Wednesday, August 01, 2018

ലയുടെ മുകളിലേക്ക് കല്ലുരുട്ടി കയറ്റി,  മുകളിലെത്തുമ്പോള്‍ കൈവിട്ട ശേഷം കല്ല് താഴേക്ക് ഉരുണ്ടു  വീഴുന്നതു കണ്ട് കൈകൊട്ടി ചിരിക്കുന്നതായിരുന്നു നാറാണത്തുഭ്രാന്തന്റെ പ്രധാന വിനോദം. 
ഏറെ ആയാസപ്പെട്ട് കല്ലുരുട്ടി കയറ്റി, അനായാസം അത് കീഴോട്ടിടുന്നത് ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു നാറാണത്തു ഭ്രാന്തന്റെ  പ്രവൃത്തി. ഭിക്ഷയെടുത്തായിരുന്നു അദ്ദേഹത്തിന്റെയും ഉപജീവനം. ഭിക്ഷ യാചിച്ചു കിട്ടുന്ന അരി ഭിക്ഷാടനം തീരുമ്പോള്‍ എവിടെയെത്തുന്നുവോ അവിടെ വെച്ച് പാകം ചെയ്ത് ഭക്ഷിക്കും. ഒരു നേരമാണ് ഭക്ഷണം. സ്വയം പാചകം ചെയ്‌തേ കഴിക്കൂ. ഊണുകഴിഞ്ഞ് അവിടെത്തന്നെയുറങ്ങി വെളുപ്പിനെണീറ്റു പോകും. പിന്നെയും ഭിക്ഷാടനം. ഇതാണ് ദിനചര്യ. ഉച്ചവരെ കല്ലുരുട്ടി കയറ്റി അതു കഴിഞ്ഞാണ് ഭിക്ഷയാചിക്കുന്നത്. 
ഒരിക്കലൊരു വൈകുന്നേരം അദ്ദേഹം എത്തിപ്പെട്ടത് ഒരു ശ്മശാനത്തിലായിരുന്നു. അവിടെ ഒരു ശവദാഹം കഴിഞ്ഞ് തീയും വിറകുമെല്ലാം ബാക്കിയുണ്ടായിരുന്നു. ഇതു കണ്ട നാറാണത്തു ഭ്രാന്തന്‍ അടുപ്പു കൂട്ടി അവിടെ ഭക്ഷണം പാകം ചെയ്തു. മന്തുള്ള ഇടതു കാല്‍ അടുപ്പു കല്ലില്‍ വെച്ച് തീ കാഞ്ഞു കൊണ്ടായിരുന്ന പാചകം. 
അങ്ങനെയിരിക്കെ ഭൂതപ്രേത പിശാചുക്കളുടെ അകമ്പടിയോടെ ചുടലഭദ്രകാളിയെത്തി. അവരുടെ ബഹളം കേട്ടിട്ടും കൂസലില്ലാതെ നാറാണാത്തു ഭ്രാന്തനിരുന്നു. അവിടം വിട്ടു പോകാന്‍ അവര്‍ നാറാണത്തു ഭ്രാന്തനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് കണ്ണില്ലേ, ഞാനൊരു മനുഷ്യനാണെന്നു കണ്ടില്ലേ, എനിക്കു പോകാന്‍ ഭാവമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ നിന്നെ പേടിപ്പിക്കുമെന്നായി ഭദ്രകാളി. പേടിച്ചില്ലെങ്കിലോ എന്ന് ഭ്രാന്തന്‍. 
ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാത്താവരായി ആരെങ്കിലുമുണ്ടോ എന്നു ചോദിച്ച കാളിയോട് പരീക്ഷിച്ചു നോക്കാന്‍ ഭ്രാന്തന്‍ പറഞ്ഞു. കോപം പൂണ്ട കാളി  തന്റെ കണ്ണുകള്‍ തുറിച്ചും ദംഷ്ട്രകള്‍ നീട്ടിയും അട്ടഹസിച്ച് നാറാണത്തു ഭ്രാന്തനെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം കൂസലില്ലാത അവിടെത്തന്നെ ഇരുന്നു. ഇതു കണ്ട് ഭദ്രകാളിയും ചുടലഭൂതങ്ങളും ലജ്ജിച്ച് തല താഴ്ത്തി.  