Sunday, August 12, 2018

ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Monday 13 August 2018 1:02 am IST
(അധ്യായം-18 ശ്ലോകം 47)
സ്വധര്‍മഃ
ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ ജന്മനാ തന്നെ, സത്ത്വാദി ഗുണങ്ങളും സ്വഭാവങ്ങളും ഉള്ള മനുഷ്യന്റെ അതത് ഗുണങ്ങളും സ്വഭാവങ്ങളും അനുസരിച്ചു ചെയ്യേണ്ടുന്ന കര്‍മങ്ങള്‍ മുന്‍പ് വിസ്തരിച്ചുവല്ലോ. ഒരു കൂട്ടര്‍ക്ക് വിധിക്കപ്പെട്ടവ മറ്റുള്ളവര്‍ അനുകരിക്കേണ്ടതില്ല.
തപസ്സും വേദാധ്യയനവും യജ്ഞവുമായി കഴിഞ്ഞുകൂടുന്ന ബ്രാഹ്മണ സ്വഭാവമുള്ളവന്‍, തന്നെ ആരും ശ്രദ്ധിക്കുന്നില്ല, ആരും അംഗീകരിക്കുന്നില്ല, ധനം ലഭിക്കുന്നില്ല എന്ന് കരുതി (=വിഗുണഃ അപി) പരധര്‍മം (ക്ഷത്രിയാദികളുടെ ധര്‍മം) ആരംഭിക്കേണ്ടതില്ല. രാജ്യഭരണം, സാമൂഹ്യപ്രവര്‍ത്തനം, സാംസ്‌കാരിക പ്രവര്‍ത്തനം തുടങ്ങിയ ക്ഷത്രിയ ധര്‍മങ്ങളും ആരംഭിക്കേണ്ടതില്ല. അതുപോലെ യജ്ഞം മുതലായ വൈദിക കര്‍മങ്ങളും ചെയ്തു; പക്ഷേ വിധിപ്രകാരമല്ല ചെയ്തത് എന്ന് വിചാരിച്ച്,  വേറെ കര്‍മങ്ങള്‍ ചെയ്യേണ്ടതില്ല. അതുപോലെ ക്ഷത്രിയന്‍ ബ്രാഹ്മണന്റെ കര്‍മമോ, വൈശ്യന്‍ ക്ഷത്രിയന്റെ കര്‍മമോ, ശൂദ്രന്‍ ബ്രാഹ്മണന്റെ കര്‍മമോ മാറി ചെയ്യേണ്ടതില്ല. കാരണം, അന്യവര്‍ണങ്ങള്‍ക്ക് അനുയോജ്യമായ കര്‍മം എത്രയോ ശ്രേഷ്ഠമാണെന്ന് തോന്നിയാലും ചെയ്യരുത്; അതാണ്
''സ്വനുഷ്ഠി താല്‍പര ധര്‍മാല്‍ ശ്രേയാന്‍''
എത്രതന്നെ നന്നായി തെറ്റുപറ്റാതെ ചെയ്താലും പരധര്‍മത്തെക്കാള്‍ സ്വധര്‍മം ശ്രേഷ്ഠം എന്നാണ് ഭഗവാന്‍ പറഞ്ഞത്.
ജ്യോതിഷ്‌ടോമം മുതലായ വൈദികയജ്ഞങ്ങളില്‍ ജന്തുഹിംസ ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷേ, ആ ഹിംസ യജ്ഞത്തിന്റെ ഘടകമാണ്. അതിനാല്‍ ഹിംസ എന്ന് വേഷം ഇല്ല. ക്ഷത്രിയന് രാജ്യഭരണം നടത്തുമ്പോള്‍, ശത്രുക്കളെയും ഭീകരവാദികളെയും വധിക്കേണ്ടിവരും. അതിനും വധദോഷം ഇല്ല. വൈശ്യന് കൃഷി, കച്ചവടം മുതലായ കര്‍മങ്ങളില്‍  കള്ളം പറയേണ്ടിവരും. ''സുഹൃത്തേ, നിങ്ങളില്‍ നിന്ന് ഒരു ആദായവും ഞാന്‍ എടുക്കുന്നില്ല'' എന്ന് പറഞ്ഞേക്കാം. നമുക്ക് അറിയാം ലാഭം കിട്ടാതെ കച്ചവടം നടക്കില്ലെന്ന്. ഇങ്ങനെ
''സ്വഭാവനിയതം കര്‍മങ്കുര്‍വന്‍''
ത്രിഗുണ സ്വഭാവജനിതമായ കര്‍മങ്ങള്‍, ഭഗവാന് ആരാധനയായി ചെയ്ത് ഭഗവാന്റെ സന്തോഷത്തിന് പാത്രമായാല്‍ ഒരു പാപവും (കിംബിഷു) നമുക്ക് സംഭവിക്കുകയില്ല എന്ന് ഭഗവാന്‍ പറയുന്നു. ഭഗവത് പ്രീതിക്കുവേണ്ടിയായിരിക്കണം വൈദികമോ, ലൗകികമോ ആയ ഏതുതരം പ്രവൃത്തിയും ചെയ്യേണ്ടത്. അര്‍ജ്ജുനന്‍ ക്ഷത്രിയനാണ്. ധൃതരാഷ്ട്രപുത്രരോടും സൈന്യങ്ങളോടും യുദ്ധം ചെയ്യാന്‍ അദ്ദേഹം മടിക്കുന്നു. ഗുരു-ബന്ധു-മിത്രാദികളെ വധിക്കുന്നത് പാപമല്ലേ എന്നാണ് ഭയം. ഭയപ്പെടേണ്ടതില്ല. എനിക്കുവേണ്ടി എന്നില്‍ അര്‍പ്പിച്ചുകൊണ്ട് ആരാധനയായി യുദ്ധം ചെയ്യൂ!
''മയി സര്‍വാണി കര്‍മാണി സംന്യസ്യ
യുദ്ധസ്യ'' (ഗീത-3 ല്‍ 30)
എന്ന്  ഭഗവാന്‍ പണ്ടേ പറഞ്ഞതുതന്നെയാണ് ഈ കാര്യം.

No comments:

Post a Comment