Tuesday, August 21, 2018

യാജ്ഞവല്‍ക്യ മൈത്രേയി സംവാദം തുടരുന്നു

സ്വാമി അഭയാനന്ദ
Wednesday 22 August 2018 3:37 am IST
പ്രത്യേകമായതൊക്കെ സാമാന്യമായതില്‍ അടങ്ങിയിരിക്കുന്നുവെന്ന് വിവിധ ഉദാഹരണങ്ങളിലൂടെ പറയുന്നു.
 സ യഥാ ദുന്ദുഭേര്‍ഹന്യമാനസ്യ
പെരുമ്പറ അടിക്കുമ്പോള്‍ ആ പെരുമ്പറയുടെ ശബ്ദത്തെ വിശേഷമായി ഗ്രഹിക്കുവാന്‍ സാധിക്കില്ല. പെരുമ്പറയുടേയോ പെരുമ്പറ അടിക്കുന്നതിന്റെയോ ശബ്ദത്തെ സാമാന്യമായി ഗ്രഹിക്കുന്നതിനാല്‍ വിശേഷ ശബ്ദവും ഗ്രഹിക്കപ്പെടുന്നു.
സാമാന്യത്തില്‍ നിന്നും വിശേഷത്തെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല എന്നറിയണം.
സ യഥാ ശംഖസ്യ ധ്മായമാനസ്യ ന ബാഹ്യാന്‍ ശബ്ദാന്‍
എങ്ങനെയെന്നാല്‍ ശംഖ് ഊതുമ്പോള്‍ ആ പ്രത്യേക ശംഖത്തിന്റെ ശബ്ദവിശേഷത്തെ ഗ്രഹിക്കുവാന്‍ കഴിയില്ല. ശംഖുകളുടെയോ ശംഖ് ഊതുന്നതിന്റെയോ ശബ്ദസാമാന്യത്തെ അറിയുമ്പോള്‍ പ്രത്യേക ശംഖിന്റെ ശബ്ദവും അറിയണം.
സ യഥാ വീണായൈ വാദ്യ മാനായൈ ന ബാഹ്യാന്‍ ശബ്ദാന്‍
വീണ വായിക്കുമ്പോള്‍ ആ പ്രത്യേക വീണയുടെ ശബ്ദ വിശേഷത്തെ അറിയാന്‍ സാധിക്കില്ല. വീണകളുടേയോ വീണാ വാദനത്തിന്റെയോ ശബ്ദ സാമാന്യത്തെ അറിയുന്നതു കൊണ്ട് ഈ പ്രത്യേക വീണയുടേയും ശബ്ദത്തെ അറിയണം.
പെരുമ്പറ, ശംഖ്, വീണ ഇവയില്‍ ഓരോന്നിന്റെയും ശബ്ദവിശേഷത്തിന് ശബ്ദസാമാന്യത്തില്‍ നിന്ന് വേറെയായി നിലനില്‍പ്പില്ല.
 ശബ്ദങ്ങളുടെ സാമാന്യ വിശേഷങ്ങള്‍ ശബ്ദം എന്ന സാമാന്യത്തില്‍ ഉള്‍പ്പെടുന്നു. അതുപോലെ ജാഗ്രത്, സ്വപ്‌നം എന്നിവയില്‍ അനുഭവപ്പെടുന്ന വൈവിധ്യം ഈ ലോകം മുഴുവന്‍ നിറഞ്ഞ ആത്മസ്വരൂപമാകുന്ന മഹാസാമാന്യത്തില്‍ ഉള്‍പ്പെടുന്നു. ഇപ്രകാരം സ്ഥിതികാലത്ത് ബ്രഹ്മം മാത്രമാണ് ഉള്ളത് എന്നറിയണം.
സ യഥാര്‍ദ്രൈധാഗ്‌നേരഭ്യാഹിതാത് 
പൃഥഗ് ധൂമാ വിനിശ്ചരന്തി
നനഞ്ഞ വിറകുകള്‍ കൊണ്ട് കത്തിക്കുന്ന അഗ്‌നിയില്‍ നിന്ന് പലതരത്തിലുള്ള പുക, തീപ്പൊരി മുതലായവ ഉണ്ടാകുന്നതു പോലെ ഇതെല്ലാം ഈ മഹത്തായ ബ്രഹ്മത്തിന്റെ നിശ്വസിതമാണ്.
