Friday, August 24, 2018

എങ്ങനെയാണ് വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്താന്‍ കഴിയുക, പരശുരാമന് മുമ്പാണല്ലോ വാമനാവതാരം? പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ അതിനുമുമ്പേതന്നെ ഉണ്ടായ അവതാരം എങ്ങനെ ചവിട്ടിത്താഴ്ത്തും? ഇങ്ങനെ ചില സംശയങ്ങള്‍ ഉന്നയിച്ചും വാദിച്ചും കീഴടക്കാന്‍ തര്‍ക്കിക്കുന്നവരുണ്ടിപ്പോള്‍. പലകാലം പലവട്ടം വിശദീകരണം നല്‍കിയിട്ടുണ്ട് പലരുമെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കുകയാണ് ചിലര്‍. അവര്‍ക്കു വേണ്ടത് ഉത്തരമല്ലാത്തതുകൊണ്ടാവാം. മഹാബലി കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തി ആണ് എന്ന് ശ്രീമദ് ഭാഗവതമോ ലഭ്യമായ മറ്റു പ്രാചീനപ്രമാണങ്ങളോ പരാമര്‍ശിക്കുന്നില്ല;  അദ്ദേഹം ഭൂമി ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ്. അദ്ദേഹത്തെ കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തിയാക്കി പ്രചരിപ്പിക്കാന്‍ തുടങ്ങിയതിന് സ്വാതന്ത്ര്യ ലബ്ധിയുടെ കാലപ്പഴക്കമേ ഉള്ളൂ. ഓണം കേരളത്തിന്റെ  ദേശീയോത്സവമാണ് എന്ന് പാഠപുസ്തകത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങിയ അത്രയുംമാത്രം പഴക്കം! അതുകൊണ്ടുതന്നെ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച ബലിയെ വാമനന്‍ എങ്ങിനെ ചവിട്ടിത്താഴ്ത്തും എന്ന ആശങ്ക അസ്ഥാനത്താണ്. (അതിനിടയില്‍ ഓര്‍മ്മിക്കേണ്ട കാര്യം, കേരളം സൃഷ്ടിക്കുകയല്ല പരശുരാമന്‍ ചെയ്തത് എന്നതാണ്! മറിച്ച്, കടലിലാണ്ട പ്രദേശത്തെ സമുദ്ധരിക്കുകയാണ് ചെയ്തത്. അതുപോലെ മറ്റൊന്നുകൂടി ശ്രദ്ധേയമാണ്, ഇതുപോലെ ബലിയും വാമനനും പരശുരാമനും ഇതര അവതാരങ്ങളും പല സ്ഥലങ്ങളിലായി വ്യത്യസ്ത കല്പങ്ങളിലായി പലവട്ടം ഉണ്ടായിട്ടുണ്ട് എന്നതത്രേ!  അത്തരത്തില്‍ ഒരുവട്ടം കേരളപ്രദേശവും ഭരിച്ചിരിക്കാം.) ഓണാഘോഷത്തിനു നിദാനമായ കഥാവസ്തുവിലും, വരുത്തിയിട്ടുണ്ട് വ്യതിയാനം. ''ശ്രോണായാം ശ്രവണദ്വാദശ്യാം മുഹൂര്‍ത്തേ അഭിജിതി പ്രഭുഃ,'' എന്നിങ്ങനെ ഭാഗവതത്തില്‍ വാമനാവതാരമാണ് പരാമര്‍ശിക്കുന്നത്. ചിങ്ങമാസത്തില്‍ തിരുവോണം നക്ഷത്രത്തില്‍ ദ്വാദശി തിഥിയില്‍ (ഉച്ചസമയത്ത്) അഭിജിത് മുഹൂര്‍ത്തത്തിലാണ് വാമനമൂര്‍ത്തിയുടെ അവതാരം. ഓണാഘോഷം വാമനജയന്തി ആഘോഷമമാണ്! ഓണത്തപ്പന്‍ വാമനമൂര്‍ത്തിയും! എന്തിനായിരുന്നു വാമനാവതാരം?  അധിനിവേശത്തിനെതിരെയുള്ള സമര്‍ത്ഥമായ നീക്കമാണ് വാമനാവതാരം. മനുഷ്യന്‍ ഭരിക്കുന്ന ഇടമാണ് ഭൂമി. ദേവന്‍ ഭരിക്കുന്ന ഇടമാണ് സ്വര്‍ല്ലോകം. അസുരന്‍ ഭരിക്കുന്ന ഇടമാണ് പാതാളം. (അതു നരകമാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട, സ്വര്‍ഗ്ഗത്തേക്കാള്‍ മോഹനങ്ങളായാണ് പാതാളത്തിലെ പല ഭൂമികകളെയും വിവരിച്ചിരിക്കുന്നത്). അസുരന്മാര്‍ക്ക് പ്രകൃത്യാ തന്നെ ഭരിക്കുവാനുള്ള പാതാളവും അതിക്രമിച്ചു മനുഷ്യന്‍ ഭരിക്കുന്ന ഭൂമിയും ഭരിക്കുവാനുള്ള കാംക്ഷയുണ്ടാവുന്നത് തന്നെ പ്രതിലോമകരമാണ്. സ്വതവേ തന്നെ വിഷ്ണുഭക്തനായ മഹാബലി എന്ന അസുരചക്രവര്‍ത്തിക്ക് ഭൂമി ഭരിക്കുവാനുള്ള കാംക്ഷയുണ്ടായി. ഭൂമിയിലെ ഭരണം സ്വാധീനത്തിലാക്കി. അതിനുശേഷം അദ്ദേഹത്തിന്റെ കാംക്ഷ ദേവന്മാര്‍ ഭരിക്കുന്ന സ്വര്‍ഗ്ഗം ഭരിക്കുവാനുള്ളതായിരുന്നു. ആ പശ്ചാത്തലത്തിലാണ് വാമനാവതാരം. കുറച്ചുകൂടി