Sunday, August 26, 2018

ശ്രീനാരായണഗുരുവിനെ കണ്ട് ചില സംശയങ്ങള്‍ നിവര്‍ത്തിക്കാനും വിശ്വഭാരതിയെക്കുറിച്ച് അഭിപ്രായം ചോദിക്കാനും വന്നതായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. തിരികെ പോകുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയില്ല. ''ശ്രീ നാരായണ പരമഹംസ ദേവനോട് തുല്യനായ ഒരാളെയും ഞാന്‍ ദര്‍ശിച്ചിട്ടില്ല, ചക്രവാള സീമയെപ്പോലും ഉല്ലംഘിച്ചു നില്‍ക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം നിറഞ്ഞുതുളുമ്പുന്ന മുഖതേജസ്സും ഒരിക്കലും മറക്കാനാവില്ല. ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ ചൈതന്യമൂര്‍ത്തി ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീ നാരായണഗുരുദേവനല്ലാതെ മറ്റാരുമല്ല.'' യൂറോപ്യന്‍ പാതിരിയായ സി.എഫ്. ആന്‍ഡ്രൂസ് അഭിപ്രായപ്പെടുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്ര കുതുകികള്‍ നിരവധിപേര്‍ ഗുരുദേവന്റെ ശിഷ്യഗണത്തില്‍ ഉണ്ടെങ്കിലും ഈ വാക്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുവിന്റെ മഹാപ്രപഞ്ചവും ആ ത്യാഗസമ്പൂര്‍ണമായ ജീവിതവും. അതീന്ദ്രിയ ജ്ഞാനം നേടിയ സദ്ഗുരുക്കള്‍ സമൂഹ നന്മയ്ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ വരാറില്ല എന്നുള്ളത് പൊതുനിയമം. തനിക്ക് കിട്ടിയ മുമൂക്ഷ്വത്വം  അഥവാ പരമാനന്ദം നഷ്ടപ്പെടുത്താന്‍ ഗുരുവിനു കഴിഞ്ഞു എന്നതാണ് ആ വ്യക്തിത്വത്തിന്റെ മഹാത്മ്യം.
 പ്രപഞ്ചവും ഭൂമിയും തിരോഭവിച്ചുവെന്ന് അനുഭവിച്ചറിഞ്ഞ ഗുരുദേവന്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ഭൂമിയിലേക്ക് ഇറങ്ങി വന്നതില്‍ നാം ഇനിയും കൃതാര്‍ത്ഥരാകേണ്ടതുണ്ട്.
വഴിനടക്കാന്‍ പോലും അവകാശമില്ലാതെ മൃഗങ്ങളേക്കാള്‍ കഷ്ടതയനുഭവിച്ച ജനാവലിയുടെ ആത്മ രോദനങ്ങളാണ് ഗുരു നെഞ്ചേറ്റി വാങ്ങിയത്. ഇന്ന് കേരളത്തില്‍ നാം നേടിയിരിക്കുന്ന സാമൂഹ്യ സ്വാതന്ത്ര്യം മുതല്‍ വിദ്യാഭ്യാസം വരെയുള്ള എല്ലാ നന്മകള്‍ക്കും കാരണഭൂതനായത് ഗുരുവാണ് എന്നതാണ് സത്യം. 
ഒരു രാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ നിയമവാഴ്ചയും ഒരു ഭരണഘടനയും ആവശ്യമാണ്. എന്നാല്‍ വ്യക്തിജീവിതം അച്ചടക്കമുള്ളതാക്കാന്‍ നമ്മുടെ രാജ്യത്ത് ഒരു ധാര്‍മികനിയമവും നിലനില്‍ക്കുന്നില്ല. സാമൂഹികജീവിതത്തില്‍ സഹജീവികളോട് വര്‍ത്തിക്കേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ നമ്മെ പഠിപ്പിച്ചത് ഗുരുദേവന്‍ മാത്രമാണ്. നിതാന്തമായ തപസ്സിലൂടെയും ധ്യാനത്തിലൂടെയും മോക്ഷത്വം അറിഞ്ഞതിനുശേഷം അത് നമുക്ക് പങ്കുവെച്ചത് അദ്ദേഹത്തിന്റെ 'ആത്മോപദേശശതകം' എന്ന കൃതിയിലൂടെയാണ്. അത് വ്യക്തി ജീവിതത്തിലൂടെ മോക്ഷത്വം കൈവരിക്കാമെന്ന് പഠിപ്പിക്കുന്ന സമൂഹത്തിന്റെ ഭരണഘടന മാത്രമാണ്. ജാതിയുടേയോ മതത്തിന്റെയോ, ദൈവത്തിന്റെയോ സഹായം മനുഷ്യന് ആവശ്യമില്ല എന്ന ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ മഹത് ഗ്രന്ഥം.
 അറിവ് കൊട്ടാരത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു രാജ്യത്ത് സാമൂഹികനന്മ ഉറപ്പാക്കാന്‍ പ്രയാസമാണ് എന്ന് മാത്രമല്ല അത് അസാധ്യവുമാണ് എന്ന് ഗുരു നമ്മെ പഠിപ്പിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. 
നരജന്മം ദുര്‍ലഭമാണ് എന്ന് വേദാന്തം പറയുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പൊരുള്‍ എന്താണ് എന്ന ചോദ്യത്തിന് മാത്രമാണ് പ്രസക്തി. അതിനുള്ള ഉത്തരം ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും എന്നു വേദാന്തികള്‍ പറയും. എന്നാല്‍ ദുഃഖനിവൃത്തിയുണ്ടാകുന്നതിനും സുഖപ്രാപ്തി ഉണ്ടണ്ടണ്ടാകുന്നതിനും സാമൂഹ്യ ജീവിതത്തില്‍ നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പഠിപ്പിച്ചത് ശ്രീനാരായണഗുരു മാത്രമാണ്.

No comments:

Post a Comment