Sunday, September 02, 2018

(18-അധ്യായം 67-ാം ശ്ലോകം)
ഇതാ, ഇങ്ങനെ ഞാന്‍ നിനക്ക് ജ്ഞാനം വിസ്തരിച്ച് ഉപദേശിച്ചു- ''ഇതിതേജ്ഞാനം ആഖ്യാതം.'' നിന്നോടുള്ള കാരുണ്യം മൂലം നിനക്ക് ഹിതമായതും ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഉപദേശിച്ചത്. ഈ ജ്ഞാനം മുമുക്ഷുക്കള്‍ക്ക്- മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാനുള്ളതാണ്. അതിനാല്‍
ഗുഹ്യാത് ഗുഹ്യതരം
മുമുക്ഷു- മോക്ഷം നേടണമെന്ന് ആഗ്രഹം ഇല്ലാത്തവര്‍ക്ക് ഉപദേശിക്കരുത്. കര്‍മ-ജ്ഞാനരാക്കിയുള്ള യോഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. അതിനാല്‍ ഈ ജ്ഞാനം നേടി, അനുഷ്ഠിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍ക്ക് ഉപദേശിക്കരുത്. അതാണ് ഗുഹ്യാത് ഗുഹ്യതരം എന്ന് വിശേഷിപ്പിച്ചത് എന്ന് മനസ്സിലാക്കണം.
ഏതദശേഷേണ വിമൃശ്യ
''ന ത്വേവാഹം, ജാതുനാസം'' (2-ാം അധ്യായം-12-ാം
 ശ്ലോകം) എന്ന് തുടങ്ങി ''ജ്ഞാനം പ്രാപ്‌സ്യസി ശാശ്വതം'' (18 ല്‍ 62-ാം ശ്ലോകം) വരെയുള്ള ജ്ഞാനം, പരിശുദ്ധമായ ഹൃദയമുള്ള നിനക്ക് ഉപദേശിച്ചുതന്നു.
''ശിഷ്യസ്‌നേഹം ശാധി മാം പ്രപന്നം''
(21-ാം അധ്യായം 6-ാം ശ്ലോകം)
(ഞാന്‍ അങ്ങയുടെ ശിഷ്യനാണ്, അങ്ങയെ ശരണം പ്രാപിച്ച എന്നെ ശാസിച്ചാലും, പഠിപ്പിച്ചാലും) എന്നിങ്ങനെ എന്നെ ശരണം പ്രാപിച്ചതിനുശേഷമാണ് ഞാന്‍ ഉപദേശിക്കാന്‍ തുടങ്ങിയത്.
ഞാന്‍ ഉപദേശിച്ച എല്ലാ വിഷയങ്ങളും നീ നിന്റെ ബുദ്ധികൊണ്ട് പര്യാലോചിക്കണം; ആലോചിക്കാതെ ഒന്നും തീരുമാനിക്കരുത്. ആലോചനയ്ക്ക് വിധേയമാക്കേണ്ട വിഷയങ്ങള്‍ ഞാന്‍ എടുത്തു പറയാം.
(1) മോക്ഷത്തിന്റെ സാധനമായ ജ്ഞാനം നേടാന്‍ വേണ്ടി ഹൃദയം ശുദ്ധമാവാന്‍ വേണ്ടി ഫലം ആഗ്രഹിക്കാതെ, എനിക്ക്- ഈ ഭഗവാന് ആരാധനയായി വര്‍ണാശ്രമധര്‍മം അനുഷ്ഠിക്കുക.
(2) അന്തഃകരണം ശുദ്ധമായാല്‍, ജ്ഞാനം നേടാനുള്ള ആഗ്രഹമുണ്ടായാല്‍, ഗുരുവിനെ സമീപിച്ച് ശരണം പ്രാപിച്ച് സര്‍വകര്‍മ സന്ന്യാസം അനുഷ്ഠിക്കുക.
(3) ഭഗവാനായ എന്നെ ശരണം പ്രാപിച്ച്, പരമതത്ത്വത്തെക്കുറിച്ചുള്ള ശ്രവണം, മനനം, നിദിധ്യാസം എന്നിവ ശീലിച്ച് ആത്മസാക്ഷാത്കാരം വഴി മോക്ഷം പ്രാപിക്കാം.
(4) ഹൃദയത്തിലെ കാമാദി മാലിന്യങ്ങള്‍ നശിച്ചില്ലെങ്കില്‍, എന്നെ ശരണം പ്രാപിച്ച്, എല്ലാ ലൗകിക വൈദിക കര്‍മങ്ങളും എന്റെ സന്തോഷത്തിനുവേണ്ടി എന്റെ ആജ്ഞ പ്രകാരം, എനിക്ക് ആരാധനയായി അനുഷ്ഠിക്കുക.
ഇവയെല്ലാം ആലോചിച്ച് കര്‍മ-ജ്ഞാനം ഭക്തിയോഗങ്ങളില്‍ ഏതാണോ നിനിക്ക് ഹീനമായും അനു
ഷ്ഠാനയോഗ്യമായും തോന്നുന്നത്, ആ മാര്‍ഗം സ്വീകരിച്ച്, അനുഷ്ഠാനത്തില്‍ കൊണ്ടുവരൂ!
''യഥേച്ഛസി, തഥാകുരു!'' എന്ന ഈ വരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൗതിക പ്രപഞ്ചത്തില്‍ ജനിച്ചും മരിച്ചും കഴിയുന്ന ജീവാത്മാക്കള്‍ മായാബദ്ധരാണ്; സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ അല്‍പമായ സ്വാതന്ത്ര്യം ഭഗവാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ ഭഗവാന്‍ ഇടപെടുകയില്ല. ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് യുദ്ധം ചെയ്യാന്‍ അര്‍ജുനനോടും ഭഗവാന്‍ നിര്‍ദേശിക്കുന്നത് ഭഗവാന്റെ മേന്മയ്ക്കുവേണ്ടിയല്ല, അര്‍ജ്ജുനന്റെ നന്മയ്ക്കുവേണ്ടിയാണ്.
അതുപോലെ മായാബദ്ധരായ നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് വൈകുണ്ഠ ലോകത്തില്‍ എത്തിച്ചേര്‍ന്ന്, ഭഗവദീയാനന്ദം ആസ്വദിക്കുക എന്ന അവസ്ഥയില്‍ എത്താന്‍ വേണ്ടിയാണ്, ഗീതാ ഭാഗവതാദികളിലൂടെ സര്‍വാത്മസമര്‍പ്പണം ചെയ്ത് ജീവിക്കാന്‍  നമ്മോടും നിര്‍ദേശിക്കുന്ന്. ആ നി
ര്‍ദേശം വേണമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ തള്ളിക്കളയാം. യഥേച്ഛസി, തഥാ കുരു.

No comments:

Post a Comment