Wednesday, August 22, 2018

ഉപനിഷത്തിലൂടെ -241
Thursday 23 August 2018 2:58 am IST
ബൃഹദാരണ്യകോപനിഷത്ത്- 40
എല്ലാം ലയിച്ചു കഴിഞ്ഞാല്‍ ബ്രഹ്മം മാത്രമാണ് അവശേഷിക്കുക എന്നതിനെ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു.സ യഥാ സൈന്ധവഖില്യ  ഉദകേ പ്രാസ്ത ഉദകമേവാനു വിലീയതേ 
വെള്ളത്തിലിട്ട ഉപ്പു കട്ട ആ വെള്ളത്തില്‍ തന്നെ അലിഞ്ഞ് ചേരുന്നു. പിന്നീട് അതില്‍ നിന്ന് വേര്‍തിരിച്ച് എടുക്കാന്‍ കഴിയില്ല. എന്നാല്‍ വെളളത്തിന്റെ ഏത് ഭാഗത്ത് നിന്ന് രുചിച്ച് നോക്കിയാലും ഉപ്പായിരിക്കും. ഇതുപോലെയാണ് ഈ മഹത് ഭൂതമായ ബ്രഹ്മവും. അത് അനന്തവും, അപാരവും വിജ്ഞാന ഘനവുമാണ്. അത് തന്നെയാണ് പല ഭൂതങ്ങളായി പ്രത്യേക പേരുകളോടെ ഉണ്ടാകുന്നത്. പിന്നീട് അവ നശിച്ചതിനു ശേഷം പേരില്ലാത്തവയായിത്തീരുന്നുവെന്ന് അറിയണമെന്ന് മൈത്രേയിയോട് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
സിന്ധുവില്‍ (കടലില്‍)നിന്ന് ഉണ്ടാകുന്നതിനാലാണ് ഉപ്പിന് സൈന്ധവം എന്ന് പേരുണ്ടായത്. ഭൂമിയുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന കാഠിന്യം ജലവുമായി ചേരുമ്പോള്‍ ഇല്ലാതാകും. ലയിച്ച് ചേരുമ്പോള്‍ അതിന്റെ എല്ലാ സ്ഥിതിവിശേഷങ്ങളും ലയിച്ചില്ലാതാകും. ഇതു പോലെയാണ് പരമാത്മാവെന്ന് വിളിക്കുന്ന മഹത് ഭൂതവും. അവിദ്യയില്‍ നിന്നുണ്ടായ ഭൂതങ്ങളുടെ സമ്പര്‍ക്കത്താല്‍ വേറെ വേറെയായി തോന്നുന്ന നാമരൂപങ്ങളെല്ലാം സ്വയോനിയായ ആത്മാവിനോട് ബന്ധപ്പെടുമ്പോള്‍ ആത്മജ്ഞാനം മൂലം ഇല്ലാതായിത്തീരുന്നു.
എല്ലാത്തിനേക്കാളും മഹത്തും പരമാര്‍ത്ഥവുമായിട്ടുള്ളതിനാലാണ് ബ്രഹ്മത്തെ മഹത് ഭൂതമെന്ന് വിളിച്ചത്. ആപേക്ഷികമായ അനന്തതയല്ല എന്ന് കാണിക്കാനാണ് അപാരമെന്ന് വിശേഷിപ്പിച്ചത്. എല്ലാം ബ്രഹ്മമായി തീര്‍ന്നാല്‍ പിന്നെ പ്രത്യേക പേരോ രൂപങ്ങളോ ഇല്ല.
സാ ഹോവാച മൈത്രേയീ അത്രൈവ മാ ഭഗവാനമൂമഹത്
നശിച്ചതിനു ശേഷം പേരുകളൊന്നും ഇല്ല എന്ന് പറഞ്ഞതില്‍ അങ്ങ് എന്നെ മോഹിപ്പിച്ചിരിക്കുന്നുവെന്ന് മൈത്രേയി പറഞ്ഞു. മോഹമുണ്ടാക്കുന്നതായി താന്‍ ഒന്നും പറയുന്നില്ലെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. സത്യം അറിയുന്നതിന് ഇത് തന്നെ മതിയാകും. വിജ്ഞാന ഘനമായ ആത്മാവിന് നാശമുണ്ടാകുമെന്ന തെറ്റിദ്ധാരണയാണ് മൈത്രേയിക്ക് ഉണ്ടായത്. താന്‍ പറഞ്ഞതില്‍ ഭ്രമിക്കത്തക്കതായി ഒന്നുമില്ലെന്ന് യാജ്ഞവല്‍ക്യന്‍ പറയുന്നു. ബ്രഹ്മം എന്ന സാമാന്യ ഭാവം മാത്രം നിലനില്‍ക്കും. വിശേഷമായി തോന്നിയ പേരുകളൊക്കെ ഇല്ലാതാകുമെന്നറിയണം.
യത്ര ഹിദ്വൈതമിവ ഭവതി തദിതര ഇതരം ജിഘ്രതി
എപ്പോള്‍ ദ്വൈതമെന്ന പോലെ കാണുന്നുവോ അപ്പോള്‍ ഒരാള്‍ തന്നില്‍ നിന്ന് അന്യമായ ഒന്നിനെ കാണുന്നു, മറ്റൊരാള്‍ അന്യമായതിനെ മണക്കുന്നു. വേറൊരാള്‍ വേറൊന്നിനെ കേള്‍ക്കുന്നു, ഇനിയുമൊരാള്‍ മറ്റൊന്നിനെപ്പറ്റി പറയുന്നു, മറ്റൊരാള്‍ മറ്റൊന്നിനെപ്പറ്റി വിചാരിക്കുന്നു.
എപ്പോഴാണോ ഒരാള്‍ക്ക് എല്ലാം ആത്മാവ് തന്നെയായിത്തീര്‍ന്നിരിക്കുന്നത് അപ്പോള്‍ എന്തുകൊണ്ട് എന്തിനെ ഘ്രാണിക്കും? എന്തുകൊണ്ട് എന്തിനെ കാണും? എന്തിനെ കേള്‍ക്കും? എന്തിനെ പറയും? എന്തിനെ വിചാരിക്കും? എന്തിനെപ്പറ്റി അറിയും?
ഏതൊന്നുകൊണ്ടാണോ ഇതെല്ലാം അറിയുന്നത് അതിനെ എന്തുകൊണ്ടറിയും? വിജ്ഞാതാവിനെ എന്തുകൊണ്ടാണ് അറിയുക മൈത്രേയി എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
തന്നില്‍ നിന്ന്, വേറെയെന്തെങ്കിലും ഉണ്ടെങ്കിലല്ലേ കാണാനോ കേള്‍ക്കാനോ മണക്കാനോ ഒക്കെ കഴിയൂ. അതിനാല്‍ ദ്വൈത ഭാവം വിട്ട് തന്നില്‍ നിന്ന് അന്യമല്ലാത്ത അദ്വൈതത്തെ അറിയണമെന്ന് വ്യക്തമാക്കുന്നു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment