Saturday, September 01, 2018

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉


*ഭദ്രകാളിയുടെ വൈദീക രഹസ്യം.*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*വെള്ളിയാഴ്ച - ഭദ്രകാളിയെ ഉപാസിക്കേണ്ട ദിവസം.*



ദേവത എന്നാല്‍ ഈശ്വരന്റെ ദിവ്യഗുണങ്ങളെ വിളിക്കുന്ന പേരാണ്. ഈശ്വരന്‍ ഒന്നേയുള്ളുവെങ്കിലും അവന് ഒട്ടേറെ വിശേഷഗുണങ്ങളുണ്ട്. ആ വിശേഷഗുണങ്ങള്‍ നേടിയെടുക്കാനായിരുന്നു അതത് ദേവതകളെ നമ്മുടെ പൂര്‍വികര്‍ ഉപാസിച്ചിരുന്നത്. അങ്ങനെ കുലത്തിന്റെ ഒട്ടാകെയുള്ള ദൗര്‍ബല്യങ്ങളെ പരിഹരിക്കാന്‍ അവര്‍ കുലദേവതാ സങ്കല്പത്തിനു രൂപംകൊടുത്തു. അങ്ങനെയെങ്കില്‍ കേരളീയ സമൂഹത്തിന്റെ കുലദേവതയായി ഭദ്രകാളിയെ പ്രതിഷ്ഠിച്ച നമ്മുടെ പൂര്‍വികര്‍, ഈശ്വരന്റെ ഏതൊരു ഗുണവിശേഷത്തെയായിരിക്കും കാളീ ഉപാസനയിലൂടെ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നിരിക്കുക? മുണ്ഡകോപനിഷത്തില്‍ അഗ്നിയുടെ ഏഴുതരം ജിഹ്വകളെ അഥവാ നാക്കുകളെക്കുറിച്ച് പറയുന്ന ഒരു ശ്ലോകമുണ്ട്.

*കാളീ കരാളീ ച മനോജവാ ച സുലോഹിതാ യാ ച സുധൂമ്രവര്‍ണാ സ്ഫുലിങ്ഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്തജിഹ്വാ' കാളി, കരാളി, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഫുലിങ്ഗിനി, വിശ്വരുചി എന്നീ ഏഴു ജിഹ്വകള്‍ അഗ്നിയുടേതാണന്നാണ്*

ഈ പറഞ്ഞതിനര്‍ഥം. സപ്തമാതൃക്കള്‍ എന്നു പിന്നീട് പറയപ്പെട്ട ഏഴു ദേവതകള്‍ ഈ ജിഹ്വകള്‍തന്നെയാണ്. ഋഗ്വേദത്തിലെ 'സപ്തവാണീഃ' എന്ന പ്രയോഗത്തില്‍ ഈ ചിന്തയുടെ വേര് നമുക്ക് കാണാം (ഋഗ്വേദം. 3.1.6). ആ അഗ്നിജിഹ്വകളില്‍ ആദ്യത്തേതാണ് കാളി. അഗ്നിയില്‍ ആഹുതി വീഴുമ്പോള്‍ നീലജ്വാലകള്‍ കാണാം. ഇതുതന്നെ ഭദ്രകാളി. നീണ്ട നാക്ക് കാണാം കാളീചിത്രങ്ങളിലും പ്രതിമകളിലും. അഗ്നിയുടെ ജിഹ്വ അഥവാ നാക്കാണ് ഈ പ്രതീകം ഉണ്ടാകുന്നതിന് കാരണമായത്. യഥാര്‍ഥത്തില്‍ ഈശ്വരന്റെ വാക്ശക്തിയെയാണ് സപ്തവാണികളില്‍ ഒന്നായ ഭദ്രകാളീദേവത പ്രകടമാക്കുന്നത്. അഗ്നി വാഗ്‌രൂപം സ്വീകരിച്ച് വായില്‍ പ്രവേശിച്ചു എന്ന് ഐതരേയോപനിഷത്തില്‍ പറയുന്നുണ്ട്.

