Saturday, September 01, 2018

വിശാലമായ സമുദ്രത്തില്‍ നമ്മുടെ കേവലമായ അഹത്തെ ഒന്നു മുക്കുക.  അനന്തമായ ജ്ഞാനത്തില്‍ നാം മുങ്ങുകയും നമ്മുടെ അഹങ്കാരത്തിന്‍റെ വക്കുകള്‍ അതില്‍ അലിഞ്ഞ് ഇല്ലാതാകുകയും ചെയ്യും.  അറിവിനു പുറത്ത് നിന്നുകൊണ്ട് നാം എത്ര കോരിയെടുക്കാന്‍ ശ്രമിച്ചാലും നമ്മുടെ അഹങ്കാരത്തിന്‍റെ അളവുപാത്രത്തിന്‍റെ വക്കുകള്‍ക്കുള്ളിലെ അറിവ് സമഗ്രമാകുന്നില്ല.  കേവലമായ അഹത്തില്‍ നിറയുന്ന അറിവിനെ നമുക്ക് ഓരോരോ ശാസ്ത്രങ്ങളായോ ഓരോരോ ധാരണകളായോ എടുക്കാം. 

പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്രങ്ങളായാലും വ്യക്തികളെ കുറിച്ചുള്ള ധാരണകളായാലും അത് കേവലമായ അഹത്തില്‍ ഒതുങ്ങിയ അറിവാണെങ്കില്‍ അതൊന്നും പൂര്‍ണ്ണമല്ല. അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു.

വെള്ളം ഏതു രൂപത്തിലുള്ള പാത്രത്തില്‍ ഇരിക്കുന്നുവോ അപ്പോള്‍ വെള്ളത്തിന്‍റെ രൂപം അതായി കാണപ്പെടും.  വായു എല്ലാ സ്ഥലത്തും എല്ലാ രൂപത്തിലും നിറഞ്ഞിരിക്കുന്നു, ഏതു രൂപത്തിലുള്ള ബലൂണില്‍ കയറുന്നുവോ അത് അപ്പോള്‍ ആ രൂപത്തില്‍ കാണപ്പെടും.  അഗ്നിയും മണ്ണും ആകാശവും എല്ലാം അപ്രകാരംതന്നെയാണ് കാണപ്പെടുന്നത്.  അതായത് കാണപ്പെടുന്ന രൂപങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.  അപ്പോഴും സാക്ഷിയായ ഞാന്‍ മാറുന്നില്ല.  ഇനി നാം നമ്മുടെ സ്വന്തം ശരീരത്തെ നോക്കൂ.  സ്വന്തം പേരും ശരീരവും കളഞ്ഞിട്ട് എന്തുണ്ട് ബാക്കി?  'ഞാന്‍ ഞാന്‍' എന്ന ഒരു ധ്വനി മാത്രം ഉണ്ടല്ലേ?   ഈ ഞാന്‍ തന്നെയാണല്ലോ പല ശരീരങ്ങളില്‍ പല രൂപത്തില്‍ പല പേരുകളില്‍ വരുന്നത്.  രൂപം നശിക്കുമ്പോഴും ഞാന്‍ നശിക്കുന്നില്ല! ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവും ശരീരത്തിന്‍റെ മാത്രം  പരിണാമമാണ്.  ഞാന്‍ എപ്പോഴും ഒരേ നിലയില്‍ ഇവയ്ക്ക് സാക്ഷിയായി നില്‍ക്കുന്നതേയുള്ളൂ. ഭഗവാന്‍ പറയും- ''പാര്‍ത്ഥാ എനിക്കും നിനക്കും അനേകം ജന്മങ്ങള്‍ ഉണ്ടായിട്ടുണ്ട്.  എന്നാല്‍ നീ അതറിയുന്നില്ല, ഞാന്‍ അത് അറിയുന്നു.''

എന്താണ് തടസ്സം?  മനസ്സാണ് തടസ്സം!
നമ്മുടെ മനസ്സും വിചാരങ്ങളും അകന്നു നിന്നാല്‍ ഞാന്‍  അറിവായി.  മനസ്സും മനസ്സിലുള്ളതും പലരൂപത്തില്‍ അതിനെ സങ്കല്പിച്ചുകൊണ്ടിരിക്കുന്നതാണ് ജന്മങ്ങള്‍, നാമരൂപങ്ങള്‍.  സ്വപ്നത്തില്‍ എന്നില്‍ തന്നെ ഞാന്‍ ഉള്‍പ്പെടെ  എല്ലാം രൂപപ്പെട്ട് അനുഭവിക്കുംപോലെ.  ഈ മനസ്സിനെ അടക്കുവാനാണ് എല്ലാ സാധനകളും.
 ഓം...Krishnakumar.

No comments:

Post a Comment