ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍-109/ കെ.കെ.വാമനന്‍
Saturday 18 August 2018 1:00 am IST
തന്ത്രം- മദ്യത്തിന്റെ പ്രസക്തി- പഞ്ചമകാരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പൂജയിലെ മറ്റൊരു പ്രധാനപ്പെട്ട വിവാദഘടകം മദ്യത്തിന്റെ ഉപയോഗമാണല്ലോ. മഹാനിര്‍വാണതന്ത്രം, പരാനന്ദസൂത്രം, കൗളാവലീനിര്‍ണയം, കുളാര്‍ണവതന്ത്രം മുതലായവയില്‍ മദ്യത്തിന്റെ മോക്ഷം നല്‍കാനുള്ള കഴിവിനെ പുകഴ്ത്തുന്നുണ്ട്. പല തന്ത്രഗ്രന്ഥങ്ങളിലും പൂജയില്‍ ഉപയോഗിക്കാനുള്ള വിവിധതരം മദ്യങ്ങള്‍ തയാറാക്കാനുള്ള വിധികള്‍ വിവരിക്കുന്നുണ്ട്. പൂജയില്‍ മദ്യത്തെ എങ്ങിനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങളും കാണാം.
ഇതും പ്രജനനം, മരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രാചീനഗോത്രങ്ങളില്‍ നടത്തിയിരുന്ന ചടങ്ങുകളുടെ തുടര്‍ച്ചയാണത്രേ. നിരവധി പ്രാചീനസമൂഹങ്ങളില്‍ മരണം, പ്രജനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ മദ്യം ഉപയോഗിക്കപ്പെട്ടിരുന്നു. ഐറിഷുകാര്‍ മരണച്ചടങ്ങില്‍ ഇതുപയോഗിച്ചിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ട്ഷിസമൂഹം മരണാനന്തരസദ്യയില്‍ മദ്യം അമിതമായി ഉപയോഗിച്ചിരുന്നു. യോരുബാ, വൂള്‍വാഇന്ത്യക്കാര്‍, ഗിനിഇന്ത്യക്കാര്‍, സാംബസി ട്ഷ്‌ന്യായി എന്നിങ്ങനെ പല വിഭാഗങ്ങളും ഇതുപോലെ മരണാനന്തരചടങ്ങുകളില്‍ തദ്ദേശീയമായി തയ്യാറാക്കപ്പെടുന്ന പലതരം മദ്യങ്ങള്‍ ഉപയോഗിച്ചിരുന്നു (എന്‍സൈക്‌ളോപീഡിയ ഓഫ് റിലിജിയന്‍ ആന്‍ഡ് എതിക്‌സ്).
വൈദികയാഗങ്ങളിലും ഇതിന്റെ ഉപയോഗം കാണാം. ഈ ലേഖനപരമ്പരയില്‍ വൈദികത്തെക്കുറിച്ചുള്ള ഭാഗങ്ങളിലെ യാഗവിവരണത്തില്‍ യാഗത്തിലെ സോമപാനച്ചടങ്ങിനെ പരാമര്‍ശിക്കുന്നുണ്ടല്ലോ. വാജപേയ യാഗത്തില്‍ സുരാ എന്ന മദ്യവിശേഷവും ഉപയോഗിക്കപ്പെടുന്നു എന്നു ഭട്ടാചാര്യ പറയുന്നു. മരണത്തെ അതിജീവിക്കുവാനും ചിരഞ്ജീവിയാകാനും സോമപാനം കൊണ്ടു കഴിയുമെന്ന് വൈദികര്‍ കരുതിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വാജപേയയാഗത്തിലെ മദ്യോപയോഗം പ്രജനനവുമായി ബന്ധപ്പെട്ട് പ്രാചീനകാലത്തു നിലവിലിരുന്ന വിശ്വാസങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതാണെന്ന് കീത്ത് (റിലിജിയന്‍ ആന്‍ഡ് ഫിലോസഫി ഓഫ് ദി വേദാസ്) അഭിപ്രായപ്പെടുന്നു. മാന്ത്രികശക്തിയുടെ മാധ്യമമെന്ന നിലയ്ക്ക് ഭാരതത്തിലെ പ്രാചീനഗോത്രാനുഷ്ഠാനങ്ങളിലെല്ലാം തന്നെ മദ്യത്തിനു സ്ഥാനം ഉണ്ടായിരുന്നു എന്ന് വില്യം ക്രൂക്ക് (റിലിജിയന്‍ ആന്‍ഡ് ഫോള്‍ക്ക്‌ലോര്‍ ഓഫ് നോര്‍ത്തേണ്‍ ഇന്‍ഡ്യ) ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് നെല്‍വിത്തുകളുടെ പറിച്ചുനടീലിനു മുമ്പ് ഒറാവോണ്‍സമൂഹം നിലത്ത് മദ്യം തളിക്കുന്നു, ബഗിയകള്‍ വിതയ്ക്കുമുമ്പ് പാടത്തിന്റെ അതിരുകളില്‍ മദ്യം തൂവുന്നു. ലോകായത എന്ന തന്റെ പുസ്തകത്തില്‍ ദേബീപ്രസാദ് ചട്ടോപാധ്യായയും മരണത്തെ അതിജീവിക്കുവാനും ജീവന്‍ പ്രദാനം ചെയ്യുവാനും മദ്യത്തിനു കഴിയും എന്ന പ്രാചീനവിശ്വാസത്തിനു തെളിവു നിരത്തുന്നുണ്ട്. സോമപാനത്താല്‍ ചിരഞ്ജീവികളായി എന്ന് ഉദ്‌ഘോഷിക്കുന്ന ഋഗ്വേദസൂക്തം തന്നെയുണ്ട്.
