Wednesday, August 01, 2018

അധ്യായം-18-37-ാം ശ്ലോകം
അഗ്രേ വിഷം ഇവ- സാത്വിക സുഖം നേടണമെങ്കില്‍ പ്രയത്‌നം ചെയ്യേണ്ടതുണ്ട്. ഭൗതിക വിഷയങ്ങളില്‍ വൈരാഗ്യം ഉണ്ടാവണം. പിന്നെ ധ്യാനയോഗമാണ് ശീലിക്കുന്നതെങ്കില്‍ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുള്ള ആസനങ്ങള്‍ ചെയ്തു ശീലിക്കണം. ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കണം. സ്‌നാനം, ജപം, ഉപവാസം മുതലായ വ്രതങ്ങള്‍ അനുഷ്ഠിച്ച് പാപം നശിപ്പിക്കുന്നു. ഭഗവാന്റെയും ജീവാത്മ- പരമാത്മാക്കളുടെയും തത്ത്വം അറിയണം. പിന്നെ ഭഗവാന്റെ രൂപം ധ്യാനിക്കാന്‍ ആരംഭിക്കണം. ഇവയെല്ലാം എഴുതാനും പ്രസംഗിക്കാനും എളുപ്പമാണ്. പക്ഷേ, അനുഷ്ഠിക്കാന്‍ വളരെ പ്രയാസമാണ്. അതിനാല്‍ ആത്മീയചര്യകളോട് ദ്വേഷം തന്നെ തോന്നാന്‍ സാധ്യതയുണ്ട്. ആ ദ്വേഷം, നമ്മുടെ മനസ്സിനെ സര്‍പ്പത്തിന്റെ വിഷം പോലെ ദുഃഖിപ്പിക്കും, പീഡിപ്പിക്കും.
(2) പരിണാമേ അമൃതോപമം (18-37)
വൈരാഗ്യം മുതലായ ചര്യകള്‍നിഷ്ഠയോടെ ഗുരുപദേശപ്രകാരം അനുഷ്ഠിച്ച്, ലക്ഷ്യത്തില്‍ ചേര്‍ന്നാല്‍ അമൃത് കുടിച്ചാലുണ്ടാവുന്ന സന്തോഷവും ഉണ്ടാവും. ആ സുഖത്തില്‍നിന്ന് പിന്മാറാന്‍ തോന്നുകയില്ല, ഇന്ദ്രിയങ്ങള്‍ പിന്മാറുകയില്ല.
(3) ആത്മബുദ്ധി പ്രസാദജം (18-37)
ആ സുഖം ആത്മാവിന്റെയും ബുദ്ധിയുടെയും പ്രസാദത്തില്‍നിന്നാണ് ഉണ്ടാവുന്നത്.
എന്താണ് ആത്മാവ്! -നമ്മുടെ ഹൃദയത്തില്‍ അന്തര്യാമിയായി സ്ഥിതിചെയ്യുന്ന ഭഗവാന്‍ തന്നെ. ആ ഭഗവാന്റെ പ്രസാദം കിട്ടിയാല്‍ മാത്രമേ ബുദ്ധി പ്രസാദിക്കുകയുള്ളൂ. ബുദ്ധി പ്രസാദിക്കുക എന്നാല്‍ രജോഗുണത്തിന്റെയും തമോഗുണത്തിന്റെയും മാലിന്യം നീങ്ങി, കണ്ണാടിപോലെ- ദര്‍പ്പണംപോലെ- പ്രകാശിക്കുക എന്നര്‍ത്ഥം. അങ്ങനെ ബുദ്ധിയുടെ പ്രസാദത്തില്‍ നിന്നാണ് സുഖം ജനിക്കുന്നത്.
വെളുത്ത പക്ഷത്തിലെ വാവുദിവസം രാത്രി ഉദിച്ചുയരുന്ന ചന്ദ്രന്റെ പൂനിലാവ്, പരിപൂര്‍ണമാണ്. അതുകാണുമ്പോള്‍ നമുക്ക് ആഹ്ലാദം ഉണ്ടാകും. പക്ഷേ ആ ആഹ്ലാദം കണ്ണിന്റെ നൈര്‍മല്യത്തെ ആശ്രയിച്ചാണ് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത്. അതുപോലെ ഭഗവദാനന്ദാനുഭൂതി ബുദ്ധിയുടെ നൈര്‍മല്യത്തിന് അനുസൃതമായി മാത്രമേ നമുക്ക് അനുഭവിക്കാന്‍ കഴിയൂ എന്ന് ഭഗവാന്‍ പറയുന്നു. ഇതാണ് സാത്വികമായ സുഖം എന്ന് മഹര്‍ഷിമാര്‍ പറയുന്നു.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment