Sunday, September 02, 2018

അകത്തും പുറത്തും നടന്നതെല്ലാം മനസ്സില്‍ കണ്ടറിഞ്ഞ അഗസ്ത്യരും കൂട്ടരും ഹിമവാനോടു തല്‍ക്കാലം യാത്ര പറഞ്ഞ് നേരെ എത്തിയത് കൈലാസനാഥന്റെ സന്നിധിയില്‍. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാവുന്ന സാക്ഷാല്‍ ലോകഗുരുവിനെ എല്ലാ കാര്യങ്ങളും വിശദീകരിച്ച് ധരിപ്പിക്കാനാണ് വരവ്. എല്ലാമറിയുന്നവനെ കണ്ട് അറിയിക്കേണ്ടത് ഒരു നിയോഗകര്‍മം മാത്രമെന്ന് സപ്തര്‍ഷിമാര്‍ ആശ്വസിച്ചു.
ഹിമവല്‍ സന്നിധിയില്‍ ദൂതുമായിപ്പോയ സപ്തര്‍ഷികളുടെ വരവിനെ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ശ്രീപരമേശ്വരനെയാണ് അവര്‍ കൈലാസത്തില്‍ കണ്ടത്. വിവരമറിയാനുള്ള തിടുക്കമായിരുന്നു ലോകഗുരുവിന്റെ മുഖത്ത്.
ഹിമവാന്റെയും മേനാദേവിയുടെയും മറുപടി എന്തായിരുന്നു? അവര്‍ എന്തെങ്കിലും വിരോധം പ്രകടിപ്പിച്ചോ? അവരുടെ മുഖഭാവം എങ്ങനെയായിരുന്നു? നിങ്ങള്‍ പാര്‍വതീ ദേവിയെ കണ്ടുവോ?
തുടങ്ങി അനേകം ചോദ്യങ്ങള്‍ ശ്രീപരമേശ്വരന്‍ ചോദിച്ച വേഗം ആ ആകാംക്ഷ മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു.
എല്ലാമറിയുന്ന ശ്രീമഹാദേവന്‍ ഇങ്ങനെയെല്ലാം ചോദിച്ചപ്പോള്‍ സപ്തര്‍ഷിമാര്‍ യഥോചിതം മറുപടി നല്‍കി. ഭഗവാന്റെ തുടരെയുള്ള ചോദ്യങ്ങളുടെ പിന്നിലെ ചേതോവികാരങ്ങളറിയാതെ ജ്ഞാനികളായ മഹര്‍ഷിമാരും കുഴങ്ങി. ദൈവജ്ഞന്മാരെങ്കിലും സര്‍വജ്ഞന്റെ മനസ്സു വായിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
സര്‍വവും ഭഗവാന്റെ മായാവിലാസങ്ങള്‍ എന്നു മാത്രം തിരിച്ചറിഞ്ഞ് അവര്‍ ആശ്വസിച്ചു.
പാര്‍വതിയുടെ മാതാപിതാക്കളുടെ അനുവാദം ലഭിച്ചു എന്നു മഹര്‍ഷിമാര്‍ പറഞ്ഞുകേട്ടപ്പോള്‍ ശ്രീപരമേശ്വരന് തിടുക്കം കൂടിയതുപോലെ. ഇനിയും സപ്തര്‍ഷിമാര്‍ ഹിമവല്‍സന്നിധിയില്‍ പോകണമെന്നും വിവാഹ കാര്യങ്ങളില്‍ വേണ്ടതെല്ലാം സപ്തര്‍ഷിമാര്‍ തന്നെ നോക്കി നടത്തണമെന്നും ശ്രീപരമേശ്വരന്‍ അവരോടു നിര്‍ദേശിച്ചു. എല്ലാ കാര്യങ്ങളുടെയും ചുമതലക്കാരായി സപ്തര്‍ഷിമാര്‍ ഭഗവാനാ
ല്‍ നിയോഗിക്കപ്പെട്ടു.
ഹിമവല്‍ സന്നിധിയില്‍ ചെന്നപ്പോള്‍ ഹിമവാനും എല്ലാ കാര്യങ്ങളുടേയും ചുമതല സപ്
തര്‍ഷിമാരെ തന്നെ ഏല്‍പ്പിച്ചു. അല്ലെങ്കിലും ഭഗവാന്‍ നിയോഗിച്ചതിനു മേല്‍ ഒരു നിയോഗം നടത്താന്‍ ആര്‍ക്കാണ് സാധ്യമാവുക!
എല്ലാവരുടേയും സമ്മതപ്രകാരം ഒരു മുഹൂര്‍ത്തം വിവാഹത്തിനായി നിശ്ചയിച്ചു.
മാംഗല്യദാതാവിന്റെ വിവാഹത്തിനാണ് ഇപ്പോള്‍ മുഹൂര്‍ത്തം കുറിക്കുന്നതെന്ന ഉത്തമബോധ്യം സപ്തര്‍ഷിമാര്‍ക്കുണ്ടായതിനാല്‍ ഒട്ടും പിഴയുണ്ടാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വിവാഹമണ്ഡപം ഏര്‍പ്പാടു ചെയ്യുന്ന കാര്യത്തില്‍ മുന്‍തൂക്കം നല്‍കിയേ കഴിയൂ. അതിന് ആരെയാണ് ഏല്‍പ്പിക്കേണ്ടതെന്ന് ഹിമവാന്‍ മഹര്‍ഷിമാരോടു ചോദിച്ചു.
മണ്ഡപമൊരുക്കാന്‍ ഏറ്റവും സമര്‍ഥന്‍ ദേവശില്‍പി തന്നെയാണ്. അത് ഏല്‍പ്പിക്കുന്ന ചുമതല സപ്തര്‍ഷിമാര്‍ തന്നെ ഏറ്റെടുത്തു. ഭഗവദ് കാര്യങ്ങള്‍ ചെയ്യുന്നതിനായി ലഭിക്കുന്ന ഒരവസരവും വിട്ടുകളയാന്‍ അവര്‍ തയാറല്ല. എന്നാല്‍ മണ്ഡപം തയാറാക്കിക്കഴിയുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പാക്കുന്നതില്‍ ഹിമവാന്‍ നേരിട്ടുതന്നെ പരിശോധിക്കണമെന്ന് സപ്തര്‍ഷിമാര്‍ നിബന്ധന വച്ചു. ഏതെങ്കിലും തയാറെടുപ്പുകളില്‍ ഞങ്ങളുടെ ശ്രദ്ധ വിട്ടുപോയാലും അതെല്ലാം നോക്കിത്തിരുത്തുന്ന ചുമതല ഹിമവാനില്‍ തന്നെ നിക്ഷിപ്തമായിരിക്കും.
ഇത് സപ്തര്‍ഷിമാര്‍ വിനയംകൊണ്ടു മാത്രം പറഞ്ഞതാണെന്നാണ് ഹിമവാന്‍ ധരിച്ചത്. എല്ലാ കാര്യങ്ങളിലും ഹിമവാന്റെ ശ്രദ്ധയും ഉത്തരവാദിത്വവും ഉണ്ടാകണമെന്നു തന്നെയാണ് മഹര്‍ഷിമാര്‍ ഉദ്ദേശിച്ചത്...janmabhumi

No comments:

Post a Comment