Wednesday, August 22, 2018

ചിന്താധാര
Thursday 23 August 2018 3:00 am IST
കല്‍പശാസ്ത്രം വേദാംഗങ്ങളില്‍ അഞ്ചാമത്തേതും അതിപ്രധാനപ്പെട്ടതുമാണ്. വൈദികയാഗകര്‍മങ്ങ ളുടെ അടിസ്ഥാന തത്ത്വ- നിയമങ്ങള്‍ വിവരിക്കുന്ന സുല്‍ബസൂത്രങ്ങളും ശ്രൗതസൂത്രങ്ങളും, ഭാരതത്തില്‍ നടന്നിട്ടുള്ള എല്ലാ യാഗക്രിയകളുടേയും വിവരങ്ങളുമടങ്ങുന്നതാണീ ഗ്രന്ഥങ്ങള്‍. ബ്രാഹ്മണഗ്രന്ഥങ്ങളേക്കാള്‍ സംശുദ്ധ സംസ്‌കൃത ഭാഷയിലാണ് ഈ ഗ്രന്ഥസമാഹാരങ്ങളുടെ രചന.
 ഓരോ ഗൃഹസ്ഥനും (അച്ഛന്‍- അമ്മ- മക്കള്‍) അനുഷ്ഠിക്കേണ്ടതായ എല്ലാ ആചാരങ്ങളുടെയും സമ്പൂര്‍ണ വിവരണം നല്‍കിയിരിക്കുന്നത് ഗൃഹ്യസൂത്രം എന്ന ഭാഗത്തിലാണ്. സ്വതന്ത്ര സ്വഭാവമുള്ള ഗൃഹ്യസൂത്രഗ്രന്ഥങ്ങളും ഏതാണ്ട് ഇരുപതില്‍പ്പരം വരുന്നുണ്ട്. ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളെ ഋഷിവര്യന്മാര്‍ പ്രത്യേകമായും എഴുതിയിട്ടുണ്ടെന്നര്‍ത്ഥം.
 ഈ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമായ ഗ്രന്ഥങ്ങളാണ് ധര്‍മശാസ്ത്രഗ്രന്ഥങ്ങള്‍, വ്യക്തിയുടെയും, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അടിസ്ഥാന നിയമങ്ങള്‍ വിവരിക്കുന്ന സ്മൃതിഗ്രന്ഥങ്ങളാണ് ഈ ധര്‍മശാസ്ത്രഗ്രന്ഥങ്ങള്‍. ഈ രാഷ്ട്രം എങ്ങനെയുണ്ടായിരുന്നു എന്നും ഏപ്രകാരമുള്ള ധാര്‍മിക പന്ഥാവിലൂടെയാണ് ചരിച്ചിരുന്നത് എന്നും വ്യക്തമാക്കുന്ന ധര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ കല്‍പശാസ്ത്രത്തിന്റെ അതിപ്രധാന ഭാഗമാണ്. വൈദിക ചിന്താധാരയുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ജീവിച്ചിരുന്നതെന്നുള്ളതിന് തെളിവുതന്നെ ഈ ധര്‍മശാസ്ത്രഗ്രന്ഥങ്ങളിലെ വിവരണങ്ങളാണ്. പിതൃമേധസൂത്രങ്ങള്‍ എന്നൊരുഭാഗം കല്‍പശാസ്ത്രത്തിലുണ്ട്. കുടുംബാംഗങ്ങള്‍ മരിക്കുമ്പോഴും അതിനുശേഷവും നടത്തേണ്ടതായ എല്ലാ ആചാരങ്ങളും അന്ത്യകര്‍മങ്ങളും കല്‍പശാസ്ത്രത്തിന്റെ ഈ ഭാഗത്തില്‍ സവിസ്തരം നല്‍കിയിരിക്കുന്നു. ഭാരതത്തില്‍ മാതൃ-പിതൃ കര്‍മങ്ങളുമായി ബന്ധപ്പെട്ട സമസ്ത അന്ത്യാചാരങ്ങളുടെയും അടിസ്ഥാനം ഈ ഗ്രന്ഥങ്ങളാണ്.
 കേരളത്തില്‍ ഇന്ന് നിലനിന്നുവരുന്ന ക്ഷേത്രനിര്‍മാണ ശൈലിയാകട്ടെ കല്‍പശാസ്ത്രത്തിലെ സുല്‍ബ-ശ്രൗതസൂത്ര ഭാഗങ്ങളിലെ യജ്ഞശാലാനിര്‍മാണ രീതികളുടെ വികസിത രൂപവുമാണ്. അതിപ്രാചീനവും ബൃഹത്തുമായ കല്‍പശാസ്ത്രഗ്രന്ഥം ബൗധായന കല്‍പശാസ്ത്രമാണ്. ഏതാണ്ട് 100 ബിസിയില്‍ രചിച്ചിരിക്കാന്‍ സാധ്യതയുള്ളതാണിത്. പിന്നീട് രചിക്കപ്പെട്ടിട്ടുള്ള കല്‍പസൂത്രങ്ങളാണ് കാത്യായനം, ആപസ്തംബം, മാനവം തുടങ്ങിയവ. ഇവയിലെല്ലാം ഗൃഹ്യസൂത്രം, ധര്‍മസൂത്രം, ശ്രൗതസൂത്രം, പിതൃമേധസൂത്രം, സുല്‍ബസൂത്രം എന്നീ ഭാഗങ്ങള്‍ ഉണ്ട്.
