Sunday, September 16, 2018

ഉപനിഷത്തിലൂടെ -262
Monday 17 September 2018 2:47 am IST
ബൃഹദാരണ്യകോപനിഷത്ത്- 61
ഗാര്‍ഗിയുടെ രണ്ടാം ചോദ്യത്തിന് യാജ്ഞവല്‍ക്യന്റെ ഉത്തരത്തെ ഇനി പറയുന്നു.
സ ഹോ വാച ഏതദ് വൈ തദക്ഷരം ഗാര്‍ഗി ബ്രാഹ്മണാ അഭിവദന്തി...
ഗാര്‍ഗി ചോദിച്ച വസ്തു ഒരിക്കലും ക്ഷയിക്കാത്തതാണെന്ന് ബ്രഹ്മജ്ഞാനികള്‍ പറയുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. അത് വലുതോ ചെറുതോ അല്ലാത്തതും ഹ്രസ്വമോ ദീര്‍ഘമോ അല്ലാത്തതും ചുവപ്പല്ലാത്തതും എണ്ണമയമല്ലാത്തതും നിഴലല്ലാത്തതും ഇരുട്ടല്ലാത്തതും വായുവോ ആകാശമോ അല്ലാത്തതും സംഗമോ രസമോ ഗന്ധമോ ഇല്ലാത്തതും കണ്ണോ, കാതോ, വാഗിന്ദ്രിയമോ മനസ്സോ പ്രാണനോ മുഖമോ ഇല്ലാത്തതും അളവില്ലാത്തതും അകവും പുറവുമില്ലാത്തതുമാകുന്നു. അത് ഒന്നിനേയും കഴിക്കുന്നില്ല. ഒന്നും അതിനേയും കഴിക്കുന്നില്ല. അറിവുള്ളവരായ ബ്രഹ്മജ്ഞാനികള്‍ അതിനെ ക്ഷയിക്കാത്തത്, നശിക്കാത്തത് എന്ന അര്‍ഥത്തില്‍ അക്ഷരം എന്ന് വിളിക്കുന്നു. പറയാന്‍ പാടില്ലാത്തതിനെ പറയാതെ പറയുകയാണ് ഇവിടെ. അക്ഷരമായതിനെ സ്വരൂപ ലക്ഷണം കൊണ്ട് പറയാന്‍ സാധിക്കില്ല എന്നതിനാല്‍ നിഷേധാത്മകമായ വിശേഷണങ്ങളെ കൊണ്ട് പറഞ്ഞിരിക്കുകയാണ്.
ഏകവും അദ്വയവും വിശേഷങ്ങള്‍ക്കപ്പുറത്തുള്ളതുമായ  അതിനെ ഒരു തരത്തിലും വിശേഷിപ്പിക്കാനാവില്ല.
 ഏതസ്യ വാ അക്ഷരസ്യ 
പ്രശാസനേ...
ഈ അക്ഷരത്തിന്റെ നിയന്ത്രണത്താലാണ് സൂര്യനും ചന്ദ്രനും നിലയ്ക്കു നില്‍ക്കുന്നത്. ദ്യോവും  പൃഥ്വിയും നിലയ്ക്ക് നില്‍ക്കുന്നതും ഇതിനാലാണ്.
 അക്ഷരത്തിന്റെ പ്രശാസനയാലാണ് നിമിഷങ്ങളും മുഹൂര്‍ത്തങ്ങളും രാത്രിയും പകലും പക്ഷങ്ങളും മാസങ്ങളും ഋതുക്കളും സംവത്സരങ്ങളും നിയന്ത്രിച്ച് നിര്‍ത്തുന്നത്. അക്ഷരത്തിന്റെ നിയന്ത്രണത്താലാണ് പര്‍വ്വതങ്ങളില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദികളും പടിഞ്ഞാറോട്ടൊഴുകുന്നവയും വേണ്ട വിധം അതാത് ദിക്കിലേക്ക് ഒഴുകുന്നത്. ദാനം ചെയ്യുന്നവരെ പ്രശംസിക്കുന്നതും ദേവന്മാര്‍ യജമാനനെയും പിതൃക്കള്‍ ദര്‍വീഹോമത്തേയും അനുഗതരായിരിക്കുന്നതും അക്ഷരത്തിന്റെ നിയന്ത്രണത്താലാണ്.
 വിശേഷണങ്ങളെ നിഷേധിച്ച് അക്ഷരത്തിന്റെ അസ്തിത്വത്തെ നേരത്തെ പറഞ്ഞു. അസ്തിത്വമുള്ളതിന് വിശേഷണമുണ്ടാകാന്‍ ഇടയുണ്ടല്ലോ എന്ന് സംശയം ഉണ്ടാകാം. അതിനാല്‍ അക്ഷരത്തിന് അസ്തിത്വമുണ്ടെന്ന് അനുമാനിക്കുന്നു.
 രാജ്യത്ത് രാജാവ് ഉണ്ടെങ്കിലേ പ്രജകള്‍ തങ്ങളുടെ കടമകള്‍ വേണ്ട വിധം ചെയ്യുകയുള്ളൂ. സൂര്യ ചന്ദ്രന്‍മാര്‍ ഉള്‍പ്പടെ സകലതും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് അവയെ നിയന്ത്രിക്കുവാന്‍ ഒരുവന്‍ ഉള്ളതിനാലാണ്. കാര്യക്ഷമമായ പ്രവര്‍ത്തനം നടക്കുന്നിടത്തെല്ലാം കഴിവുറ്റ ഭരണാധികാരിയുടെ സാന്നിധ്യവും നേതൃത്വവും അറിയണം.
ദാനം മുതലായ കര്‍മങ്ങളെല്ലാം നശിച്ചു പോകുമെങ്കിലും കര്‍മഫലത്തെ കര്‍ത്താവിനോട് ചേര്‍ക്കാന്‍ ത്രികാലങ്ങളിലും സ്വാതന്ത്ര്യമുള്ള ഒരു ഈശ്വരന്‍ ഉണ്ടാകണം. ആ ഈശ്വരന്‍ തന്നെയാണ് അക്ഷരമായിരിക്കുന്നത്. ഇങ്ങനെ അനുമാനം കൊണ്ട് അക്ഷരത്തിന്റെ അസ്തിത്വത്തെ സ്ഥാപിക്കുന്നു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment