Sunday, August 26, 2018

ആത്മബോധം

 ആത്മബോധം.

അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു.
ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ വഹ്നിവജ്ജ്ഞാനം വിനാ മോക്ഷോ ന സിധ്യതി” – തീയില്ലാതെ ആഹാരം പാചകം ചെയ്യുവാന്‍ സാദ്ധ്യമല്ലാത്തതു പോലെ ജ്ഞാനം കൂടാതെ മോക്ഷവും സാദ്ധ്യമല്ല എന്ന് എടുത്ത് പറഞ്ഞാണ് ശ്രീ ശങ്കരന്‍ തന്റെ ഗ്രന്ഥരചനയാരംഭിക്കുന്നതു തന്നെ.
ശ്രീശങ്കരന്റെ ഉപദേശങ്ങളുടെ ഒരു സാരസംഗ്രഹമായ ഈ കൃതി ദുഃഖത്തില്‍ നിന്ന് എന്നന്നേയ്ക്കുമായി മോചനം നേടാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഒരു അനുഗ്രഹമാണെന്നതില്‍ സംശയമില്ല.

No comments:

Post a Comment