Thursday, August 16, 2018

സത്യസ്യ സത്യം'

ഉപനിഷത്തിലൂടെ-235/ബൃഹദാരണ്യകോപനിഷത്ത്- 34/സ്വാമി അഭയാനന്ദ
Friday 17 August 2018 1:03 am IST
'സത്യസ്യ സത്യം' എന്നു മുമ്പ് പറഞ്ഞ ഉപനിഷത്തിനെ വ്യാഖ്യാനിക്കാന്‍ രണ്ടാം ബ്രാഹ്മണം ആരംഭിക്കുന്നു.
യോ ഹ വൈ ശിശും സാധാനം സപ്രത്യാധാനം...
അധിഷ്ഠാനത്തോടും പ്രത്യേകാധിഷ്ഠാനത്തോടും കെട്ടുകുറ്റിയോടും കയറിനോടും കൂടി ഈ കുട്ടിയെ അറിയണം. ഇങ്ങനെ അറിയുന്നയാള്‍ ഏഴ് ഭ്രാതൃവ്യന്മാരെ (ശത്രുക്കളെ) നശിപ്പിക്കും. മുഖ്യ പ്രാണന്‍ തന്നെയാണ് പശുക്കുട്ടി. ശരീരം തന്നെയാണ് അതിന് അധിഷ്ഠാനം. ശിരസ്സാണ് പ്രത്യാധാനം. ബലമാണ് കെട്ടുകുറ്റി. അന്നമാണ് കെട്ടാനുള്ള കയര്‍.
രണ്ടാമദ്ധ്യായത്തിലെ രണ്ട്, മൂന്ന് ബ്രാഹ്മണങ്ങള്‍ 'സത്യസ്യ സത്യം' എന്ന ഉപനിഷത്തിനെ വ്യാഖ്യാനിക്കുന്നു. പ്രാണാ വൈ സത്യം എന്ന് നേരത്തെ പറഞ്ഞതിലെ പ്രാണങ്ങളും പ്രാണ വിഷയങ്ങളുമായ ഉപനിഷത്തുകളും ഏതാണെന്ന് വിവരിക്കുകയാണ്.
 മുഖ്യ പ്രാണനെ ഒരു ശിശുവായി പറഞ്ഞിരിക്കുകയാണ്. പ്രാണന്‍ വിഷയങ്ങളില്‍ ആസക്തിയില്ലാതെയിരിക്കുന്നതിനാലാണ് ശിശു അഥവാ കുട്ടി എന്ന് വിശേഷിപ്പിച്ചത്. കെട്ടുകുറ്റി, കയര്‍ തുടങ്ങിയവ കൂടെ പറഞ്ഞതിനാല്‍ പ്രാണനെ പശുക്കിടാവ് എന്നും പറയാം. പ്രാണനാകുന്ന ശിശുവിന് അധിഷ്ഠാനം ശരീരമാണ്. പ്രാണന്റെ പ്രത്യേക അധിഷ്ഠാനം ശിരസ്സാണ്.
പ്രധാന ഇന്ദ്രിയങ്ങളെല്ലാം മുഖത്താണിരിക്കുന്നത്. അന്നം കഴിക്കുന്നതുകൊണ്ടും കുടിക്കുന്നതു കൊണ്ടുമുള്ള ബലത്തെയാണ് കെട്ടുകുറ്റിയായ പ്രാണനെന്ന് പറഞ്ഞത്. ആ ബലത്താലാണ് പ്രാണനെ ശരീരവുമായി ബന്ധിച്ചിരിക്കുന്നത്. അന്നത്തെ കയറായി പറയാന്‍ കാരണം  അന്നം കഴിക്കുമ്പോള്‍ അതിന്റെ സൂക്ഷ്മമായ അംശം ബലമായിത്തീര്‍ന്ന് പ്രാണനെ ശരീരത്തോട് ബന്ധിപ്പിക്കുന്നു.
 ഇങ്ങനെയുള്ള പ്രാണനെ അറിയുന്നയാള്‍ ഏഴ് ശത്രുക്കളെ നശിപ്പിക്കുമെന്ന് പറയുന്നത് ഏഴ് ഇന്ദ്രിയ ദ്വാരങ്ങളില്‍ നിന്നുള്ള വിഷയ രാഗങ്ങളെ നശിപ്പിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്. നമ്മുടെ മുഖത്തുള്ള 2 കണ്ണ്, 2 കാത്, 2 നാസാദ്വാരം, വായ എന്നിവയെയാണ് ഏഴ് ഇന്ദ്രിയങ്ങള്‍ എന്ന് പറഞ്ഞത്. പരമാത്മാവിനെ അറിയുന്നതിന് ഇവ തടസ്സമാകുന്നത് വിഷയങ്ങളില്‍ ആസക്തിയുണ്ടാക്കിയാണ്. അതിനാലാണ് ശത്രുക്കള്‍ എന്ന് വിളിച്ചത്. പ്രാണനെ വേണ്ടവിധം അറിഞ്ഞാല്‍ മനസ്സിനെ ആത്മാഭിമുഖമാക്കി മാറ്റാം. 
തമേതാഃ സപ്താക്ഷിതയ ഉപതിഷ്ഠന്തേ, തദ്യാ ഇമാ അക്ഷന്‍ ലോഹിന്യോ...
ശരീരത്തില്‍ അന്നമാകുന്ന ബന്ധനത്തോട് കൂടിയവനും കണ്ണിലിരിക്കുന്നവനുമായ പ്രാണനെ ക്ഷയത്തെ തടയുന്ന ഏഴ് ദേവതകള്‍ ഉപസ്ഥാനം ചെയ്യുന്നു. കണ്ണിലെ ചുവന്ന രേഖകളില്‍ കൂടി രുദ്രന്‍ പ്രാണനെ പിന്തുടരുന്നു. കണ്ണിലെ വെള്ളത്തില്‍ കൂടി പര്‍ജന്യനും കണ്‍മിഴിയില്‍ കൂടി ആദിത്യനും കണ്ണിലെ കറുപ്പ് വഴി അഗ്‌നിയും കണ്ണിലെ വെളുപ്പ് വഴി ഇന്ദ്രനും താഴത്തെ കണ്‍പോളകളിലൂടെ പൃഥിവിയും മേലത്തെ കണ്‍പോളകളിലൂടെ ദ്യോവും പ്രാണനെ ഉപസ്ഥാനം ചെയ്യുന്നു. ഇങ്ങനെ പ്രാണന്റെ അന്ന ഭൂതങ്ങളായ ഈ ഏഴും എപ്പോഴും പ്രാണനെ ഉപസ്ഥാനം ചെയ്യുന്നുവെന്ന് അറിയുന്നയാള്‍ക്ക് ഒരിക്കലും അന്നം ക്ഷയിക്കില്ല.
തദേഷ ശ്ലോകോ ഭവതി 
അര്‍വ്വാഗ്ബിലശ്ചമസ ഊര്‍ധ്വബുദ്ധ്‌ന: തസ്മിന്‍ യശോ
അതിനെപ്പറ്റി ഒരു മന്ത്രമുണ്ട്
കീഴെ ദ്വാരമുള്ളതും അടിഭാഗം മുകളിലായതുമായ ഒരു പാത്രമുണ്ട്. ആ പാത്രത്തില്‍ നാനാ രൂപമായ യശസ്സ് ഉണ്ട്. അതിന്റെ തീരത്തില്‍ 7 ഋഷികള്‍ ഇരിക്കുന്നു. ശബ്ദരാശിയോട് ചേര്‍ന്നിരിക്കുന്ന വാക്ക് എട്ടാമത്തേതാണ്.
ഈ പാത്രം പ്രാണന്റെ ശിരസ്സാണ്. താഴെ ദ്വാരമുള്ളതും അടിഭാഗം മുകളിലുള്ളതുമായ പാത്രം പോലെയാണ് ശിരസ്സ്. നാനാ രൂപമായ യശസ്സ് എന്ന് പറഞ്ഞത് പ്രാണങ്ങളെയാണ്. ഇന്ദ്രിയങ്ങളാണ് 7 ഋഷികള്‍.
 തല, കമഴ്ത്തിവെച്ച കുടം പോലെയാണ്. സോമരസം ഒഴിച്ചു വെക്കാനുള്ള പാത്രം തിരിച്ചു വച്ച പോലെ. വിഷയ വിജ്ഞാനമാണ് യശസ്സ.് കണ്ണ് ,കാത്, മൂക്ക് എന്നിവയെ ആറെണ്ണമായും രസനയെ ഏഴാമത്തേതായും കണക്കാക്കിയാണ് 7 ഋഷികള്‍ എന്ന് പറഞ്ഞത്. നാവ് തന്നെ വാക്കിന്റെ ധര്‍മം അനുഷ്ഠിക്കുമ്പോള്‍ എട്ടാമത്തേതായി.
ഇമാവേവ ഗോതമ ഭരദ്വാജൗ, അയമേവ ഗോതമഃ 
രണ്ടു കാതുകളാണ് ഗോതമനും ഭരദ്വാജനും. കണ്ണുകള്‍ വിശ്വാമിത്രനും ജമദഗ്‌നിയുമാണ്. നാസികകള്‍ വസിഷ്ഠനും കശ്യപനുമാണ്. വാക്ക് അത്രിയാണ്. കഴിക്കുക എന്നര്‍ത്ഥമുള്ള അത്തി എന്നത് തന്നെയാണ് ഋഷിയുടെ പേരായി അത്രി എന്ന് പറയുന്നത്.
ഇങ്ങനെയൊക്കെ അറിയുന്നയാള്‍ എല്ലാത്തിന്റെയും അത്താവായി (കഴിക്കുന്നവന്‍) തീരും. എല്ലാം അയാള്‍ക്ക് അന്നമാകും.

No comments:

Post a Comment