Monday, August 27, 2018

തത്വമസി' എന്ന്.
* എന്നു വെച്ചാൽ?
# അത് നീയാണെന്ന്!
* ഏത്?
# പ്രപഞ്ചപ്രതിഭാസങ്ങൾക്കൊക്കെ ആധാരമായ തത്വം.
* ബ്രഹ്മം എന്നു വിശേഷിപ്പിച്ച് കേൾക്കാറുള്ള തത്വം അല്ലേ?
# അതേ . പ്രപഞ്ചസൃഷ്ടിസ്ഥിതിലയ കാരണമായ ബ്രഹ്മം അത് നീയാണെന്ന് !!
* പക്ഷേ അങ്ങിനെ ഒന്നും അങ്ങ്ട് തോന്ന്ണ്ല്യാ.... അതാണ് ചർച്ചക്കൊരുമ്പെടുന്നത്.
# ഞാൻ ദേഹാണ് ന്നൊക്കേയുള്ള തോന്നൽ (ദേഹ താദാത്മ്യം) പ്രബലമായി നിലനില്ക്കുന്നതുകൊണ്ടാണ് പ്രയാസം.
* ദേഹതാദാത്മ്യം കളയാനെന്താ വഴി?
# കർമ്മയോഗത്തിന്റെ പാതയിലൂടെ യാത്ര ചെയ്യണം..
* കർമ്മഫലപ്രതീക്ഷയില്ലായ്ക എന്നു കേട്ടിട്ടുണ്ട്, അതു തന്നെയല്ലേ?
# ആണ്. പക്ഷേ ഈ പ്രയോഗം കൊണ്ട് അർത്ഥ ബോധം കൈവരുമോന്നു സംശയം.
കാര്യം ലഘൂകരിച്ചു പോവുന്നതായൊരാശങ്ക.
*എന്നാൽ വ്യക്തമാക്കിത്തരൂ.
# ഏവർക്കും കാമമുണ്ട്. (ആഗ്രഹം) അതു നിവർത്തിക്കാനുള്ള വഴിയറിയാം. കർമ്മങ്ങൾ ചെയ്യലാകുന്നു. കാമ നിവൃത്തിക്ക് കർമ്മം ഉപായമെന്നർത്ഥം.. (അനുയോജ്യ കർമ്മം കണ്ടെത്താനുള്ള ഒരു ശേഷി ഏവരേയും സഹായിക്കുന്നുണ്ട്.)
കാമ നിവൃത്തിക്കൊപ്പം സ്നേഹം, നന്ദി ഇതൊക്കെ ഉണർത്താനും പുലർത്താനും മനസ്സിരുത്തുക. ക്രമേണ കർമ്മഫലം ഏവർക്കുമായി കല്പിച്ചു നൽകാൻ ധൈര്യം വരും. [ഇത് വിശാല അർത്ഥത്തിലും ഭാവനയിലും - ഈശ്വരാർപ്പണ കർമ്മമാവും. (ഈശ്വരൻ -പ്രപഞ്ചാധിനാഥൻ, നമുക്കു് ജീവന വ്യവസ്ഥ അനുവദിച്ചനുഗ്രഹിച്ച ലോക സംവിധായകനായ അധ്യക്ഷനോട് നാം കടപ്പെട്ടിരിക്കുന്നു. ഈശ്വരപ്രീതിക്കായി, നന്ദി പ്രകടനമായി ലോക നന്മക്ക് കർമ്മങ്ങൾ നിവേദിക്കുന്നു.) കർമ്മം ചെയ്യുന്ന ആൾക്ക് അത്യാവശ്യം വേണ്ട കാര്യങ്ങൾ ഭംഗിയായി നിർവ്വഹിതമാവുകയും ചെയ്യും.]
സത്സംഗാവസരം മുറക്ക് പ്രയോജനപ്പെടുത്തിയാൽ 'ഞാൻ കർത്താവാണ് - കർമ്മം ചെയ്യുന്നവൻ - എന്ന അഭിമാനത്തിന്റെ പൊള്ളത്തരം വ്യക്തമാവും. അതും പ്രകൃതി വ്യവസ്ഥക്ക് ( ഈശ്വരന്) സമർപ്പിക്കാൻ കഴിയും.
ശരിക്കും നാം ലക്ഷ്യമാക്കുന്ന സൗഖ്യമോ, ശാന്തിയോ, ഭയമുക്തിയോ കർമ്മ ഫലത്തിന് പ്രദാനം ചെയ്യാൻ കഴിയില്ലെന്ന ബോധ്യവും ക്രമേണ ഉറച്ചു കിട്ടും (വിവേകം). അവിടെ കർമ്മഫല ആശങ്കകളകലും, ഭോഗാവേശങ്ങളാറിത്തണുക്കം.(വൈരാഗ്യ സിദ്ധി)
അനർഗ്ഗളമായും, അനായാസമായും, അഭിമാനങ്ങളില്ലാതെയും, വീഴ്ചകൾ വരുത്താതെയും ലോക സേവ ചെയ്യുന്ന കർമ്മയോഗി നൈഷ്ക്കർമ്മ്യസിദ്ധനുമാവുന്നു.
ദേഹാതീത ആത്മ മഹത്വം വിചാരം ചെയ്യാൻ ഈ വ്യക്തിക്ക് സുസുഖം സാധിക്കും.
ദേഹദാസ്യവും, താദാത്മ്യ ചിന്തയും കൊഴിഞ്ഞു പോവും. പക്വത വളരുന്നതിനനുസരിച്ച് സദ്ഗുരു പ്രസാദം നുകരാൻ കഴിയും. 'തത്വമസി' വാക്യം മനന ധ്യാനങ്ങളിലൂടെ സാക്ഷാത്ക്കരിക്കാൻ സാധിക്കും.
* ഏറെ ഗ്രഹിക്കാനുണ്ടല്ലോ?
# പരിഭ്രമിക്കാതെ, മനസ്സിലായിക്കിട്ടിയതിനനുസരിച്ച് മുന്നേറിയാൽ മതി. വഴി കൂടുതൽ തെളിഞ്ഞു വരും.
* ജീവിതത്തിന്റെ രസം വൈരാഗ്യഭാവം പുലർത്തുന്നതിനാൽ ചോർന്നു പോവില്ലേ?
# വൈരാഗ്യമെന്ന പദം തെറ്റിദ്ധരിച്ചതുകൊണ്ട് തോന്നുന്നതാണ്‌. വിവേകാധിഷ്ഠിത വൈരാഗ്യം ആസ്വാദനത്തിന്റെ ആഴം വർദ്ധിപ്പിക്കുകയേ ഉള്ളൂ.
മറ്റൊരു കാര്യം -: ഇപ്പോൾ ഏറെ രസം നകരുന്നുണ്ടോ? ജീവിതം ആസ്വദിക്കുന്നുണ്ടോ? ഇതു പൊതുവേ ആരും ആലോചിക്കാറില്ല. ആസ്വദിക്കുന്നുവെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ച് പോവുന്നു. ഈ ആത്മവഞ്ചന വിശകലനത്തിലൂടെ തിരിച്ചറിഞ്ഞാൽ വൈരാഗ്യത്തിന്റെ മൂല്യം കൂടുതൽ ബോധ്യമാവും.
* ശരി.... പരിശീലിച്ചു നോക്കട്ടെ...
# തീർച്ചയായും പുരോഗതി ഉണ്ടാവും.
പ്രേമാദരപൂർവ്വം
സ്വാമി.അദ്ധ്യാന്മാനന്ദ

No comments:

Post a Comment