ഭയമായിരുന്നു രാജ്ഞിക്ക്. 
രാമന്റെ ഗുണഗണങ്ങളേയും യോഗ്യതകളേയും യുദ്ധസാമര്‍ത്ഥ്യത്തേയും വിശദീകരിച്ചുകൊണ്ട് സുമിത്രാദേവി ജ്യേഷ്ഠപത്‌നിയെ സാന്ത്വനിപ്പിച്ചു. രാമന്‍ ദേവന്മാരുടെ ദേവനാണെന്ന് സുമിത്രാദേവി പറഞ്ഞു. രാമനെ ഭൂദേവിയും സീതാദേവിയും ശ്രീദേവിയും ചേര്‍ന്ന് രാജാവാക്കുമെന്ന് സുമിത്രാദേവി അഭിപ്രായപ്പെട്ടു. രാമന്റെ വിയോഗത്താല്‍ ദുഃഖിതരായ ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട ജ്യേഷ്ഠപത്‌നി ഇങ്ങനെ ദുഃഖിതയാകരുതേയെന്നും അവര്‍ തുടര്‍ന്നു. സുമിത്രാദേവിയുടെ സന്ദര്‍ഭോചിതമായ വാക്കുകളാല്‍ കൗസല്യാദേവിയുടെ ദുഃഖം ശരത്കാല മേഘം പോലെ മാഞ്ഞുപോയി.
തനിക്കു നല്‍കിയ സ്‌നേഹവും ഊഷ്മളതയും അവര്‍ ഭരതനും നല്‍കണമെന്നും ഭരതന്‍ നല്ലൊരു രാജാവായിരിക്കും എന്നും തന്നെ അനുഗമിച്ച അയോദ്ധ്യാവാസികളോടായി രാമന്‍ പറയുകയുണ്ടായി. താനില്ലാത്ത അവസ്ഥയില്‍ ഭരതന് ദുഃഖമുണ്ടാകാതെ നോക്കേണമെന്നും രാമന്‍ പറഞ്ഞു. തങ്ങളുടെ കര്‍ത്തവ്യത്തില്‍ രാമനും ലക്ഷ്മണനും എത്രമാത്രം ദൃഢമായിരുന്നുവോ അത്രത്തോളംതന്നെ ശക്തമായി അവരുടെ മടങ്ങിവരവ് അവരോടൊപ്പം പോയ അയോദ്ധ്യാവാസികളും ആവശ്യപ്പെടുകയുണ്ടായി.
രാമന്റെ പിന്നാലെ കാല്‍നടയായി വന്ന ബ്രാഹ്മണര്‍, പ്രായം കൊണ്ടും തേജസ്സുകൊണ്ടും ജ്ഞാനം കൊണ്ടും ബഹുദൂരം മുന്നിലായിരുന്നവര്‍, രാമനോടും രാമന്റെ രഥത്തിന്റെ അശ്വങ്ങളോടും അയോദ്ധ്യയിലേക്കു മടങ്ങുവാന്‍ അപേക്ഷിച്ചു. കാല്‍നടയായി വന്നതിനാല്‍ അവര്‍ വളരെ പിന്നിലായിരുന്നു. മടങ്ങിവരുവാന്‍ അപേക്ഷിച്ച അവര്‍ രാമന് വാജപേയ യജ്ഞങ്ങളില്‍ തങ്ങള്‍ക്കു ലഭിച്ച ധവളമായ വിതാനത്താല്‍ അങ്ങേക്ക് തണലൊരുക്കാം എന്നു പറഞ്ഞു. ഇങ്ങനെയോരോന്നു പറഞ്ഞുകൊണ്ടിരിക്കേ മുന്നില്‍ തമസാനദി കാണായി.

No comments:

Post a Comment