ലളിതമായി, ആനുകാലികമാക്കിപ്പറഞ്ഞാല്‍, അമേരിക്കയില്‍ ഒബാമ ഭരണം വളരെ സുരക്ഷിതത്വബോധവും ജനോപകാരപ്രദവും നന്മയും വിഭാവനം ചെയ്യുന്നുണ്ടെന്നു വരികിലും, (ആണോ ആവോ..) നമ്മുടെ രാജ്യത്തും  അത്തരത്തില്‍ ഒബാമയുടെ ഭരണം മതി എന്ന് നമ്മളാരും പറയാന്‍ ഇടയില്ല. എന്തൊക്കെ പരാധീനതകള്‍ ഉണ്ടായാലും നമുക്കു നമ്മുടെ ഭരണം മതി എന്നതായിരിക്കും നമ്മുടെ നിലപാട്. പാതാളം ഭരിക്കേണ്ട മഹാബലി ഭൂമിയും കടന്ന് സ്വര്‍ല്ലോകത്തേക്കു നീക്കം നടത്തുമ്പോള്‍ ദേവന്മാര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം. ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാനാണ് ദേവന്മാര്‍ വിഷ്ണുവിനെത്തന്നെ അഭയം പ്രാപിക്കുന്നത്. മഹാബലിയും വിഷ്ണുഭക്തനാണല്ലോ. മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടോ? മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടു എന്നു പ്രചരിപ്പിക്കുന്നതിന് ഒരു പ്രമാണവുമില്ല. ആര്‍ക്കാണു മഹാബലിയെ ചവിട്ടിത്താഴ്‌ത്തേണ്ടത്? ഭാഗവതപ്രകാരം വാമനന്‍ ബലിയോട് മൂന്നടി സ്ഥാനത്തെ പ്രാര്‍ത്ഥിക്കുന്നു. ബലി അപ്രകാരം സമ്മതിക്കുന്നു. രണ്ടടികൊണ്ട് തന്നെ ലോകങ്ങള്‍ അളന്നുകഴിഞ്ഞതിനാല്‍ തന്റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ വാമനനോട്  തന്റെ  ശിരസ്സില്‍ പാദംവച്ച് അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന മഹാബലിയെയാണ് പിന്നെ നാം കാണുന്നത്. ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നത് വാസ്തവമെങ്കിലും ചവിട്ടിത്താഴ്ത്തിയ ക്രൂരത കാണിച്ചത് ആധുനിക കാലത്തെ കുത്സിതബുദ്ധികളാണ്. അവര്‍ക്ക് ഭഗവദ് പാദത്തിന് ഭക്തന്മാര്‍ കൊടുക്കുന്ന പ്രാധാന്യം പരമ പുച്ഛത്തോടെയേ കാണനാവൂ. താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്: ''യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം നാഥ  തേ പാദമൂലം'' (യോഗീന്ദ്രന്മാര്‍ക്ക് നിന്റ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ  കാലടികളാണല്ലോ എന്നതാണ് ഇതിന്റെ  ആശയം). ആ പാദം ശിരസിലേറ്റി മോക്ഷമാര്‍ഗ്ഗം തേടുകയാണ് മഹാബലി ചെയ്തത്. ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാരം. ബലിയെ ഭഗവാന്‍ പറഞ്ഞയയ്ക്കുന്നത് തിരിച്ച് സുതലം എന്ന പാതാളലോകത്തേക്കാണ്. ആ ഭക്തന്റെ  സ്വര്‍ല്ലോകഭരണം എന്ന ആഗ്രഹത്തിനും നിവൃത്തി വരത്തക്ക രീതിയില്‍ അനുഗ്രഹവും (അടുത്ത മന്വന്തരത്തില്‍ ഐന്ദ്രപദവി) നല്‍കിയാണ്, മഹാബലിയെ യാത്രയയ്ക്കുന്നത്. കൂടാതെ ഭഗവാന്‍ താന്‍തന്നെ ബലിയുടെ കൊട്ടാരത്തില്‍ ദ്വാരപാലകനായി നിന്നുകൊള്ളാം എന്നു പറുന്നതും ശ്രദ്ധേയമാണ്. ഭഗവാന്‍ ബലിയോട് പറയുന്നത് ''രക്ഷിഷ്യേ സര്‍വതോ അഹംത്വാം സാനുഗം സപരിച്ഛദം, സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാന്‍,'' എന്നത്രേ! (നിന്റെ സര്‍വ്വതുകളോടുംകൂടി ഞാന്‍ നിന്നെ എല്ലാടവും രക്ഷിക്കും, എന്നും സന്നിഹിതനായിരിക്കുന്ന എന്നെ നീ കാണും) . ഈ സംഭവങ്ങള്‍ എല്ലാം നടക്കുന്നത് നര്‍മ്മദാ നദിയുടെ  ഉത്തരതീരത്തെ ഭൃഗുകച്ഛം എന്ന സ്ഥലത്തുവച്ചാണ് എന്ന്  (തം നര്‍മ്മദായാസ്തട ഉത്തരേ ബലേര്‍യേ ഋത്വിജസ്‌തേ ഭൃഗുകച്ഛസംജ്ഞകേ) ഭാഗവതം വ്യക്തമാക്കുന്നു. 

No comments:

Post a Comment