'അഗ്നിര്‍വാഗ്ഭൂത്വാ മുഖം പ്രാവിശത്' (ഐതരേയോപനിഷത്ത് 2.4) (ഐതരേയോപനിഷത്ത് 2.4) ഇക്കാര്യം സൂചിപ്പിക്കാനാണ് ഭദ്രകാളീരൂപത്തില്‍ നീണ്ട നാക്കിനെ നമ്മുടെ പൂര്‍വികര്‍ വരച്ചത്. നാക്കുനീട്ടിയിരിക്കുന്ന ഭദ്രകാളി വാഗ്‌ദേവി ആണെങ്കില്‍ ആ വാഗ്‌ദേവിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന തലയോട്ടിമാല എന്തായിരിക്കും? തലയോട്ടിക്ക് സംസ്‌കൃതത്തില്‍ കപാലമന്നാണ് പേര്. 'ക' എന്നാല്‍ പരാശക്തിയാണെന്നാണ് ഏകാക്ഷരകോശത്തില്‍ പറഞ്ഞിരിക്കുന്നത്. 'പാല' എന്നാല്‍ പാലകനായ പരമശിവനുമാണ്. അതായത് ശിവശക്തിയോഗമാണ് കപാലത്തിലുള്ളത്. പാര്‍വതീ-പരമേശ്വരന്മാര്‍ വാക്കിനെയും അര്‍ഥത്തെയുംപോലെ ഒന്നിച്ചിരിക്കുന്നു എന്നാണ് മഹാകവി കാളിദാസന്‍ എഴുതിയത്. 'വാഗര്‍ഥാവിവ സംപൃക്തൗ...പാര്‌വതീപരമേശ്വരൗ' (രഘുവംശം 1.1)ഓരോ അക്ഷരത്തിനും അര്‍ഥമുള്ളതായി ഏകാക്ഷരകോശത്തില്‍ നിന്നു മനസ്സിലാക്കാം. അതായത് ഓരോ അക്ഷരവും ഓരോ കപാലങ്ങളാണ്. സംസ്‌കൃതങ്ങളിലെ 52 അക്ഷരങ്ങളാകുന്ന കപാലങ്ങള്‍ ചേര്‍ത്തുകെട്ടിയ അക്ഷരമാലയെയാണ് വാസ്തവത്തില്‍ ഭദ്രകാളി അണിഞ്ഞിരിക്കുന്നത്.

പാണിനിയുടെ വ്യാകരണ സൂത്രങ്ങള്‍ക്ക് ഭാഷ്യമെഴുതിയ നന്ദികേശ്വരനും ഭദ്രകാളിയുടെ തലയോട്ടിമാല അക്ഷരമാലയാണെന്ന്  ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധിവിപര്യയമെന്ന് പറയട്ടെ, ഈ രഹസ്യകോഡ് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. ഭദ്രകാളിയുടെ രൂപഭാവങ്ങളും കൈകളിലുള്ള ആയുധങ്ങളുമെല്ലാം കൃത്യമായി സാധനാമേഖലകളിലെ ഓരോ കാര്യങ്ങളെ വെളിവാക്കുന്നതാണ്. ഭദ്രകാളിയുടെ കൈയിലുള്ള ത്രിശൂലം ജീവിതത്തില്‍ ഇച്ഛാശക്തി-ജ്ഞാനശക്തി-ക്രിയാശക്തി എന്നീ ശക്തിത്രയങ്ങളുടെ പ്രാധാന്യത്തെ പ്രതീകവല്‍ക്കരിക്കുമ്പോള്‍ പരിചയും വാളും യഥാക്രമം ജീവിതത്തില്‍ കടന്നുവരുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും അവയെ ഇല്ലാതാക്കുന്നതിനും ഉപാസകന് പ്രേരണയെ നല്‍കുന്നതാണ്. ഇങ്ങനെ അവനവന്റെ ഉള്ളിലുള്ള നൈസര്‍ഗികമായ വിചാരധാരകളെ ഉണര്‍ത്തി ജീവിതവിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവതയായ ഭദ്രകാളിയുടേത്. ഹിന്ദു ദേവതകളുടെ കൈയ്യിലുള്ള എല്ലാ ആയുധങ്ങളും ഒരർത്ഥത്തിലല്ലങ്കിൽ മറ്റൊരർത്ഥത്തിൽ മനുഷ്യമനസ്സിന്റെ വിഭിന്ന ഭാവങ്ങളെ പ്രകാശിപ്പിക്കുന്നതിനുള്ള നിഗൂഢമായ പ്രതീകങ്ങളാണ്.

ഈശ്വരനെ ഒരുതരത്തിൽ, തലത്തിൽ നോക്കിക്കാണാനും അതത് അവസ്ഥകളിലേക്ക് അനന്തമായ ഈശ്വരചൈതന്യത്തെ ഹൃസ്വമായ രീതിയിൽ ഉപയോഗിച്ച് ദൈനദിനജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യാനും അനിതരസാധാരണമായ ഐശ്വര്യത്തെ കൊണ്ടുവരാനും സാധിക്കും.

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ഐശ്വര്യം,  ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍. ‘


🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

No comments:

Post a Comment