ദീക്ഷ- ഹൈന്ദവമായ എല്ലാ സമ്പ്രദായങ്ങളിലും കാണപ്പെടുന്ന അതതു മാര്‍ഗങ്ങളിലേക്കുള്ള പ്രവേശനച്ചടങ്ങാണ് ദീക്ഷ. തന്ത്രഗ്രന്ഥങ്ങളില്‍ ഈ ചടങ്ങിനെ വളരെ വിസ്തരിച്ചു പറഞ്ഞിരിക്കുന്നു. ദീക്ഷ കൂടാതെ ചെയ്യപ്പെടുന്ന അനുഷ്ഠാനങ്ങള്‍ നിഷ്ഫലമാണെന്ന് ആ ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു. സാധനയ്ക്കു തടസ്സങ്ങളായ മാലിന്യങ്ങളെ നീക്കി ദിവ്യജ്ഞാനത്തെ പകരുന്നതാണ് ദീക്ഷ എന്നു കരുതി വരുന്നു.
ദീക്ഷ നല്‍കുന്ന ഗുരുവിന്റെയും അതു സ്വീകരിക്കുന്ന ശിഷ്യന്റെയും ലക്ഷണങ്ങളും യോഗ്യതകളും ഈ ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ വിസ്തരിക്കുന്നുണ്ട്. ഗോരക്ഷനാഥന്റെ സിദ്ധസിദ്ധാന്തപദ്ധതിയില്‍ ഗുരു, ശിഷ്യന്‍, ദീക്ഷ എന്നിവയ്ക്കു നല്‍കിയിരിക്കുന്ന പ്രാധാന്യം നാം കണ്ടു. കുലാര്‍ണവതന്ത്രത്തില്‍ ഗുരുവിന്റെ യോഗ്യത രണ്ട് ഉല്ലാസ(അധ്യായം)ങ്ങളില്‍ ആണ് വിവരിക്കുന്നത്. ബൗദ്ധതന്ത്രങ്ങളിലും ഗുരുവിനു പരമപ്രാധാന്യം നല്‍കിക്കാണുന്നു. സദ്ഗുരുവിനെ വിവരിക്കുന്നതോടൊപ്പം ഈ രംഗത്തെ കള്ളനാണയങ്ങളേയും ഈ ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെ സച്ഛിഷ്യനെയും ശിഷ്യനാമധാരിയേയും വേര്‍തിരിച്ച് വിവരിക്കുന്നതും കാണാം.
തന്ത്രഗ്രന്ഥങ്ങള്‍ അനുസരിച്ച് ഗുരു, ശിഷ്യന്‍ എന്നിവരുടെ ജാതി, ലിംഗഭേദങ്ങള്‍ തടസ്സങ്ങളല്ല. ഗുരു സ്ത്രീ ആണെങ്കില്‍ തന്ത്രത്തിന്റെ ദൃഷ്ടിയില്‍ മഹത്വം കൂടുകയും ചെയ്യും. ശാക്തം, ശൈവം, വൈഷ്ണവം, സൗരം, ഗാണപത്യം മുതലായ സമ്പ്രദായങ്ങളിലെ ദീക്ഷയ്ക്ക് അതതു സമ്പ്രദായങ്ങളിലെ ഗുരു മതിയാകുമെങ്കിലും കൗളമാര്‍ഗത്തില്‍ ഇത്തരം സാധനകളനുഷ്ഠിക്കാന്‍ പ്രാപ്തനായ കൗളഗുരുവില്‍ നിന്നുതന്നെ ദീക്ഷ സ്വീകരിക്കേണ്ടതാണെന്നു മഹാനിര്‍വാണതന്ത്രം ചൂണ്ടിക്കാണിക്കുന്നു.
സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം (കൂടുതല്‍ പ്രധാനം), ഫാല്‍ഗുനമാസത്തിലെ കറുത്ത പഞ്ചമിയിലെ സ്വാതിനക്ഷത്രം തുടങ്ങിയ ദീക്ഷയ്ക്ക് ഉചിതമായ കാലവിശേഷങ്ങള്‍ ശക്തിസംഗമതന്ത്രം, കാളീവിലാസതന്ത്രം തുടങ്ങിയ തന്ത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ക്രിയാവതീ, വര്‍ണമയീ, കലാവതീ, വേധമയീ തുടങ്ങിയ പലതരം ദീക്ഷാഭേദങ്ങളെക്കുറിച്ചും തന്ത്രങ്ങളില്‍ വിവരിക്കുന്നു. അഭിഷേകം, മന്ത്രോപദേശം തുടങ്ങിയ സങ്കീര്‍ണങ്ങളായ നിരവധി ചടങ്ങുകള്‍ ദീക്ഷാംഗങ്ങളായി പറയപ്പെട്ടിരിക്കുന്നു. അതാതു മാര്‍ഗത്തിന്റെ സൈദ്ധാന്തികമായ തലം ഗുരു ശിഷ്യനു വിശദീകരിച്ചു കൊടുക്കണം. സിദ്ധാന്തം ശ്രാവയിത്വാ എന്ന് പരശുരാമ കല്‍പസൂത്രത്തില്‍ പറയുന്നു. ഉപദേശങ്ങള്‍ രഹസ്യമാക്കി നിലനിര്‍ത്തി ആചരിക്കണം എന്നും തന്ത്രം അനുശാസിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന് പരമഹംസര്‍ ശാംഭവീദീക്ഷയിലൂടെ ആണത്രേ ബ്രഹ്മാനുഭൂതി പകര്‍ന്നത്. ദീക്ഷയെ പുനര്‍ജന്മമായി കരുതുന്നു. സന്ന്യാസത്തിലെന്നപോലെ തന്ത്രദീക്ഷയിലും ഗുരു ശിഷ്യന് ദീക്ഷാനാമം നല്‍കുന്നു. ഈ നാമം കണ്ടെത്തുവാനും ഒരു ചടങ്ങുണ്ട്. ഗ്രഹണസമയം, വിശിഷ്യ ചന്ദ്രഗ്രഹണസമയം മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും സൂചകമായി ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു. ഗ്രഹണസമയത്തും മരണസമയത്തും അനുഷ്ഠിക്കപ്പെടുന്ന ചടങ്ങുകളിലെ ചില സാമ്യങ്ങളും അദ്ദേഹം വിവരിക്കുന്നു. വൈദികത്തിലും ഉപനയനം എന്ന ക്രിയയിലൂടെ രണ്ടാം ജന്മാണല്ലോ (ദ്വിജത്വം) കൈവരിക്കുന്നത്.
ഉദാഹരണത്തിനായി ഐതരേയബ്രാഹ്മണത്തിലെ പ്രസക്തഭാഗം ഭട്ടാചാര്യ ഇപ്രകാരം വര്‍ണിക്കുന്നു- അയാളെ പുരോഹിതര്‍ വീണ്ടും ഭ്രൂണമാക്കുന്നു. ജലത്തില്‍ (രേതസ്സിന്റെ പ്രതീകം) കുളിപ്പിക്കണം, വെണ്ണ (ഭ്രൂണപ്രതീകം) പൂശണം, ദര്‍ഭ അഥവാ കുശപ്പുല്ലു കൊണ്ട് പവിത്രമാക്കണം, നവജാതശിശുവിനെന്നപോലെ അഞ്ജനം അണിയിക്കണം, അതിനുശേഷം അയാളെ യോന്യാകൃതിയിലുള്ള കുടിലില്‍ താമസിപ്പിക്കണം, അയാള്‍ പുറത്തിറങ്ങാനോ സൂര്യനെ കാണാനോ പാടില്ല. ഗര്‍ഭാവരണത്തിന്റെ പ്രതീകമായി അയാളെ വസ്ത്രം കൊണ്ടും കൃഷ്ണമൃഗത്തോലു കൊണ്ടും പുതപ്പിക്കണം, അയാള്‍ ഗര്‍ഭസ്ഥശിശുവിനെപ്പോലെ മുഷ്ടി ചുരുട്ടിപ്പിടിച്ചിരിക്കണം, ചടങ്ങുകളുടെ അവസാനം വസ്ത്രാവൃതനായിത്തന്നെ അയാള്‍ കുടിലിനു പുറത്തുവരണം.
No comments:
Post a Comment