Friday, August 17, 2018

മഴക്കാല രോഗങ്ങള്‍ക്ക് ചില പ്രതിവിധികള്‍

വി.കെ. ഫ്രാന്‍സിസ്
Saturday 18 August 2018 1:03 am IST
കടുത്ത മഴക്കാലത്ത് സാധാരണയായി ആളുകളില്‍ പകര്‍ന്നുപിടിക്കുന്ന രോഗങ്ങളാണ് കഫക്കെട്ട്, വയറിളക്കം, ഛര്‍ദി, ത്വക്കുരോഗങ്ങള്‍ എന്നിവ. 
ഇത്തരം രോഗങ്ങള്‍ക്ക് ചില പ്രതിവിധികള്‍. 
കഫക്കെട്ട് 
ചുക്ക് കുരുമുളക് തിപ്പലി, മുത്തങ്ങക്കിഴങ്ങ്, കടുക്കാത്തൊണ്ട് ഇവ സമം ഉണക്കിപ്പൊടിച്ചത് അഞ്ച് ഗ്രാം( ഒരു സ്പൂണ്‍) പത്തു ഗ്രാം ശര്‍ക്കരയില്‍ കുഴച്ച് മൂന്ന് നേരം കഴിക്കുക. ഇങ്ങനെ സേവിച്ചാല്‍  ഏകദേശം മൂന്ന് ദിവസം കൊണ്ട് കഫക്കെട്ട് മാറും. 
ഛര്‍ദി, വയറ്റിളക്കം
ഞാവല്‍ തളിരില, മുത്തങ്ങ കിഴങ്ങ്, കൂവളത്തിന്റെ വേര്, രാമച്ചത്തിന്റെ വേര്, മലര്, മാവിന്റെ തളിര,് അമൃത,് പഴുത്ത പ്ലാവില ഞെട്ട്, ജീരകം, പെരുംജീരകം, ചുക്ക്, കുരുമുളക്, തിപ്പല്ലി ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് നൂറ് മില്ലി വീതം അര സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം സേവിച്ചാല്‍ ഛര്‍ദിയും വയറ്റിളക്കവും ഭേദമാകും.
വെള്ളം കുടിക്കുന്നതിന് പകരം ഈ മരുന്ന് ഇതേ അളവില്‍ തന്നെ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ആറ്റി അല്‍പം തേനും ചേര്‍ത്ത് കുടിച്ചാല്‍ വയറ്റിളക്കവും ഛര്‍ദിയും കൊണ്ടുണ്ടാകുന്ന ശരീരക്ഷീണവും നിര്‍ജലീകരണം മൂലമുണ്ടാകുന്ന തളര്‍ച്ചയും മാറിക്കിട്ടും. 
പനി
അമൃത്, ചുക്ക്, കുരുമുളക്, തിപ്പല്ലി, മുത്തങ്ങ കിഴങ്ങ്, ആടലോടക വേര്, പുത്തരിച്ചുണ്ട വേര് ദേവതാരം, ഓരില വേര്, മൂവില വേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, കര്‍ക്കടക പുല്ല്, കടുക് രോഹിണി, വേപ്പിന്‍ തൊലി, ഇരുവേലി, കണ്ടകാരി, എന്നിവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും നാലു ദിവസം സേവിച്ചാല്‍ പനി മാറിക്കിട്ടും
ത്വക്ക് രോഗം
ത്വക്ക് രോഗം വന്നാല്‍ പ്രത്യേകിച്ച് കാല്‍ വിരലുകള്‍ക്കിടയില്‍ തൊലി വിണ്ടുകീറി വൃണമായാല്‍ താഴെ പറയുന്ന തൈലം ഉണ്ടാക്കി പുരട്ടുക. 
തേക്കുമരത്തിന്റെ തളിരില, പുല്ലാന്തിയുടെ തളിരില, വന്‍തുടലിയുടെ തളിരില, പച്ചമഞ്ഞള്‍, ഇവ ഓരോന്നും ഓരോ കിലോ വീതം അല്‍പം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ്് ആറ് ലിറ്റര്‍ ചാറെടുക്കുക. ഇതേ ചേരുവകള്‍ തന്നെ ഓരോന്നും ഇരുപത് ഗ്രാം വീതം അരച്ച് മേല്‍പ്പടി ചാറില്‍ കലക്കി ഒരു ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി അരിച്ച് തേക്കുക. എല്ലാ വൃണങ്ങളും ത്വക്ക് രോഗങ്ങളും കാല്‍ വിരലുകളിലെ വൃണങ്ങളും മാറിക്കിട്ടും.

No comments:

Post a Comment