Thursday, August 16, 2018

വേദങ്ങള്‍ സമഗ്രമായ അറിവിന്റെ ഉറവിടം

ചിന്താധാര/ ഡോ.എന്‍.ഗോപാലകൃഷ്ണന്‍
Friday 17 August 2018 1:02 am IST
ഓരോ വിഭാഗത്തില്‍പ്പെട്ട ഉപനിഷത്തുകള്‍ക്കും ശാന്തിമന്ത്രങ്ങളുണ്ട്. 'ഓം വാങ്‌മേവനസി'- ഋഗ്വേദീയ ഉപനിഷത്തുക്കളുടെയും, ഓം പൂര്‍ണമദപൂര്‍ണമിദം- ശുക്ലയജൂര്‍വേദീയ ഉപനിഷത്തുക്കളുടേയും, ഓം സഹനാവവതു- കൃഷ്ണയജുര്‍വേദ ഉപനിഷത്തുക്കളുടേയും, ഓം ഭദ്രം കര്‍ണേഭിശ്രുണുയാണദേവാ- എന്നത് അഥര്‍വ വേദീയ ഉപനിഷത്തുക്കളുടേയും ശാന്തിമന്ത്രങ്ങളുടെ ആദ്യവരികളാണ്. ശാന്തിമന്ത്രം നോക്കിയാല്‍ ഓരോ ഉപനിഷത്തും ഏതു വേദത്തിന്റേതാണെന്നറിയുവാന്‍ സാധിക്കും.
വേദാംഗങ്ങള്‍ ആറെണ്ണമാണ്. വൈദിക സാഹിത്യഗ്രന്ഥങ്ങളുടെ അക്ഷരങ്ങള്‍, പദങ്ങള്‍, വരികള്‍, ശ്രുതി, ഛന്ദസ്സ് തുടങ്ങിയ ശബ്ദ- ഭാഷ ശാസ്ത്രങ്ങളുടെ നിയമങ്ങള്‍ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു. ശിക്ഷ- നിരുക്തം- വ്യാകരണം- ഛന്ദഃശാസ്ത്രം എന്നീ നാലു വേദാംഗങ്ങളിലെ വിഷയങ്ങള്‍, പൂര്‍ണമായും വേദഭാഷ നിയമങ്ങളാണ്.
ശിക്ഷാഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ എന്നാല്‍ വേദവരികള്‍ ശിക്ഷാര്‍ത്ഥിയെ പഠിപ്പിക്കാന്‍ നല്‍കുന്ന രീതിയാണ്. പതിനെട്ട് ശിക്ഷാഗ്രന്ഥങ്ങളാണുള്ളത്. ഇന്ന് ലഭ്യമായ രണ്ടെണ്ണം ശൗനക ശിക്ഷയും യജ്ഞവല്‍ക്യശിക്ഷയുമാണ്. വേദഭാഷയ്ക്ക് നല്‍കിയിരിക്കുന്ന എല്ലാ പഠനനിയമങ്ങളും വ്യവഹാരിക സംസ്‌കൃത ഭാഷയ്ക്കും ബാധകമായതിനാല്‍, ശിക്ഷാ ഗ്രന്ഥവിഷയങ്ങള്‍ മറ്റു ഭാരതീയ ഭാഷാ പോഷണത്തിനും സഹായിച്ചിട്ടുണ്ട്. ശിക്ഷാഗ്രന്ഥങ്ങള്‍ക്ക് രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വേദഭാഷയിലെ വ്യാകരണ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതാണ്. രണ്ടാം വേദാംഗമായ വ്യാകരണത്തിന്റെ ഉദ്ദേശ്യം. ശാകടായനപാണിനി വ്യാകരണ ഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ ഇന്നും അതീവ പ്രാധാന്യത്തോടെ എല്ലാ ഭാരതീയ ഭാഷകളുടെ പഠനത്തിനും ജര്‍മന്‍ പോലെയുള്ള ഭാഷകളുടെ നവീകരണത്തിനും ഉപയോഗിക്കാറുണ്ട്. പാണിനിയുടെ അഷ്ടാധ്യായി എന്ന വ്യാകരണഗ്രന്ഥം 300 ബി.സി.യിലാണ് രചിക്കപ്പെട്ടത്.
സംസ്‌കൃത ഭാഷയിലെ വൈദിക- വ്യാവഹാരിക പദങ്ങളുടെ ഉല്‍പ്പത്തിയെക്കുറിച്ച് ആധികാരികമായി വിവരിക്കുന്ന ഗ്രന്ഥമാണ് നിരുക്തം. ഇത് ലോകത്തിലെ ആദ്യത്തെ നിഘണ്ടുവാണ്. ഇതില്‍ ദേവതാനാമങ്ങളുടെ ഉത്ഭവം. മറ്റു സംസ്‌കൃത പദങ്ങളുടെ ഉത്ഭവം, വിന്യാസം, നിര്‍വചനം, പ്രയോഗം എന്നിവ ലളിതമായി നല്‍കിയിരിക്കുന്നു. യാസ്‌കാചര്യന്റെ നിരുക്ത ഗ്രന്ഥമാണ് സര്‍വശ്രേഷ്ഠം, 300 ബി.സി.ക്കപ്പുറമാണ് ഇതിന്റെ രചനാകാലഘട്ടം. വേദമന്ത്രങ്ങള്‍ക്ക് പല അര്‍ത്ഥങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നതിന് കാരണം, ശിക്ഷാ, വ്യാകരണ, നിരുക്ത ഗ്രന്ഥങ്ങളിലെ പദങ്ങളുടെയും വ്യാകരണത്തിന്റെയും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അര്‍ത്ഥങ്ങളാണ്. അതിനാല്‍ വേദമന്ത്രവരികളിലെ പദവിശകലനം ചെയ്ത് പഠിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഈ വേദാംഗഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉജ്ജ്വലങ്ങളും വിവിധങ്ങളായ അര്‍ത്ഥ-സാര-സന്ദേശങ്ങളടങ്ങിയതിനാലാണ് വേദങ്ങള്‍ക്ക് ഉന്നതസ്ഥാനം ലഭിച്ചതും സമഗ്രമായ അറിവിന്റെ ഉറവിടമായി വേദങ്ങളെ ഗണിക്കുന്നതും.

No comments:

Post a Comment