Wednesday, August 22, 2018

മേല്‍പ്പറഞ്ഞ പ്രകാരം ഭഗവാനെ ഭക്തിയോടുകൂടി സേവിച്ച്, ഭഗവത് കൃപയാല്‍ ഭഗവാനെക്കണ്ട്, അറിഞ്ഞ്, അനുഭവിച്ചതിനുശേഷം ആ ഭക്തന്‍ രശ്മിസമൂഹത്തിന്റെ ഉത്ഭവസ്ഥാനമായ സൂര്യഗോളത്തില്‍ ഒരു വ്യക്തി എത്തിച്ചേരുന്നതുപോലെ, ഭഗവാന്റെ ദിവ്യധാമത്തില്‍ പ്രവേശിക്കുന്നു.
മാം വിശദേ
സമാനതയില്ലാത്ത സ്‌നേഹത്തോടെ എപ്പോഴും എന്നെ സേവിച്ചുകൊണ്ട് ശ്രവണ കീര്‍ത്തനാദികളായ ഭക്ത്യംഗങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്നില്‍ തന്നെ വിട്ടുപിരിയാതെ വര്‍ത്തിക്കുന്നു. സ്‌നേഹപൂര്‍വമായി സേവനം കൊണ്ട് വശീകരിക്കപ്പെട്ട ഞാനും അവരുടെ കണ്‍മുന്നില്‍ തന്നെ നില്‍ക്കും, ഒരിക്കലും അപ്രത്യക്ഷനാകുകയില്ല.
''തസ്യാഹം ന പ്രണശ്യാമി
സ ചേ മേ ന പ്രണശ്യതി''
(=ആ ഭക്തന് ഞാന്‍ ഒരിക്കലും എന്നെ നഷ്ടപ്പെടുകയേ ഇല്ല. എപ്പോഴും എന്നെ കണ്ടുകൊണ്ടും എന്നെ സേവിച്ചുകൊണ്ടും എന്നില്‍ തന്നെ- എന്നോടുകൂടെ തന്നെ ആനന്ദിക്കാം. എനിക്കും ആ ഭക്തനെ കണ്ടുകൊണ്ടു തന്നെ നില്‍ക്കാം) എന്ന് ഭഗവാന്‍ മുന്‍പേ പറഞ്ഞ അവസ്ഥയാണിത്. ഭൗതികമായ മനുഷ്യദേഹം നശിക്കുന്നതുവരെ ഈ ആനന്ദത്തില്‍ തന്നെ മുഴുകി നില്‍ക്കാം.
നമ്മുടെ കേരളത്തില്‍ തന്നെ ഈ കലിയുഗത്തില്‍ വില്വമംഗലം സ്വാമിയാരും, മേല്‍പ്പുത്തുരും പൂന്താനവും കുറൂരമ്മയും തുഞ്ചത്തെഴുത്തച്ഛനും മറ്റും ഈ സാന്ദ്രാനന്ദപൂര്‍ണവും, 'അവബോധം'- ശ്രീകൃഷ്ണ തത്ത്വജ്ഞാനം- നിറഞ്ഞതുമായ സമുദ്രത്തിലായിരുന്നു നീന്തിക്കളിച്ചത്. 
തതഃ മാം വിശദേ
'തതഃ'- ഭൗതികദേഹം ഉപേക്ഷിച്ചശേഷം അവര്‍ക്കെല്ലാം എന്റെ ധാമത്തിലേക്കു വരികയും ചെയ്യാം. ഭഗവാന്‍ മുന്‍പ് പ്രതിജ്ഞ ചെയ്തിട്ടുമുണ്ട്.
''തേഷാമഹം സമുദ്ധര്‍ത്താ
മൃത്യുസംസാര സാഗരാത്''
(=അവരെ ഞാന്‍ തന്നെ ജനന മരണ രൂപമായ സംസാര സമുദ്രത്തില്‍നിന്ന് ഉദ്ധരിക്കും. (ഗീത 15 ല്‍ 7-ാം ശ്ലോകം)
ഗജേന്ദ്രനെ- ഇന്ദ്രദ്യുമ്‌നനെ- ഗരുഡന്റെ പുറത്ത് തന്റെ ഒപ്പം ഇരുത്തി സംഭാഷണം ചെയ്യുന്നതു കൊണ്ടാണല്ലോ വൈകുണ്ഠത്തിലേക്കു കൊണ്ടുപോയത്. ധ്രുവകുമാരനെയും അജാമിളനെയും തന്റെ ഭൃത്യന്മാരെ അയച്ച്, തന്റെ സ്വന്തം വിമാനത്തില്‍ കയറ്റിയാണ് വൈകുണ്ഠത്തിലേക്കു കൊണ്ടുപോയത്.

No comments:

Post a Comment