Sunday, August 12, 2018

വളരെ ക്രുദ്ധനായ സുമന്ത്രര്‍ കൈകേയിയെ ശകാരിക്കുകയുണ്ടായി. അവരുടെ പ്രവൃത്തിയിലെ നീതികേട് എണ്ണിപ്പറഞ്ഞ് അവരെ ഭര്‍ത്താവിന്റെ കൊലപാതകിയെന്ന് സുമന്ത്രര്‍ വിളിച്ചു. അവര്‍ ഇക്ഷ്വാകു വംശത്തിന്റെ രീതികളെ മാറ്റിമറിച്ചുവെന്നും സുമന്ത്രര്‍ തുടര്‍ന്നു പറഞ്ഞു.
നിങ്ങളുടെ പുത്രനായ ഭരതനെ രാജാവാക്കിക്കൊള്ളൂ. ഞങ്ങളെല്ലാവരും രാമനോടൊപ്പം പോകയാണ്. ഈ രാജ്യത്ത് ഒരു ബ്രാഹ്മണന്‍ പോലും ഉണ്ടാകുകയില്ല. എല്ലാവരും ഉപേക്ഷിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് ആഹ്ലാദിക്കുവാന്‍ ഉള്ളത്. നിങ്ങളുടെ സ്വഭാവം നിങ്ങളുടെ മാതാവിന്റേതു പോലെ തന്നെയത്രേ.
''നിങ്ങളുടെ മാതാവിന്റെ ദുഃസ്വഭാവത്തെപ്പറ്റി കുറേ കേട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ശക്തനായ ആരോ നിങ്ങളുടെ പിതാവിന് ഒരു വരം നല്‍കുകയുണ്ടായി. അതുമൂലം അദ്ദേഹത്തിന് പക്ഷികളുടേയും മറ്റു ജീവികളുടേയും ഭാഷ മനസ്സിലാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശയ്യയില്‍ കിടക്കുമ്പോള്‍ ഒരു പക്ഷിയുടെ ചിലക്കല്‍ കേട്ട് ചിരിച്ചുപോയി. ഉടനെ നിങ്ങളുടെ മാതാവിന് അതിന്റെ രഹസ്യമറിയണം. കേകയരാജാവ് പത്‌നിയോടു പറഞ്ഞു അതിന്റെ രഹസ്യം പുറത്തു പറഞ്ഞാല്‍ എന്റെ മരണം ആസന്നമാകും. നിങ്ങളുടെ മാതാവ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു രാജന്‍ അങ്ങു മരിക്കുകയോ ജീവിക്കുകയോ എന്തുമാകട്ടെ, ആ രഹസ്യം എന്നോടു പറയൂ. ഇക്കാര്യം രാജാവ് വരം നല്‍കിയ ഋഷിയോടു പറഞ്ഞു. അദ്ദേഹം സന്തുഷ്ടനാവുകയും പത്‌നി മരിച്ചാലും പിതൃഗൃഹത്തലേക്കു പോയാലും ആ രഹസ്യം പുറത്തുപറയരുത് എന്ന് രാജാവിനെ ഉപദേശിക്കുകയും ചെയ്തു. മാതാവിനെപ്പോലെ നിങ്ങളും ഭര്‍ത്താവിനെ തെറ്റായ മാര്‍ഗത്തിലേക്കു നയിക്കുകയാണ്. അങ്ങനെ ചെയ്യരുതേ. 
നിങ്ങളെ മാത്രമല്ല എല്ലാ സൃഷ്ടികളേയും സംരക്ഷിക്കുവാന്‍ കഴിയുന്ന രാമനെ അയോധ്യയുടെ സിംഹാസനത്തില്‍ അവരോധിക്കൂ. രാമന്‍ വനത്തിലേക്കു പോയാല്‍ നിങ്ങള്‍ക്കുണ്ടാകുന്നത് ഭയങ്കരമായ പേരുദോഷമാണ്'' ഇങ്ങനെ സുമന്ത്രര്‍ തൊഴുകൈകളോടെ കൈകേയിയോട് അപേക്ഷിക്കുകയുണ്ടായി എങ്കിലും അവരുടെ നിലപാടില്‍ തെല്ലും മാറ്റമുണ്ടായില്ല.
രാമന്റെ വനവാസം സുരക്ഷിതവും രാജകീയവും ആകണമെന്ന ആഗ്രഹത്തോടെ, രാമനോടൊപ്പം ചതുരംഗസേനയുടെ ഒരു ഭാഗവും സമ്പത്തും സ്ത്രീകളും ബലവാന്മാരും വനജീവിതത്തെക്കുറിച്ച് അറിയാവുന്ന മറ്റാളുകളും രാജ്യത്തിന്റെ ധാന്യശേഖരത്തിന്റെയും ധനത്തിന്റെയും അധികാരികളും പോകേണ്ടതാണെന്ന് ദശരഥന്‍ സുമന്ത്രര്‍ക്ക് ആജ്ഞ നല്‍കി. ഇതുകേട്ട് ഞെട്ടിപ്പോയ കൈകേയി സമ്പത്തില്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കയില്ല എന്നു പറഞ്ഞു. ഈ കുലത്തിലെ തന്നെ രാജാവായിരുന്ന സഗരന്‍ തന്റെ ജ്യേഷ്ഠപുത്രനായ അസമഞ്ജസിനെ ഒന്നും നല്‍കാതെയാണ് ഉപേക്ഷിച്ചതെന്നും രാമനും അതുപോലെ വെറും കൈയോടെ പോകണമെന്നും കൈകേയി ശഠിക്കുകയുമുണ്ടായി. ഇതിന് ദശരഥന്‍ 'ലജ്ജാകരം' എന്ന് മറുപടിനല്‍കി. അവിടെയുണ്ടായിരുന്നവരൊക്കെ ഇതേ അഭിപ്രായമുള്ളവരായിരുന്നു.
(തുടരും)
pillaivnsreekaran@gmail.com

No comments:

Post a Comment