 ആറാമത്തെ വേദംഗമാണ് ജ്യോതിഷം. ഇതില്‍ ഗണിതം- ജ്യോതിശ്ശാസ്ത്രം- ജാതകം- നിമിത്തം-പ്രശ്‌നം എന്നീ ഭാഗങ്ങളാണുള്ളത്. ആയിരക്കണക്കിന് ഭാരതീയ ജ്യോതിശ്ശാസ്ത്ര- ഗണിത ശാസ്ത്രഗ്രന്ഥങ്ങള്‍ വേദാംഗത്തിന്റെ ഭാഗമാണ്. അത്യാധുനിക ശാസ്ത്രവിഷയങ്ങളാണിവ രണ്ടും. ഇതോടൊപ്പം പ്രവചന ഭാഗങ്ങളായ ജാതകം, പ്രശ്‌നം, മുഹൂര്‍ത്തം എന്നിവയും ചേര്‍ന്നു. 
 ആധുനിക ശാസ്ത്രവിഷയങ്ങളെ ഭാരതത്തില്‍ വേദത്തിന്റെ ഉപസ്ഥാനം നല്‍കി ആദരിച്ചു. അര്‍ത്ഥശാസ്ത്രം എന്ന ഇക്കണോമിക്‌സ്, ഋഗ്വേദത്തിന്റെ ഉപവേദമാണ്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം പോലെ ഭാരതത്തില്‍ ഭരണയന്ത്രം സഹസ്രാബ്ദങ്ങളായി എങ്ങനെ ധര്‍മനീതിയുടെ അടിസ്ഥാനത്തില്‍ തിരിഞ്ഞിരുന്നു എന്നറിയുന്നതിന് കൗടില്യന്റെ അര്‍ത്ഥശാസ്ത്രം മാത്രം വായിച്ചാലും മതിയാകും.
 രണ്ടാം ഉപവേദം യജുര്‍വേദത്തിന്റേതാണ്. ധനുര്‍വേദം, യുദ്ധനീതിസാരത്തെയും സൈന്യവിന്യാസത്തെയും ആയുധങ്ങളെയും അവയുടെ പ്രയോഗങ്ങളെയും കുറിച്ച് വിവരിക്കുന്നു. ഏറ്റവും പ്രാചീനമായ ധനുര്‍വേദഗ്രന്ഥം ദ്രോണാചാര്യ വിരചിതമെന്നു പറയപ്പെടുന്നു. മഹാഭാരതയുദ്ധത്തില്‍ ധനുര്‍വേദത്തിലെ സമഗ്രവിഷയങ്ങളും വിവരിച്ചിട്ടുണ്ട്.
 ഗാന്ധര്‍വമെന്ന സാമവേദത്തിന്റെ ഉപവേദത്തില്‍ സംഗീതം-സംഗീത ഉപകരണം-നൃത്തം എന്നീ കലകളെ വേദത്തോട് ചേര്‍ത്ത് നാം വളര്‍ത്തി വികസിപ്പിച്ചു. സപ്തസ്വരങ്ങള്‍ വിവരിക്കുന്ന സാമഗാനവരികള്‍ വളരെ ആസ്വാദ്യകരമാണ്. അഥര്‍വവേദത്തിന്റെ ഉപവേദസ്ഥാനമുള്ള ഗ്രന്ഥങ്ങള്‍ ആയുര്‍വേദമാണ്. ചരക- സുശ്രുത സംഹിതകളും, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നിവയും, ആയുര്‍വേദമെന്ന ഉപവേദത്തിന്റെ ഭാഗമാണ്.
 ഗൃഹം, ക്ഷേത്രം, കൊട്ടാരം, ഗോപുരം എന്നിവയുടെ നിര്‍മാണം തച്ചുശാസ്ത്രമെന്ന സ്ഥാപത്യ ഉപവേദത്തിലൂടെ നാം നടത്തുന്നു. ഋഗ്വേദത്തിന്റെ ഉപവേദസ്ഥാനമാണ് ഇതിനുള്ളത്. വാസ്തുവിദ്യ എന്നറിയപ്പെടുന്നതും സ്ഥാപത്യവേദം തന്നെ. (തച്ചുശാസ്ത്രം അഥര്‍വവേദത്തിന്റെ ഉപവേദമാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്.)
 പ്രപഞ്ചത്തെക്കുറിച്ചും ദ്രവ്യത്തെക്കുറിച്ചും പഞ്ചഭൂത-പഞ്ചപ്രാണ-പഞ്ചജ്ഞാനേന്ദ്രിയ-പഞ്ചകര്‍മേന്ദ്രിയങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്ത വിവരണങ്ങളും വീക്ഷണങ്ങളും അടങ്ങുന്ന ഷഡ്ദര്‍ശനങ്ങളാണ്. പതഞ്ജലിയുടെ യോഗം, ഗൗതമന്റെ ന്യായം, കണാദന്റെ വൈശേഷികം, കപിലന്റെ സാംഖ്യം, വ്യാസന്റെ മീമാംസ, ജൈമിനിയുടെ ഉത്തരമീമാംസ.
 ധര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ കല്‍പശാസ്ത്രത്തിന്റെ ഭാഗങ്ങളാണ്. എന്നാല്‍ അതേ വിഷയങ്ങള്‍ വിവരിക്കുന്ന കല്‍പശാസ്ത്ര ഭാഗമല്ലാത്ത ഗ്രന്ഥങ്ങളെ സ്മൃതികള്‍ എന്നുപറയുന്നു. വലുതും ചെറുതുമായ അനവധി സ്മൃതിഗ്രന്ഥങ്ങളുണ്ട്. ഇവയിലെല്ലാം നമ്മുടെ സാമൂഹ്യജീവിത നിയമ-ധര്‍മങ്ങള്‍ വിവരിക്കുന്നു.
(സനാതന ധര്‍മത്തിന്റെ അടിസ്ഥാനശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ഡോ.എന്‍.ഗോപാലകൃഷ്ണന്‍

No comments:

Post a Comment