ഗീതാദര്‍ശനം
Monday 17 September 2018 2:48 am IST
ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരാള്‍ ഏതോ ഒരാളുടെ പേര് ഉച്ചരിക്കുന്നു, വിളിക്കുന്നു. അപ്പോള്‍ മറ്റൊരാള്‍, എന്നെയാണ് വിളിക്കുന്നത് എന്ന് വിചാരിച്ച് ആദ്യത്തെ ആളുടെ സമീപത്തേക്ക് ചെല്ലുന്നു. അതുപോലെയാണ് ഞാന്‍, അര്‍ഥം ഒന്നും അറിയാതെയും ഞാനാരാണെന്ന് അറിയാതെയും ഗീതാപാരായണം മാത്രം ചെയ്യുന്ന ഭക്തന്റെ സമീപത്തു ഞാനും എത്തിച്ചേരുന്നത്. അങ്ങനെയാണ്, പുത്രന്റെ നാമം-നാരായണ-അറിയാതെ നാക്കുകൊണ്ട് ഉച്ചരിച്ച അജാമിളനോടും ഞാന്‍ സന്തോഷിച്ചത്. ധ്രുവ കുമാരനോടും പ്രഹ്ലാദനോടും മറ്റനേകം ഭക്തന്മാരോടും സന്തോഷിച്ചതും ഇങ്ങനെ തന്നെയാണ്.
''ഇഷ്ടഃ സ്യാമിതി മേമനിഃ''എന്ന ഭാഗത്തിന് ശ്രീധരാചാര്യരുടെ വിവരണമാണിത്.
ഗീതാശാസ്ത്രം ശ്രവിക്കുന്നവന്റെ ഫലം പറയുന്നു (അധ്യായം-18, ശ്ലോകം-71)
യോനരഃ ശ്രദ്ധവാന്‍ അസൂയഃ ച ശൃണുയാത്
ഒരാള്‍ ഗീതാപാരായണം നടത്തുന്നു. അയാള്‍ ഉച്ചത്തില്‍ വായിക്കുന്നുണ്ട്. വിദ്വാനാണ്. മറ്റൊരാള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ക്കു ശ്രദ്ധയുമുണ്ട്. ഭഗവദ്ഗീതയാണ് വായിക്കുന്നത്, കേട്ടാല്‍ മഹാഫലമുണ്ട് എന്ന വിചാരവുമുണ്ട്. ഗീതയുടെ അര്‍ഥം ഒന്നും അറിയില്ല. വെറും നരന്‍-മനുഷ്യന്‍ മാത്രമാണ്. ഒന്നിച്ച് കേള്‍ക്കുന്നവരും വേറെയുണ്ട്. അവരില്‍ അറിവില്ലാത്തവരുണ്ട്, വൃദ്ധന്മാരുണ്ട്, സ്ത്രീകളുണ്ട്, ശൂദ്രന്മാരുണ്ട്, ശ്വാപചനുമുണ്ട്.
അനസൂയശ്ച-ഭഗവാനിലോ, ഗീതയിലോ വായിക്കുന്നവനിലോ ദോഷാരോപണം നടത്തുന്നവരല്ലാ ആരും. എന്തിനാണിങ്ങനെ അത്യുച്ചത്തില്‍ വായിക്കുന്നത്, തെറ്റായി വായിക്കുന്നു. ഇങ്ങനെ ഒരു ദോഷാഭിപ്രായവും പറയുന്നില്ല.
ഇങ്ങനെ ഗീതാശ്രവണം നിത്യവും ചെയ്യുന്നവന്‍ പോലും പാപങ്ങളില്‍ നിന്നു മുക്തനാവും. മാത്രമല്ല, അശ്വമേധ യാഗം മുതലായ പു
ണ്യകര്‍മങ്ങള്‍ ചെയ്താല്‍ ലഭിക്കുന്ന സ്വര്‍ഗം മുതലായ പുണ്യലോകങ്ങള്‍ കിട്ടുകയും ചെയ്യും. ഈ ശ്ലോകത്തിലെ ചില പദങ്ങള്‍ക്ക് വിശിഷ്ടാര്‍ഥങ്ങളുണ്ട്.
അസൂയ- ഭാരതത്തിലല്ലേ ഗീത. ഭാരതം രാമായണം, ഭാഗവതം മുതലായ ആത്മീയ ഗ്രന്ഥങ്ങള്‍ക്ക് വേദങ്ങളെക്കാള്‍ താണ നിലവാരമേയുള്ളൂ. അതുകൊണ്ട് ഗീതയ്ക്കു മഹത്വമില്ല എന്ന അഭിപ്രാ
യവും അസൂയയാണ്. അസൂയയില്ലാതെ തന്നെ പുണ്യഗ്രന്ഥങ്ങള്‍ ശ്രവിക്കണം.
നരഃ- ഗീതാശ്രവണം ഒരിക്കലും ചെയ്യാത്തവന്‍ നരനാണ്. രണ്ടു കയ്യും രണ്ടു കാലും ഉണ്ട് എന്നുമാത്രം. ഫലത്തില്‍-മൃഗമാണ്. എങ്കിലും ഇത്തരക്കാര്‍ പോലും ഗീതാശ്രവണം നടത്തിയാല്‍ പാപത്തില്‍ നിന്ന് മുക്തരാവും-സഃഅപി- എന്ന വാക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
പിന്നെ ഗീതാര്‍ഥം കുറച്ചെങ്കിലും അറിഞ്ഞു ഗീത ശ്രവിക്കുന്നവന്‍, പാപമുക്തനാകും, പുണ്യലോകങ്ങള്‍ നേടും എന്നു പറയേണ്ടതുണ്ടോ?
കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment