Wednesday, August 01, 2018

ഇന്ന് സാര്‍വത്രിക പ്രചാരത്തിലുള്ള ശുക്ല-യജുര്‍വേദീയ ഗ്രന്ഥമാണ് വാജസേനയിമാധ്യന്ദിന യജുര്‍വേദസംഹിത. യജ്ഞവല്‍ക്യമഹര്‍ഷിയാണത്രെ ഇതിന്റെ രചയിതാവ്. 1975 മന്ത്രങ്ങള്‍ 40 അധ്യായങ്ങളിലായി ഇതിലടങ്ങിയിരിക്കുന്നു. നാല്‍പതാം അദ്ധ്യായമാണ് ഈശാവാസ്യ ഉപനിഷത്ത്. ഈ വേദത്തില്‍ പദ്യരൂപത്തിലുള്ള മന്ത്രങ്ങള്‍ മാത്രമാണുള്ളത്.
 വളരെ പ്രചാരമുള്ള കൃഷ്ണയജുര്‍വേദീയ ഗ്രന്ഥമായ തൈത്തരീയ സംഹിതയില്‍ ഗദ്യരൂപത്തിലും പദ്യരൂപത്തിലുമുള്ള മന്ത്രങ്ങളുണ്ട്. ഏഴു കാണ്ഡങ്ങളായി വിവരിച്ചിരിക്കുന്ന മന്ത്രങ്ങള്‍ അശ്വമേധം, പുത്രകാമേഷ്ടി, വാജപേയം തുടങ്ങിയ വിവിധ യാഗാവശ്യത്തിനുള്ളവയാണ്.
 ഋഗ്വേദമന്ത്രങ്ങളെ വ്യക്തമായ രീതിയില്‍ ഗാനങ്ങളായി ആലപിച്ചാണ് സാമഗാന മന്ത്രങ്ങളുണ്ടാക്കിയിരിക്കുന്നത്. ആയിരം ശാഖകളാണ് സാമവേദത്തിനുള്ളത്. പതിമൂന്ന് ശാഖകള്‍ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളവ എന്നന്നേക്കുമായി നഷ്ടപ്പെട്ടു.
 പ്രധാനപ്പെട്ട സാമവേദശാഖകള്‍ രണായണീയം, ശാട്യമുഗ്രം, വ്യാസ, ഭാഗുരി, ഗൗല്‍ഗുവി, ഭാനുമാന്‍, ഔപമന്യവ, കരാടി, മശക, ഗാര്‍ഗ്യ, കൗഫുമ, ശാലിഹോത്ര, ജൈമനീയം എന്നിവയാണ്.
 സാമവേദത്തിലുള്ളത് 1549 മന്ത്രങ്ങളാണ്. ഇതില്‍ 105 മന്ത്രങ്ങളൊഴികെ ബാക്കിയെല്ലാം, ഋഗ്വേദമന്ത്രങ്ങളെ ഗാനരൂപത്തില്‍ ആലപിക്കുന്നതാണ്. സാമവേദത്തിന്റെ തനതായ മന്ത്രങ്ങള്‍ 105 എണ്ണം മാത്രം.
 ഊഹഗാനം, ഊഹ്യഗാനം, ഗ്രാമഗേയഗാനം, ആരണ്യഗേയഗാനം എന്നിങ്ങനെ പേരുള്ള വിവിധ സാമഗാനാലാപനരീതികളുണ്ട്. യാഗങ്ങളില്‍ സാമഗാനം ചൊല്ലി ദേവന്മാരെ സന്തുഷ്ടരാക്കുന്ന വേദ പണ്ഡിതന്‍ യജ്ഞശാലയിലെ ഉദ്ഗാതാവ് എന്നറിയപ്പെടുന്നു. വ്യത്യസ്ത ഗാനാലാപന രീതിയില്‍ പ്രാവീണ്യം നേടിയ പണ്ഡിതര്‍ വളരെ കുറഞ്ഞുവരുന്നു.
 അമ്പത് ശാഖകളുള്ള അഥര്‍വവേദമാണ് സനാതന ധര്‍മത്തിന്റെ അടിസ്ഥാന വേദങ്ങളില്‍ നാലാമത്തെതും കൂടുതല്‍ സാമൂഹിക കാര്യങ്ങള്‍ വിവരിക്കുന്നതുമായ ഗ്രന്ഥം. ഇതില്‍ ഇരുപതു കാണ്ഡങ്ങളിലായി 5987 മന്ത്രങ്ങളുള്ളതില്‍ 1200 എണ്ണം ഋഗ്വേദമന്ത്രങ്ങളാണ്.
 കൃഷി, ഗോരക്ഷ, ശത്രുനാശനം, വിജയം, രാജപട്ടാഭിഷേകം, രോഗനിവാരണം എന്നിങ്ങനെയുള്ള അനവധി സാമാന്യ വിഷയങ്ങള്‍ ഉള്ളതുകൊണ്ടായിരിക്കാം മറ്റു വേദങ്ങളുടെ പ്രാധാന്യം അഥര്‍വത്തിന് ലഭിക്കാതെ പോയത്. ഇതില്‍ ആത്മീയ ഈശ്വരവിഷയങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഭൗതിക  ജീവിതവിഷയങ്ങള്‍ക്കാണ്. 
 ഭാരതത്തില്‍ അഥര്‍വവേദ പണ്ഡിതര്‍ ഇന്ന് വളരെ കുറച്ചു മാത്രമേയുള്ളൂ. മലയാളികളായവര്‍ ഇല്ല തന്നെ. ഭാരതത്തിലെ അന്യസംസ്ഥാനങ്ങളിലുള്ള അഥര്‍വവേദപണ്ഡിതര്‍ പ്രധാനപ്പെട്ട 9 അഥര്‍വവേദശാഖകളില്‍പ്പെട്ടവരാണ്. അവരുടെ എണ്ണം പതിനഞ്ചില്‍ കൂടുതല്‍ വരില്ല. ഈ ശാഖകള്‍ പിപ്പലാദ, തൗദ, മൗദ, ശൗനകീയ, ജാജല, ജലഭ, ബ്രഹ്മവദ, ദേവദര്‍ശ, ചാരണ്യവൈദ്യ എന്നിവയാണ്.
(സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ഡോ.എന്‍.ഗോപാലകൃഷ്ണന്‍

No comments:

Post a Comment