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം, ഇതിഹാസം, പുരാണം, വിദ്യകള്‍, ഉപനിഷത്തുകള്‍, മന്ത്രങ്ങള്‍, സൂത്രങ്ങള്‍, മന്ത്രവിവരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ എന്നിവയെല്ലാം തന്നെ ബ്രഹ്മത്തിന്റെ നിശ്വസിതമാണ്.
സ്ഥിതികാലത്ത് മാത്രമല്ല ഉല്‍പ്പത്തിക്കു മുമ്പും എല്ലാം ബ്രഹ്മമാണ്. പുക, കനല്‍, ജ്വാല, തീപ്പൊരി എന്നിവയെല്ലാം അഗ്‌നിയില്‍ നിന്ന് വേര്‍പിരിയുംമുമ്പ് അഗ്‌നി തന്നെയായിരുന്നു. അതു പോലെ നാമരൂപങ്ങളെ കൊണ്ട് പ്രകടമായ ഈ ജഗത്ത് മുഴുവന്‍ ഉല്‍പ്പത്തിക്ക് മുമ്പ് പ്രജ്ഞാനഘനമായ ബ്രഹ്മം തന്നെയായിരുവെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു.
 ആളുകളുടെ നിശ്വാസം പോലെ പ്രയത്‌നം കൂടാതെ സ്വാഭാവികമായി വെളിപ്പെട്ടവയാണ് വേദങ്ങളും വേദാംഗങ്ങളും.
സ യഥാ സര്‍വാസാമപാം സമുദ്ര 
ഏകായനം
 എപ്രകാരമാണോ എല്ലാ ജലങ്ങള്‍ക്കും സമുദ്രം ഏകലയന സ്ഥാനമാകുന്നത് അപ്രകാരം സ്പര്‍ശങ്ങള്‍ക്ക് ത്വക്കും ഗന്ധങ്ങള്‍ക്ക് നാസികയും രസങ്ങള്‍ക്ക് നാവും രൂപങ്ങള്‍ക്ക് കണ്ണും ശബ്ദങ്ങള്‍ക്ക് കാതും സങ്കല്‍പങ്ങള്‍ക്ക് മനസ്സും വിദ്യകള്‍ക്ക് ബുദ്ധിയും കര്‍മങ്ങള്‍ക്ക് കൈകളും ആനന്ദങ്ങള്‍ക്ക് ജനനേന്ദ്രിയവും വിസര്‍ജ്ജനങ്ങള്‍ക്ക് പായുവും ഗമനങ്ങള്‍ക്ക് കാലുകളും വേദങ്ങള്‍ക്ക് വാക്കും ഏകലയ സ്ഥാനമാണ്.
പ്രളയത്തിനു ശേഷവും എല്ലാം ബ്രഹ്മം തന്നെയെന്ന് പറയുന്നു. എല്ലാ ജലവും സമുദ്രത്തില്‍ ലയിച്ച് ഒന്നാകുന്നതു പോലെ സ്പര്‍ശം, ഗന്ധം, രസം, രൂപം, ശബ്ദം എന്നീ വിഷയങ്ങള്‍ അവയുടെ സാമാന്യ രൂപങ്ങളായ ത്വക്, നാസിക, ജിഹ്വ, കണ്ണ്, കാത് എന്നിവയില്‍ ലയിക്കും. അവ മനസ്സിലും മനസ്സ് ബുദ്ധിയിലും ബുദ്ധി പ്രജ്ഞാന ഘനമായ ആത്മാവിലും ലയിക്കും. അതുപോലെ കര്‍മേന്ദ്രിയ വിഷയങ്ങള്‍ കര്‍മേന്ദ്രിയങ്ങള്‍ വഴി പ്രാണനില്‍ ലയിച്ച് ആത്മാവാകുന്നു.
ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമാണ് ഈ ലോകം. അവയെല്ലാം ഈ ജഗത്ത് പ്രജ്ഞാന ഘനമായ ബ്രഹ്മത്തില്‍ ലയിച്ച് ഒന്നാകുന്നു. ബ്രഹ്മം മാത്രമാണ് പിന്നെ ഉണ്ടാകുക.

No comments:

Post a Comment