അങ്ങൊരു സാധാരണ മനുഷ്യനാണെന്നു കരുതിയാണ് ഇങ്ങനെ ചെയ്തത്. അങ്ങൊരു അസാമാന്യ മനുഷ്യനാണെന്നു മനസ്സിലായി. അങ്ങ് ദയവു ചെയ്ത് ഇവിടുന്ന് മാറിത്തരണം, ഞങ്ങള്‍ക്ക് നൃത്തം ചെയ്യണമെന്ന് നാറാണത്തിനോട് അപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം പോകാന്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ നൃത്തം ചെയ്കയില്ലെന്ന് ഭദ്രകാളി വീണ്ടും പറഞ്ഞു.  എന്നാല്‍ നൃത്തം നാളെ ചെയ്‌തോളൂ, ഇന്നു ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്നായി നാറാണത്ത്. വാഗ്വാദങ്ങള്‍ക്കൊടുവില്‍ കാളിയും കൂട്ടരും മടങ്ങിപ്പോകാനുറച്ചു. അക്കാര്യം നാറാണത്തിനെ അറിയിച്ചു. സാധാരണ മനുഷ്യരെ നേരിട്ട് കണ്ടു മുട്ടിയാല്‍ ഞങ്ങള്‍ ശപിക്കുകയാണ് പതിവ്. പക്ഷേ അങ്ങയെ ഞങ്ങള്‍ ശപിക്കുന്നില്ല. അനുഗ്രഹം നല്‍കാം എന്നു പറഞ്ഞു. പക്ഷേ നിങ്ങളുടെ അനുഗ്രഹമൊന്നും എനിക്കു വേണ്ടെന്നു നാറാണത്തും പറഞ്ഞു. അതു പറ്റില്ലെന്ന കാളിയുടെ തുടര്‍ച്ചയായ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒടുവില്‍ അനുഗ്രഹം വാങ്ങാമെന്നായി നാറാണത്ത്.
ഞാനെന്നു മരിക്കുമെന്ന് നിങ്ങള്‍ക്ക് പറയാമോ എന്നു ചോദിച്ച നാറാണത്തിനോട് മുപ്പത്താറു സംവത്സരവും ആറുമാസവും പന്ത്രണ്ടു ദിവസവും അഞ്ചു നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് ഭദ്രകാളി പറഞ്ഞു. എന്നാല്‍ എന്റെ ആയുസ്സ് ഒരു ദിവസം കൂടി നീട്ടിത്തരാമോ എന്നായി നാറാണത്ത്.  അയ്യോ അതു വയ്യ, ഒരു മാത്രകൂടി നീട്ടിത്തരാനാവില്ലെന്നു പറഞ്ഞ കാളിയോട് എന്നാലെന്റെ മരണം ഒരു ദിവസം മുമ്പോട്ടാക്കണമെന്നായി നാറാണത്തിന്റെ ആവശ്യം. അതും വയ്യെന്നറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അനുഗ്രഹമൊന്നും വേണ്ടന്നും നാറാണത്ത് കോപിച്ചു.  ഒടുവില്‍ തന്റെ ഇടതു കാലിലെ മന്ത് വലതു കാലിലാക്കി തരണമെന്ന് പറഞ്ഞ നാറാണത്തിന് അത് സസന്തോഷം അനുഗ്രഹിച്ചു നല്‍കി കാളിയും കൂട്ടരും ശ്മശാനം വിട്ടു പോയി. 

No comments:

Post a Comment