Friday, August 17, 2018

ഉപനിഷത്തിലൂടെ -236/ബൃഹദാരണ്യകോപനിഷത്ത്- 35/ സ്വാമി അഭയാനന്ദ
Saturday 18 August 2018 1:02 am IST
ബ്രാഹ്മണം 3
സത്യത്വം എങ്ങനെയെന്ന് കാണിക്കാനും പഞ്ചഭൂതങ്ങളായ സത്യങ്ങളെ പറയാനുമാണ് 
ഈ ബ്രാഹ്മണം.
ദ്വേവാവ ബ്രഹ്മണോ രൂപേ, മൂര്‍ത്തം ചൈവാ മൂര്‍ത്തം ച, മര്‍ത്ത്യം ചാമൃതം ച, സ്ഥിതം ച യച്ച, സച്ച ത്യച്ച
ബ്രഹ്മത്തിന് രൂപങ്ങള്‍ രണ്ടെണ്ണമാണ് മൂര്‍ത്തവും അമൂര്‍ത്തവും. അത് തന്നെ മര്‍ത്ത്യവും അമൃതവുമാണ്. ചലിക്കാത്തതും ചലിക്കുന്നതുമാണ്. പ്രത്യക്ഷമായതും പരോക്ഷമായതുമാണ്.
 ബ്രഹ്മത്തിന്റെ രണ്ട് ഭാവങ്ങളെയാണ് ആദ്യം പറയുന്നത്. രൂപമുള്ളതും അല്ലാത്തതുമാണ്. അത് തന്നെയാണ് മരണമുള്ളതും അല്ലാത്തതും. ചരാചരങ്ങളാല്‍ നിറഞ്ഞ ഈ ജഗത്തും ബ്രഹ്മം തന്നെയാണ്. പ്രത്യക്ഷമായതും അല്ലാത്തതും ബ്രഹ്മമാണ്.
തദേ തന്മൂര്‍ത്തം യദ്യത് വായോശ്ചാന്തരിക്ഷാച്ച 
ഏതന്മര്‍ത്ത്യം
വായുവും അന്തരിക്ഷവുമല്ലാത്തതാണ് മൂര്‍ത്തം. ഇതു തന്നെ മര്‍ത്ത്യം. ഇതു തന്നെ സ്ഥിതവും സത്തും. മൂര്‍ത്തവും മര്‍ത്ത്യവും സ്ഥിതവും സത്തുമായതിന്റെ രസമാണ് തപിക്കുന്ന സവിതാവ്. ഇത് സത്തിന്റെ രസമാണ്.
വായുവും അന്തരീക്ഷവുമല്ലാത്ത 3 ഭൂതങ്ങളായ അഗ്‌നി, ജലം, പൃഥ്വി എന്നിവയാണ് മൂര്‍ത്തം എന്ന് പറയുന്നത്. ഇവയുടെ വിശേഷണങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്.
 മൂര്‍ത്തമായതിനാല്‍ മരണമുള്ളതാണ്. അതിനാല്‍ പരിച്ഛിന്നമാണ്, അതിനാല്‍ പ്രത്യക്ഷമായി അറിയാവുന്ന ധര്‍മങ്ങളോട് കൂടിയതാണ്. ഒന്ന് മറ്റൊന്നിന്റെ കാരണമാണ്. ഈ മൂന്ന് ഭൂതങ്ങളുടേയും സാരമെന്നോ രസമെന്നോ സവിതാവിനെ പറയാം. ആദി ദൈവികമായ കാര്യത്തിന്റെ പുറമെ കാണുന്ന രൂപമാണ് തപിക്കുന്ന സവിതാവ്.
 അഥാമൂര്‍ത്തം, വായുശ്ചാന്തരിക്ഷം ച, 
ഏതദമൃതം
വായുവും അന്തരിക്ഷവുമാണ്  അമൂര്‍ത്തമെന്ന്  പറയുന്നത്. ഇത് അമൃതമാണ്. യത്താണ്, ത്യത്താണ്. ഇങ്ങനെ അമൂര്‍ത്തവും അമൃതവും യത്തും ത്യത്തുമായതിന്റെ രസമാണ് സവിതൃമണ്ഡലസ്ഥനായ പുരുഷന്‍. ഈ പുരുഷന്‍ ത്യത്തിന്റെ രസമാണ്. എന്നിങ്ങനെ അധിദൈവികം.
 ആധിദൈവികമായ കാര്യത്തിന്റെ ആഭ്യന്തരമായ രൂപത്തെയാണ് ഇവിടെ പറഞ്ഞത്. മൂര്‍ത്തത്തിലെ പോലെ പരസ്പരം ആശ്രയിക്കുന്ന 4 വിശേഷണങ്ങള്‍ ഇതിലും ഉണ്ട്. മൂര്‍ത്തത്തിന് നേരെ എതിരാണ് അമൂര്‍ത്തം. വായുവിനും ആകാശത്തിനും രൂപമില്ലാത്തതിനാല്‍ മരണമില്ല.
 അതിനാല്‍ അപരിച്ഛിന്നവും വ്യാപനശേഷിയുള്ളതും (യത്) അതിനാല്‍ തന്നെ പരോക്ഷ (ത്യത്) വുമാണ്.
അമൂര്‍ത്തം, അമൃതം, യത്, തത് എന്നീ 4 വിശേഷണങ്ങളുള്ള 2 ഭൂതങ്ങളുടെ സാരഭൂതനാണ് സൂര്യമണ്ഡലത്തിലെ പുരുഷന്‍ അഥവാ ഹിരണ്യഗര്‍ഭന്‍. ഹിരണ്യഗര്‍ഭന്റെ സൂക്ഷ്മ ശരീരം ഈ രണ്ട് ഭൂതങ്ങളുടെ സാരമാണ്. ഇതാണ് അധിദൈവത്തിന്റെ ആഭ്യന്തര വിവരണം.

No comments:

Post a Comment