Friday, August 17, 2018

ബ്രഹ്മസാക്ഷാത്കാരം ലഭിക്കാനുള്ള യോഗ്യത വിവരിക്കുന്നു

ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Saturday 18 August 2018 1:03 am IST
(അധ്യായം 18- ശ്ലോകം 51, 52, 53)
(1) വിശുദ്ധയാ ബുദ്ധ്യായുക്തഃ
സാധനകള്‍ അനുഷ്ഠിക്കുന്നവന്റെ ബുദ്ധി, ശുദ്ധമായിരിക്കണം. എന്താണ് ബുദ്ധിയുടെ ശുദ്ധി എന്ന് പറയുന്നത്. ബ്രഹ്മജ്ഞാനം കൊണ്ടു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂവെന്നും മോക്ഷമാണ് മനുഷ്യന്‍ നേടേണ്ടത് എന്നുമുള്ള ദൃഢനിശ്ചയം തന്നെ. ''വ്യവസായാത്മികാബുദ്ധിഃ'', ''ബുദ്ധ്യായുക്തോയചാപാര്‍ത്ഥ'' എന്നു ഭഗവാന്‍ രണ്ടാമധ്യായത്തില്‍ പറഞ്ഞതുതന്നെ.
(2) ആത്മാനം ധൃത്വാ നിയമ്യഃ
സത്വഗുണയുക്തമായ ധൃതി (ധൈര്യം)കൊണ്ട് അന്തഃകരണത്തെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കണം. ഭൗതിക വിഷയങ്ങളിലേക്കു ഓടിപ്പോകാതെ, ആറാമധ്യായത്തില്‍ പറഞ്ഞപോലെ- ''നൈരുപരമേത് ബുദ്ധ്യാ ധൃതിഗൃഹീതയാ''- എന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കണം.
(3) ശബ്ദാദീന്‍ വിഷയാന്‍ ത്യക്ത്വാ-
ശബ്ദം, സ്പര്‍ശം, രൂപം മുതലായ ലൗകിക സുഖങ്ങളെ ഉപേക്ഷിക്കണം. അവയെപ്പറ്റി ചിന്തിക്കുകപോലും ചെയ്യരുത്. എന്നാല്‍ ശരീരം നിലനില്‍ക്കാന്‍ വേണ്ടിയും ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനശക്തി നശിക്കാതിരിക്കാതിരിക്കാനും അത്യാവശ്യമായ ആഹാരാദികള്‍ സ്വീകരിക്കുകയും വേണം. ഇല്ലെങ്കില്‍ ഭഗവാനെ ധ്യാനിക്കാനോ നാമം ജ
പിക്കാനോ സാധിക്കാതെ വരുമല്ലോ.
(4) രാഗദ്വേഷൗ വ്യുദസ്യച- യദൃച്ഛയാ ലഭിക്കുന്നതോ ഭിക്ഷയെടുത്ത് കിട്ടുന്നതോ ആയ. ആഹാരാദികളിലെ ഇഷ്ടവസ്തുക്കളോടു സ്‌നേഹമോ, ഇഷ്ടമില്ലാത്ത വസ്തുക്കളോടു ദ്വേഷമോ വെറുപ്പോ തോന്നരുത്. 
അധ്യായം 18- ശ്ലോകം- 52
(5) വിവിക്തസേവീ
ജനബാഹുല്യം മൂലം ഭഗവദ് ധ്യാനത്തിന് തടസ്സം സൃഷ്ടിക്കുന്ന സ്ഥലങ്ങളില്‍ ചെല്ലുകപോലും ചെയ്യരുത്. മനുഷ്യരില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ബ്രഹ്മധ്യാനത്തിനുവേണ്ടി തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. അരണ്യം, ഗിരികളുടെ താഴ്‌വരകള്‍, ഗുഹകള്‍ ഇവയായിരിക്കണം ധ്യാനിക്കുന്ന സ്ഥലം, പുണ്യക്ഷേത്രങ്ങളുടെ പരിസരം, പുണ്യനദികളുടെ തീരങ്ങള്‍, മുന്‍പ് മഹര്‍ഷിമാരും യോഗികളും ധ്യാനിച്ച് ഭഗവത് സാക്ഷാരം നേടിയ ആശ്രമങ്ങള്‍ എന്നിവയില്‍നിന് ധ്യാനിക്കുന്നത് ലക്ഷ്യപ്രാപ്തിക്കു നമ്മെ സഹായിക്കും. 
(6) ലഘ്വാശീ
നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ സത്ത്വഗുണ പൂര്‍ണങ്ങളായിരിക്കണം. മാത്രമല്ല, വയറുനിറയെ കഴിക്കരുത്; എങ്കില്‍ മാത്രമേ നിഷ്ഠയോടെ ധ്യാനിക്കാന്‍ കഴിയുകയുള്ളൂ. ധ്യാനത്തിന് സഹായകമായതും. പരിശുദ്ധമായതും ആയിരിക്കണം ആഹാരസാധനങ്ങള്‍.
(7) യതവാക്കായ മാനസഃ
വാക്ക്-ഷണം, കായം-ശരീരവും അതിലെ അവയവങ്ങളുമാണ്. മാനസം- ചിന്തിക്കാനുള്ള ശക്തി, വിവേചനം ചെയ്യാനുള്ള ശക്തി- ഇവയെ പരിപൂര്‍ണമായി നിയന്ത്രിക്കണം. ബാഹ്യ പ്രകൃതിയിലേക്കുപോകാതെ, ആത്മീയ ചിന്തയില്‍ തന്നെ പിടിച്ചുനിര്‍ത്തണം. എന്തെങ്കിലും സംസാരിക്കുന്നുവെങ്കില്‍, ആത്മാവിനെപ്പറ്റിയും ബ്രഹ്മത്തെപ്പറ്റിയും ഭഗവാനെപ്പറ്റിയും മാത്രം സംസാരിക്കുക. ഭൗതികകര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടി ശരീരാവയവങ്ങളെ ഉപയോഗിക്കാതിരിക്കുക. ധ്യാനനിഷ്ഠയ്ക്കു ശരീരാവയവങ്ങള്‍ നിശ്ചലമായിതന്നെ നില്‍ക്കണം. ധ്യാനത്തില്‍നിന്ന് വിരമിക്കുകയാണെങ്കില്‍, അപ്പോള്‍, ആദിത്യനേയും ചന്ദ്രനേയും അഗ്നിയേയും കാണുക, നമസ്‌കരിക്കുക. ഇങ്ങനെയാണ് കാലത്തെ നിയന്ത്രിക്കേണ്ടത്. മറ്റൊരു കര്‍മവും ചെയ്യരുത്. ബ്രഹ്മത്തെ- ഭഗവാനെ മാത്രം ചിന്തിക്കുക. വിഷയസുഖങ്ങളെയോ ഭക്തി വസ്തുക്കളേയോ ചിന്തിക്കാതിരിക്കുക- ഇങ്ങനെ മനസ്സിനെ നിയന്ത്രിക്കണം.
(8) ധ്യാനയോഗക പരഃ നിത്യം
എപ്പോഴും ധ്യാനയോഗത്തില്‍ നിഷ്ഠയുള്ളവനായിത്തീരണം. എന്താണ് ധ്യാനം?
മനസ്സില്‍ ആത്മസ്വരൂപത്തെ മാത്രം ചിന്തിക്കുക എന്നതാണ് ധ്യാനം. മനസ്സിനെ ആത്മസ്വരൂപത്തില്‍ മാത്രം ആമഗ്നമാക്കുക എന്നതാണ് യോഗം. ഇതുരണ്ടുമാണ് ഉത്കൃഷ്ടമായ കര്‍ത്തവ്യം എന്ന അവബോധം ഉണ്ടാകണം. അതാണ് ''പരഃ'' എന്ന വാക്കിന്റെ അര്‍ത്ഥം. തൈലത്തിന്റെ ധാരപോലെ ഇടവേളയില്ലാതെ മനസ്സിന്റെ പ്രവര്‍ത്തനം- ബ്രഹ്മധ്യാനത്തില്‍ മാത്രം നിലനിര്‍ത്തുക.
(8) വൈരാഗ്യം സമുപാശ്രിതഃ
ഈ ഭൂലോകത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഭൗതിക സുഖങ്ങളിലും  സ്വര്‍ഗം മുതലായ ലോകങ്ങളിലെ നമുക്ക് കാണാന്‍ കഴിയാത്ത ദിവ്യസുഖങ്ങളിലും ലേശം പോലും ആഗ്രഹം ഇല്ലാത്ത അവസ്ഥയാണ് വൈരാഗ്യം- അല്ലെങ്കില്‍ വിരക്തി എന്ന് പറയപ്പെടുന്നത്. 
ധ്യാനയോഗ നിഷ്ഠനായ വ്യക്തി എപ്പോഴും ഈ അവസ്ഥയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഈ ഒമ്പത് ചര്യകള്‍ ബ്രഹ്മപ്രാപ്തിക്കുവേണ്ടി അനുഷ്ഠിക്കണം.

No comments:

Post a Comment